സി.പി.ഐ.എമ്മിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ എക്കാലത്തെയും ദുർബ്ബല സ്ഥിതിയിലേക്ക് എത്തിപ്പെടുന്ന കാഴ്ചയാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തെളിഞ്ഞുവരുന്നത്. സി.പി.ഐ.എമ്മിനെ എതിർക്കുന്നവരും ആ പാർട്ടിയോട് ഒരു ബഹുമാനം കരുതിയിരുന്നു. ആശയതലത്തിലുള്ള പ്രാമാണിത്തമായിരുന്നു അതിന് കാരണം. എന്നാലിപ്പോൾ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏവരെയും മോശക്കാരാക്കിയാണ് സി.പി.ഐ.എം സ്വന്തം നില മെച്ചപ്പെടുത്താൻ നോക്കുന്നത്. ഇതു തുടങ്ങിയിട്ട് ദശാബ്ദങ്ങളായെങ്കിലും ഇപ്പോളത് പൊതുവേ അംഗീകരിക്കപ്പെട്ട അവസ്ഥയിലേക്ക് എത്തുകയും മറ്റു പാർട്ടികളേയും ഏത് നിലപാട് സ്വീകരിക്കുന്നതിനും ഒരു പരിധിവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.
സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാണുന്ന പ്രകടമായ ഒരു ഘടകമെന്നു പറയുന്നത് തങ്ങൾ മുറുകെ പിടിച്ചിരുന്ന ആശയങ്ങളിലും തത്വങ്ങളിലും അയഞ്ഞ് പിടിവിട്ട അവസ്ഥയാണ്. അതോടൊപ്പം ചേർത്തു കാണേണ്ട മറ്റൊരു വസ്തുതയാണ് കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ഉറച്ചു വിശ്വസിച്ച് മൂന്നാംമുന്നണി പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്ന ബി.ജെ.പി അവരുടെ ഹിന്ദുത്വ അജണ്ടയിൽ എക്കാലത്തേക്കാളും പിടിമുറുക്കുകയും ചെയ്യുന്നു എന്നത്. സി.പി.ഐ.എമ്മിന്റെ പഴയകാല പ്രഖ്യാപിത തത്വ സമീപനം വച്ചാണെങ്കിൽ അവർ ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതും ഇങ്ങനെയൊരവസരത്തിലാണ്. എന്നാൽ അതിനു പകരം അയ്യപ്പൻമാർക്ക് വിരി വച്ചും ജന്മാഷ്ടമി ആഘോഷിച്ചും ബാലഗോകുലം കളിച്ചുമൊക്കെയാണ് സി.പി.ഐ.എം പുതിയ തത്വപ്രയോഗങ്ങൾ പരീക്ഷിക്കുന്നത്.
പൈങ്കിളി സമീപനത്തിന് പൊതുവേ പേരുകേട്ടിരുന്നത് തെരഞ്ഞെടുപ്പ് ചിരിയിലൂടെ കോൺഗ്രസ്സുകാരും ഐക്യ ജനാധിപത്യ മുന്നണിയുമായിരുന്നു. അവരേക്കാൾ പൈങ്കിളി ആശ്രിതത്വമാണ് ഇപ്പോൾ സി.പി.ഐ.എം പ്രകടിപ്പിക്കുന്നത്. ഇന്നസന്റിനെ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ച് ജയിപ്പിച്ചതിന്റെ ഊർജ്ജത്തിലാണെന്ന് തോന്നുന്നു പരമാവധി സിനിമാ നടൻമാരെയും നടിമാരെയും തെരഞ്ഞെടുപ്പ് ഗോദായിലിറക്കാനുള്ള ശ്രമത്തിൽ പാർട്ടി ഏർപ്പെട്ടിരിക്കുന്നത്. മുകേഷ്, കെ.ബി. ഗണേഷ് കുമാർ, അശോകൻ, കെ.പി.എ.സി ലളിത തുടങ്ങി ഒരു താരനിര തന്നെയുണ്ട് ഇക്കുറി സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്ന പട്ടികയിലെ പേരുകളിൽ. അകാലമൃത്യു കലാഭവൻ മണിക്ക് സംഭവിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹവും ഒരുപക്ഷെ, സ്ഥാനാർഥിയാകുമായിരുന്നു. സിനിമാ താരങ്ങളെ പാകത്തിന് കിട്ടാതെ വന്നതിനെ തുടർന്നാകണം ടെലിവിഷൻ താരങ്ങളെയും സി.പി.ഐ.എം രംഗത്തിറക്കുന്നു.
