വിഷമാണെന്നറിയുന്നത് രക്ഷയാണ്. കാരണം വിഷത്തെ ഒഴിവാക്കാനുള്ള അവസരമുണ്ട്. അതുവഴി രക്ഷയും ഉറപ്പാണ്. എന്നാൽ അമൃതാണെന്ന് കരുതപ്പെടുന്നത് വിഷമാണെങ്കിൽ അവിടെ മരണം ഉറപ്പ്. ഇതുതന്നെയാണ് കേരളത്തിലെ ആദർശരാഷ്ട്രീയ ചരിത്രവും. കേരളത്തിലെ ചില പൈങ്കിളി മാധ്യമങ്ങൾക്ക് പ്രചാരം കൂട്ടാൻ പൈങ്കിളി ആവശ്യമായിരുന്നു. അതിന് അവർ ആദർശത്തെ കരുവാക്കി. അതിനവർ കണ്ടെത്തിയ വഴി രസകരം. തോൽച്ചെരുപ്പിട്ടു നിൽക്കുന്നവരുടെ കൂട്ടത്തിൽ റബറിന്റെ വളളിച്ചെരുപ്പിട്ടു നിൽക്കുന്നയാൾ ആദർശമൂർത്തി. അതിൽ തന്നെ വെള്ള തേഞ്ഞ് നീല കണ്ട ചെരുപ്പിടുന്നയാൾ മുട്ടൻ ആദർശവാദി. ആ വിനോദപരിപാടി നേതാക്കൾ പുത്തനുടുപ്പ് തയ്പിച്ച് കീറലുണ്ടാക്കി ഇട്ടു നടക്കുന്നതുവരെ കാര്യങ്ങളെ കൊണ്ടു പോയി. എന്തായാലും ഈ ആദർശധീരൻമാർ അതുപയോഗിച്ച് അധികാരത്തിന്റെ അത്യുന്നതങ്ങളിൽ വരെയെത്തി. അതിന്റെ പിന്തുടർച്ചക്കാരനാണ് കോൺഗ്രസ്സിലെ പുത്തൻ ആദർശത്തിന്റെ ആൾരൂപമായി സ്വയം വാർക്കാൻ ശ്രമം തുടങ്ങിയ കൊടുങ്ങല്ലൂർ എം.എൽ.എ ടി.എൻ പ്രതാപൻ. അദ്ദേഹം സുധീരന്റെ ആശീർവാദത്തോടെ ഒരു ആദർശ പ്രസ്താവനയിറക്കി. ചെറുപ്പക്കാർക്ക് അവസരം നൽകാൻ വേണ്ടി താൻ മത്സരിക്കുന്നില്ലെന്ന്. കയ്പമംഗലത്തിനു വേണ്ടി ശ്രമം നടത്തി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപൻ ഈ ആദർശ നിലപാടെടുത്തതെന്ന് ഏവർക്കുമറിയാവുന്നതാണ്. പക്ഷേ ഗാന്ധിജിയിൽ പോലും ആദർശം കുറവാണെന്നു സംശയിച്ചു പോകുന്ന വിധത്തിൽ ആദർശത്തെ കെട്ടിപ്പിടിക്കുന്ന വി.എം സുധീരൻ അതിൽ കണ്ട ആദർശം അങ്ങേയറ്റത്തതായിരുന്നു. പ്രതാപന്റേത് മാതൃകയാക്കാൻ അദ്ദേഹം യുവാക്കളോടും കോൺഗ്രസ്സിലെയും സി.പി.ഐ.എമ്മിലെയും കിഴവൻമാരോട് ആവശ്യപ്പെടുകയും ചെയ്തു.
എന്തായാലും പ്രതാപൻ മത്സരിക്കുന്നു. ആദർശ നേതാവിനു കിട്ടിയിരിക്കുന്ന മണ്ഡലം കയ്പമംഗലം. തനിക്ക് കയ്പമംഗലം തരണേയെന്ന് പ്രതാപൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു യാചനാക്കത്തയച്ചിരുന്നു. ആദർശം തലയ്ക്കു കയറി സംസ്ഥാന അധ്യക്ഷനു കൊടുത്ത കത്ത് പ്രതാപനും സുധീരനും പൊതുസമൂഹത്തില്‍ പരസ്യപ്പെടുത്തിയിരിക്കെയാണ് രാഹുൽ ഗാന്ധി തനിക്ക് കിട്ടിയ യാചനാക്കത്ത് വായിച്ചതെന്നത് രസകരം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സാമാന്യ ബോധത്തിന്റെ ഒരു നിലവാര സൂചിക കൂടി ഇതിലുണ്ട്. സാമാന്യ ബോധ്യം അത്ര സാമാന്യമല്ലെന്ന ചൊല്ല് എത്ര കൃത്യം.
ഈ ആദർശനേതാക്കൾ ഇപ്പോൾ കോൺഗ്രസ്സിലെ അഴിമതിക്കാർക്കെതിരെ നിലപാടെടുത്ത് ആദർശം പ്രതിഷ്ഠിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അഴിമതിക്കാരെന്ന് പരോക്ഷമായി പ്രത്യക്ഷമാക്കി തങ്ങളെ ആദർശരൂപങ്ങളാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. ആദർശത്തെ കപടായുധമാക്കി ജനങ്ങളുടെ നേർക്ക് പ്രയോഗിക്കുന്നതിനെക്കാൾ അഭിലഷണീയം നേരായുധത്തെ നേരിടുന്നതു തന്നെയാണ്. കാരണം അതിൽ നേരിടാനോ ഒഴിഞ്ഞുമാറാനോ അവസരമുണ്ട്. കപടായുധ പ്രയോഗത്തിൽ അപകടം ഉറപ്പാണ്.
ഇതൊക്കെയായിട്ടും ആദർശനേതാക്കളെ പൈങ്കിളി മാധ്യമങ്ങൾ ആദർശത്തിന്റെ ആൾരൂപപ്പട്ടത്തിൽ നിന്ന് മാറ്റാത്തതിന്റെ കാരണം ഇടവേളകളിലെ പൈങ്കിളികൾക്ക് അന്നം മുട്ടിപ്പോകും എന്ന ഭയത്താലാണ്. കാരണം എല്ലാവരും നാരങ്ങാവെള്ളം സ്ട്രായിട്ടു കുടിക്കുമ്പോൾ അതുപയോഗിക്കാതെ നേരിട്ട് ഗ്ലാസ്സു മോന്തിക്കുടിക്കുന്നത് പൈങ്കിളിയാക്കാൻ അപ്പോൾ മാത്രമേ സാധിക്കുകയുള്ളു. പ്രതാപന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇനിയൊരു ആദർശരൂപത്തേക്കൂടി താങ്ങാനുള്ള കെൽപ്പ് കേരളത്തിന്റെ ജനാധിപത്യമണ്ണിനു കമ്മിയാണ്. ജൈവത്തിന്റെയും നിലം നികത്തലിന്റെയുമൊക്കെ പേരിൽ പ്രതാപൻ കാണിക്കുന്ന തന്ത്രനീക്കങ്ങൾ അതിന് മാർക്കറ്റുള്ളതുകൊണ്ട് അത് വിൽക്കാം എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിത്തന്നെ. അരിയാഹാരം കഴിക്കുന്നവർക്ക് മറിച്ചൊരു സംശയം ഉണ്ടാകാനിടയില്ല.