ഗാന്ധിജിയെ നിഷ്പ്രഭനാക്കി സലിം കുമാർ

Glint Staff
Mon, 18-04-2016 03:20:28 PM ;

salim kumar

 

ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ ശാസ്ത്രം ഏതാണെന്നു ചോദിച്ചാൽ പലതും പലരുടേയും ഓർമ്മയിലെത്തും. ജനിതക പഠനവും നാനോ സാങ്കേതികവിദ്യയും ഒക്കെ. അതൊക്കെ സങ്കീർണ്ണം തന്നെ. ആ സങ്കീർണ്ണ മേഖലകളിലെയൊക്കെ നേട്ടങ്ങൾ, നേട്ടങ്ങളാകുന്നത് അത് മനുഷ്യനുമായി ബന്ധിക്കപ്പെടുമ്പോഴാണ്. അതു നിശ്ചയിക്കുന്ന ശാസ്ത്രമാണ് സാമൂഹ്യശാസ്ത്രം. എന്നാൽ ഏറ്റവും ലളിതമെന്നു തോന്നുന്ന ഒന്നുമാണ് സാമൂഹ്യശാസ്ത്രം. അതുകൊണ്ടാണ് ആർക്കും ആ മേഖലയിലേക്ക് കടന്നുവരാമെന്നുള്ള തോന്നലുള്ളതും കടന്നുവരുന്നതും. സിനിമാ താരങ്ങൾ ജനപ്രതിനിധികളാകുന്നതുമൊക്കെ അതിനാലാണ്. സാമൂഹ്യശാസ്ത്രം അല്ലെങ്കില്‍ രാഷ്ട്രമീമാംസ എന്നിവയെയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾക്ക് വേണ്ടത്ര അറിവില്ലാത്തതും ഇത്തരം തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ജനായത്ത സംവിധാനം അതിനും അവസരം ഒരുക്കുന്നു എന്നതാണ് ആ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യം.

 

ഇവിടെ, മാദ്ധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാകുന്നു. ജനാഭിപ്രായം ജനായത്ത സംവിധാനത്തിന്റെ കേന്ദ്രബിന്ദുവായിരിക്കെ ഈ അഭിപ്രായ രൂപീകരണത്തിന്റെ ആധാരശിലകള്‍ ഇന്നും മാദ്ധ്യമങ്ങളാണ്.  ആധികാരികതയുള്ള അഭിപ്രായങ്ങൾ ജനങ്ങളിലേത്തിക്കുക എന്നുള്ളതാണ് വ്യക്തികളുടെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുമ്പോൾ അവര്‍ നിർവഹിക്കേണ്ട കർത്തവ്യം. ആണവോർജ്ജത്തെക്കുറിച്ചും അതിന്റെ സാങ്കേതികതകളെക്കുറിച്ചുമുള്ള വിദഗ്ധ അഭിപ്രായം സോളാർ അഴിമതിക്കേസ്സിലെ സരിതയോട് ചോദിക്കുന്ന സാഹചര്യത്തിൽ വരെ മാദ്ധ്യമങ്ങൾ എത്തി നിൽക്കുന്നു എന്നത് ഒരു വശം.

 

സലിം കുമാർ നല്ല നടൻ തന്നെ. അതുകൊണ്ടു തന്നെയാണ് അദ്ദേഹം നടനായി തുടരുന്നത്. കഴിവില്ലെങ്കിൽ ആ രംഗത്തു പിടിച്ചു നിൽക്കാൻ പറ്റില്ല. സിനിമാരംഗവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ സലിം കുമാറിന്റെ അഭിപ്രായം ആ വിഷയം സംബന്ധിച്ചുള്ള അവബോധ സൃഷ്ടിക്ക് ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ സാമൂഹ്യശാസ്ത്ര സംബന്ധമായ ഒരു വിഷയം സംബന്ധിച്ച് സലിംകുമാറിന് അഭിപ്രായമുണ്ടാകും. അത് പൊതുവേദിയിലുൾപ്പടെ പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. എന്നാൽ, ഏപ്രിൽ 18ലെ മാതൃഭൂമി കൊച്ചി ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ വന്നിരിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒന്നാം പേജ് പരിഗണന ലഭിക്കുന്നതല്ല. ഒരു പത്രത്തിന്റെ ഒന്നാം പേജിൽ ഒരു വാർത്ത വരുമ്പോൾ ആ പത്രം ആ വാർത്തയെ എങ്ങനെ കാണുന്നു എന്ന പ്രസ്താവന കൂടിയാണ് അതിനോടൊപ്പമുളളത്.