പൊതുരംഗത്തെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ നിയമസഭയിൽ എത്തുന്നത് പ്രോത്സാഹിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ, വ്യാപകമായ രീതിയിൽ താര-സ്വതന്ത്ര സ്ഥാനാർഥിത്വങ്ങളെ ആശ്രയിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ഈ പ്രവണത ഒരു ചോദ്യം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി നേതാക്കളുടെ യോഗ്യതയ്ക്ക് നേരെയാണ് ആ ചോദ്യം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പാർട്ടിയിലൂടെയുള്ള പൊതുപ്രവർത്തനം തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയെ ബാധിക്കുമെന്ന് സി.പി.ഐ.എം കരുതുന്നുണ്ടോ എന്നതാണ് ചോദ്യം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യുവാക്കളെ കൂടുതലായി സ്ഥാനാർഥികളായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട ഒരു ജില്ലാ നേതാവ്, ഒപ്പം പാർട്ടിയുടെ വിദ്യാർഥി-യുവജന വിഭാഗങ്ങളിലെ നേതാക്കളെ പരിഗണിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തിരുന്നു.
ചേർത്തുവായിച്ചാൽ, തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതകളിൽ പാർട്ടിയിലെ പ്രവർത്തനം ഒരു ഘടകമാകുന്നില്ലെന്നു വ്യക്തം. ഇത് രണ്ട് ചോദ്യങ്ങൾ ഉയർത്തുന്നു. ഒന്ന്, പാർട്ടി നേതാക്കളുടെ പ്രവർത്തന രീതി എത്രത്തോളം ഫലപ്രദമാണ് എന്നുള്ളത്. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് നേതാക്കളിലേക്കും അണികളിലേക്കും യാന്ത്രികത കുടിയേറിയ സി.പി.ഐ.എമ്മിൽ നേതാക്കളെല്ലാം ഒരേ അച്ചിൽ വാർത്ത പോലെ തോന്നിച്ചാൽ അത്ഭുതമില്ല. ജൈവ പച്ചക്കറി കൃഷി നടത്തിയിട്ട് അതിന്റെ വിളവെടുപ്പ് ഉദ്ഘാടനത്തിന് ഫ്ലക്സ് അടിക്കുന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്ന ജൈവികതയുടെ ഒരു അടയാളം മാത്രം. ഇതിന്റെ തുടർച്ചയായി, ഇവർ പ്രവർത്തിക്കുന്ന പാർട്ടി സമൂഹത്തിൽ എത്രത്തോളം പ്രസക്തമായിരിക്കും എന്നുള്ളതാണ് അടുത്ത ചോദ്യം. പാർട്ടി നേതാക്കളുടെ വിജയ സാധ്യത സംശയത്തിൽ ആകുമ്പോൾ സ്വഭാവികമായും പാർട്ടിയുടെ തന്നെ വിജയ സാധ്യതയാണ് യഥാര്ത്ഥത്തില് സംശയത്തിൽ ആയിരിക്കുന്നത്. എതുവിധേനെയും അധികാരം നേടിയെടുക്കാൻ സി.പി.ഐ.എം കിണഞ്ഞു ശ്രമിക്കുന്നതിന്റെ കാരണവും അധികാരത്തിലൂടെ സാമൂഹിക പ്രസക്തി നിലനിർത്തുക എന്നതുതന്നെയാണ്.
ആശയങ്ങളിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിയാത്ത സ്ഥിതി എങ്ങനെയുണ്ടായി എന്ന ചിന്ത പക്ഷെ, സി.പി.ഐ.എമ്മിലില്ല. നഷ്ടപ്പെട്ട ആശയ പ്രാമാണിത്തം വീണ്ടെടുക്കാനുള്ള അന്വേഷണങ്ങളുമില്ല. നവ ഉദാര ഉപഭോക്തൃ മുതലാളിത്തം ഒരു വശത്തും വർഗ്ഗീയ രാഷ്ട്രീയം മറുവശത്തും സമൂഹത്തിൽ പിടി മുറുക്കുമ്പോൾ രണ്ടിനെതിരെയും സി.പി.ഐ.എമ്മിന് മുദ്രാവാക്യങ്ങളുണ്ട്. എന്നാൽ, പ്രവൃത്തിയിൽ മുതലാളിത്തത്തോട് സന്ധി ചെയ്തും വർഗ്ഗീയ പ്രീണനം നടത്തിയും അധികാരം നേടാൻ ശ്രമിക്കുമ്പോൾ, പരിഹാരമാകേണ്ടതിന് പകരം പ്രശ്നം വഷളാക്കുക മാത്രമാണ് പാർട്ടി ചെയ്യുന്നത്. ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനോടുള്ള സി.പി.ഐ.എമ്മിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നു. കാടിനെ കേവലം ചൂഷണം ചെയ്യേണ്ട വിഭവമായി കാണുന്ന മുതലാളിത്ത മനസ്സും മത വോട്ടുബാങ്കും ഒരു വശത്ത് നിന്നപ്പോൾ അവർക്കൊപ്പം അണിനിരക്കാൻ പാർട്ടിയ്ക്ക് വൈമനസ്യം ഒന്നുമുണ്ടായില്ല.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ച പോലെ, അല്ലെങ്കിൽ ചാലക്കുടിയിൽ വിജയിച്ച പോലെ ഇനിയും വിജയങ്ങളും ഒരുപക്ഷെ, അധികാരം തന്നെയും ഈ നിലപാട് സി.പി.ഐ.എമ്മിന് നൽകിയേക്കും. എന്നാൽ, സമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള നേതൃത്വപരമായ ഉത്തരവാദിത്വത്തിൽ നിന്നുള്ള പിൻനടത്തയാണ് സി.പി.ഐ.എം ഇപ്പോൾ ചെയ്യുന്നത്. മാത്രവുമല്ല, ഈ പൈങ്കിളി തത്വപ്രയോഗം സംഭവിക്കുന്നത് ബി.ജെ.പിയും ബി.ഡി.ജെ.എസ്സും ചേർന്ന് മൂന്നാം മുന്നണി രൂപീകൃതമായി കേരളത്തിലെ രാഷ്ട്രീയം നിർണ്ണായകഘട്ടത്തിലൂടെ തിരിഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്. ആശയപരമായി കേരളം നൂലുപൊട്ടിയ പട്ടം പോലെ പറക്കുന്ന സമയത്തുമാണ് ഇത് നടക്കുന്നത്. കുട്ടികളുടെ മാസികയിലെ ഒരു സാങ്കൽപ്പിക കഥാപാത്രമായ ഡിങ്കന്റെ പേരിൽ മതവും അതിന്റെ വിപുല സമ്മേളനവും കോഴിക്കോട്ട് അരങ്ങേറിയത് കാണിക്കുന്നത് കേരളം ഒരു സാമൂഹിക തമാശയായും മാറുന്നു എന്നുള്ളതാണ്. ആ സാമൂഹിക തമാശയുടെ പ്രയോഗതലമായേ താരങ്ങളെ അണിനിരത്തി രാഷ്ട്രീയ പോരാട്ടത്തിന് സി.പി.ഐ.എം തയ്യാറെടുക്കുന്നതിനെ കാണാൻ കഴിയുകയുള്ളു. സി.പി.ഐ.എം നേതൃത്വം ചുംബന സമരം ആദ്യം ഏറ്റെടുത്തതുപോലെ ചിലപ്പോൾ ഡിങ്കമതവും ഏറ്റെടുത്തു കൂടായ്കയില്ല. ഡിങ്കമതാദ്ധ്യക്ഷന്മാരാകാൻ പാകത്തിലുള്ള ഒട്ടേറെ നേതാക്കളും ഇന്ന് ആ പാർട്ടിയിലുണ്ട് എന്നുള്ളതും യാഥാർഥ്യം.