 

ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാപിതാക്കൾ ബുദ്ധമതം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സലിം കുമാർ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ദളിതനായതിൽ അഹങ്കരിക്കണം എന്നാണ് അദ്ദേഹം ഓരോ ദളിതനോടും ആഹ്വാനം ചെയ്തിരിക്കുന്നത്. അതാണ് രാജ്യം നൂറ്റാണ്ടുകളായി നേരിടുന്ന ഒരു കൊടിയ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം കാണുന്ന വഴി. എന്തെളുപ്പം! സിനിമയിൽ തെമ്മാടിയുടെ സ്വഭാവം പ്രകടമാക്കുകയും വില്ലനെ ഇടിച്ചു വീഴ്ത്തുകയുമൊക്കെ ചെയ്യുന്ന നായകൻ സ്വാഭാവികമാണ്. ആ മാനദണ്ഡമാണ് സലിം കുമാർ ഈ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നതെന്നു തോന്നുന്നു. അതിൽ കുറ്റം പറയാനാവില്ല. രോഹിത്തിന്റെ അവസ്ഥയിൽ അദ്ദേഹത്തിന് സഹാനുഭൂതി ഉണ്ടാവുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഗുണാംശവുമാണ്.

 

തെമ്മാടിസ്വഭാവക്കാരനായ നായകനെക്കൊണ്ടുപോലും സംവിധായകൻ രണ്ടു സംസ്കൃത ശ്ലോകം ചൊല്ലിക്കാറുണ്ട്. അതിന്റെ കാരണം മനുഷ്യന്റെ ഉള്ളിൽ അറിവിനോടുള്ള അജ്ഞാതമായ വാഞ്ചയും ബഹുമാനവും കൊണ്ടാണ്. ആ ബഹുമാന്യത ശപ്പസ്വഭാവക്കാരനായ തന്റെ നായകന് കൊണ്ടുവരാനാണ് അത് ചെയ്യിക്കുന്നത്. അതിനുമുൻപുള്ളതൊക്കെ കൈയ്യടി വാങ്ങി സിനിമ ബോക്സ് ഓഫീസിൽ വിജയിപ്പിക്കാനും.

 

എന്തായാലും സലിം കുമാർ അറിഞ്ഞോ അറിയാതെയോ രാഷ്ട്രപിതാവ് ഗാന്ധിജിയെപ്പോലും തള്ളിപ്പറഞ്ഞിരിക്കുകയാണ്. സലിം കുമാറിന്റെ കാഴ്ചപ്പാടിൽ ഇന്ത്യ കണ്ട ഏറ്റവും ദുർബലനും ഭീരുവും ഗാന്ധിജിയായിരിക്കും. അങ്ങനെ അദ്ദേഹത്തിന് വിശ്വസിക്കുകയും ചെയ്യാവുന്നതാണ്. കേരളത്തിലെങ്കിലും രോഹിത്തിന്റെ അവസ്ഥ ഇവിടുത്തെ ദളിതർക്കില്ല. ഇതുവരെ അവർ എത്തിയത് അഹങ്കാരം കൊണ്ടല്ല. ദളിതൻ അഹങ്കാരം കാണിക്കുകയാണെങ്കിൽ സ്വതവേ അഹങ്കാരമുണ്ടെന്നു കരുതപ്പെടുന്ന സവർണ്ണന് എന്തു തോന്നണം. അപകർഷതാ ബോധമോ. അതോ കൂടുതൽ അഹങ്കാരമോ? പിന്നോക്കമുണ്ടെങ്കിൽ മുന്നോക്കം ഉണ്ടായേ തീരൂ, എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതം. സ്വയം ശക്തി തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറുമ്പോൾ മാത്രമേ ഏത് പിന്നോക്കമായ അവസ്ഥയിൽ കിടക്കുന്നവർക്കും മുന്നേറാൻ കഴിയൂ. അഹങ്കാരം കൊണ്ട് മുന്നേറിയ ഒരു സമൂഹത്തിന്റേയും കഥ ചരിത്രത്തിലില്ല. മഹാത്മാ അയ്യങ്കാളി ഓർക്കപ്പെടുന്നതും ഇന്നും അദ്ദേഹത്തിലേക്ക് നോക്കുന്നതും അഹങ്കാരത്തിന്റെ പേരിലല്ല. അഹങ്കാരം കൊണ്ട് നശിച്ച വ്യക്തികളുടേയും സമൂഹങ്ങളുടേയും കഥകളാകട്ടെ വേണ്ടുവോളവും.

 

സമൂഹത്തിൽ സംഘർഷത്തിന്റെ വിത്തുകൾ  വാരിവിതറാനും നിലവിലുള്ളതിനെ വർധിപ്പിക്കാനും മാത്രമേ ഇത്തരം പ്രസ്താവനകളും അവയ്ക്ക് അർഹിക്കാത്ത പ്രാധാന്യം നൽകുന്നതും സഹായിക്കുകയുള്ളു. സംഘർഷം  വിൽപ്പനാ മൂല്യമുള്ള വാർത്തകളെ സൃഷ്ടിക്കുമെന്ന പാശ്ചാത്യ മാദ്ധ്യമപ്രവർത്തന മാനദണ്ഡം ഇങ്ങ് കേരളത്തിലും പ്രചാരത്തിലായിട്ട് നാളേറെയായി. ഇന്ന് അതിന്റെ വിൽപ്പനാ മൂല്യം കുറഞ്ഞു വരുന്നു എന്നതും മാദ്ധ്യമങ്ങൾ തിരിച്ചറിയേണ്ടതാണ്.

Tags: