ശ്രീ ശ്രീയുടെ യമുനാ കൂട്ടായ്മ വെറും മെഗാ ഷോ

Glint Staff
Thu, 10-03-2016 01:56:00 PM ;

sri sri ravishankar world cultural festival at yamuna

 

ദില്ലിയില്‍ യമുനയുടെ തീരത്ത് മാർച്ച് 11 വെള്ളിയാഴ്ച ആരംഭിക്കുന്ന ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്കാരിക ഉത്സവം മറ്റൊരു മെഗാ ഷോ മാത്രം. അത് ആദ്ധ്യാത്മിക കൂട്ടായ്മയോ സാംസ്കാരിക കൂട്ടായ്മയോ ആകുന്നില്ല. മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാണ്.

 

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്ന പ്രതിഭാസമാണ് ത്രിവേണി സംഗമത്തിലെ കുംഭ മേള. എന്നാൽ അവിടെയെത്തുന്ന ഓരോ വ്യക്തിയും ആൾക്കൂട്ടത്തിലേക്കല്ല വരുന്നത്. വ്യക്തിപരമായി ഗംഗാ സ്നാനം ചെയ്ത് പുണ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് അവിടെ ജനങ്ങള്‍ എത്തുന്നത്. അതുകൊണ്ടാണ് ഹാവാഡ് മാനേജ്‌മെന്റ് സ്കൂളുകാർക്കും മറ്റ് പടിഞ്ഞാറന്‍ വിദഗ്ദ്ധര്‍ക്കും അതിശയവും മനസ്സിലാകായ്മയുമൊക്കെ ഉണ്ടായത്. ഇത്രയും വലിയ ഒരു സംഭവം എങ്ങനെ മാനേജ് ചെയ്യപ്പെടുന്നു എന്ന അതിശയം. അവിടെ മാനേജ്‌മെന്റിന്റെ ആവശ്യം വരുന്നില്ല. കാരണം ആൾക്കൂട്ടമല്ല വരുന്നത്. വ്യക്തിയാണ്. അതുകൊണ്ടു തന്നെ ആൾക്കൂട്ടത്തിന്റെ ആരവമല്ല വ്യക്തിയിൽ, മറിച്ച് ആൾക്കുട്ടത്തിൽ വ്യക്തിയുടെ മൗനമാണ് തെളിയുന്നത്. ആ മൗനം ത്രിവേണിയിൽ ഒരൊറ്റ ദിവസം മൂന്നു കോടി ജനം വരുമ്പോഴും അനുഭവപ്പെടും.

 

കുംഭമേള അവിടെയെത്തുന്ന ഓരോ വ്യക്തിയേയും സംബന്ധിച്ച് സത്സംഗവും കൂടിയാണ്. സത്സംഗമാണ് ഭാരതീയ സംസ്കാരത്തിലെ ആദ്ധ്യാത്മികതയുടെ മുഖമുദ്ര. അല്ലാതെ ജനക്കൂട്ടമല്ല. ഗുരുവും ശിഷ്യനും തമ്മിലുള്ള മൗനത്തിലൂടെയുൾപ്പടെയുള്ള സംവേദനവും അനുഭവത്തിലൂടെയുള്ള ഒന്നാവലുമാണ് സത്സംഗത്തിൽ നടക്കുന്നത്. ഈ ഗുണം നശിക്കാതെ അത് ശക്തമായി അനുഭവപ്പെടുന്ന വിധമാണ് ജനസഞ്ചയം നിറയുന്ന കുംഭമേള പോലുള്ള മേളകളും. അവിടെ പങ്കെടുക്കുന്നവരുടെ മേളനം നടക്കുന്നതിനാലാണ് മേള എന്നു പറയുന്നത്. ഓരോ വ്യക്തിയും പങ്കെടുക്കുകയാണ്. അല്ലാതെ കാഴ്ചക്കാരനോ കേൾവിക്കാരനോ ആവുന്നില്ല. അതുപോലെ ഒരു മിത്തും പശ്ചാത്തലമായി ഉണ്ടാകും. അതിനകത്തായിരിക്കും ആ സത്സംഗത്തിന്റെ സത്തയെ പൊതിഞ്ഞു വച്ചിരിക്കുക. സംശയം ഒട്ടും വേണ്ട, പ്രപഞ്ചോത്പത്തി മുതൽ മനുഷ്യന്റേയും അവന്റെ ജീവിതത്തിന്റേയും സത്യാന്വേഷണത്തിലേക്ക് വ്യക്തിയുടെ കണ്ണു തുറപ്പിക്കാൻ ഉതകുന്നതായിരിക്കും അവ. മനുഷ്യനെ, അവൻ എത്ര നിരക്ഷരനാണെങ്കിലും, തത്വത്തിലേക്ക് നയിക്കുന്ന സത്സംഗം. എല്ലാവരും അവിടെ എത്തുന്നത് ഒരേ ലക്ഷ്യവുമായി. അതു കണ്ടിട്ടാണ് ടീംവർക്കിന് കളികളിലൂടെ സങ്കേതങ്ങൾ തിരഞ്ഞ് ടീം ഉണ്ടാക്കാൻ ശ്രമിക്കുന്ന മാനേജ്‌മെന്റെ സങ്കൽപ്പങ്ങളിൽ ഉറച്ചു പോയ ഹാവാഡ് മാനേജ്‌മെന്റ് വിദഗ്ധർക്ക് കുഭമേളയുടെ നടത്തിപ്പ് വിസ്മയമാകുന്നതും. ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൽ പ്രയോഗിച്ച രാഷ്ട്രീയവും കുംഭമേളയുടേതാണെന്ന് ഒന്നോർത്തുനോക്കിയാൽ മനസ്സിലാകും.

 

ഏഴേക്കർ സ്ഥലത്ത് നിർമ്മിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേജിൽ ഒരു കലാരൂപ പ്രകടനത്തിനു തന്നെ ആയിരത്തിയഞ്ഞൂറും രണ്ടായിരവും പേര് പങ്കെടുക്കുന്ന ലോക സാംസ്കാരിക ഉത്സവം  ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ അവാര്‍ഡ് നൈറ്റിന്റെയോ റിയാലിറ്റി ഷോയുടേയോ തലത്തിലേക്ക് ഉയർന്നേക്കാം. കുംഭമേള സമയത്ത് ഒരു ദിവസം മൂന്നു കോടി ജനം വരെ വന്നിട്ടും പ്രയാഗിലെ ത്രിവേണിക്ക് ക്ഷതമേൽക്കുന്നില്ല. ശ്രീ ശ്രീ രവിശങ്കറുടെ മേള സൃഷ്ടിക്കുന്ന ആഘാതം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനത്തിന് തന്നെ 120 കോടി രൂപ വേണ്ടിവരുമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതി കണക്കാക്കിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയം ഈ പരിപാടിയ്ക്ക് അനുമതി നൽകുക വഴി അതിന്റെ പ്രധാനം ഉദ്ദേശ്യം തന്നെ മറന്നു പോയെന്ന് ട്രിബ്യൂണൽ അഭിപ്രായപ്പെടുകയുണ്ടായി. അതിന്റെ പേരിലാണ് ശ്രീ ശ്രീ രവിശങ്കർ മേളയുടെ ട്രസ്റ്റിന് അഞ്ചു കോടി രൂപ ചുമതല നിര്‍വ്വഹിക്കാത്തതിന് ദില്ലി വികസന അതോറിട്ടിക്ക് അഞ്ച് ലക്ഷം രൂപയും ദില്ലി മലിനീകരണ നിയന്ത്രണ സമിതിയ്ക്ക് ഒരു ലക്ഷം രൂപയും ട്രിബ്യൂണൽ പിഴ വിധിച്ചത്.

 

യമുന ദില്ലിയിലെത്തുമ്പോൾ തന്നെ മലിനീകരണം നിമിത്തം മരിച്ച അവസ്ഥയിലാണ്. അതിന്റെ കൂടെ ശ്രീ ശ്രീ രവിശങ്കർ മെഗാ ഷോ പണ്ട് കാളിയൻ ചെയ്ത പരിപാടിയിലേർപ്പെടുകയാണ്. മുപ്പത്തിയഞ്ചു ലക്ഷം ജനം അവിടെയെത്തി ഒന്നു തുപ്പിയാൽ തന്നെ ഉണ്ടാകുന്ന മലിനീകരണം ഓർത്തു നോക്കുക. സായുധ സേനയുടെ കാർമ്മികത്വത്തിലാണ് യമുനയ്ക്ക് കുറുകെ പരിപാടിയ്ക്ക് വേണ്ടിയുള്ള പാലം നിർമ്മാണം. കാളിയൻ അതിരുവിട്ടപ്പോൾ കാളിയനെ ഒതുക്കാൻ കൃഷ്ണൻ ചെയ്തത് നൃത്തത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ഐതിഹ്യത്തിന്റെ പൊരുൾ ഓർക്കേണ്ടതിപ്പോഴാണ്. സർക്കാരായിരുന്നു കൃഷ്ണന്റെ ഭാഗം എടുക്കേണ്ടിയിരുന്നത്. എന്നാൽ കാളിയന് പാലു കൊടുക്കുന്നതായിപ്പോയി കേന്ദ്ര സർക്കാരിന്റെ നടപടി.

 

കാഴ്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുകളും മലിനമാകുന്നതാണ് എല്ലാവിധ ഭൗതിക മാലിന്യങ്ങളും അടിഞ്ഞുകൂടാൻ കാരണം. അത് ഇപ്പോഴത്തെ ദില്ലിയിലെ യമുനയിലേക്ക് നോക്കിയാലും അറിയാൻ കഴിയും. ആ നിലയ്ക്ക് ഭാരതീയ സംസ്കാരത്തേയും ആദ്ധ്യാത്മികതയുടെ സത്തയേയും വികലമാക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നതാണ് ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ഈ മെഗാ സ്റ്റേജ് ഷോ. ഇത് ഭാരതീയ സംസ്കാരത്തെക്കുറിച്ച് വിരുദ്ധവും വികലവുമായ സന്ദേശം ഭാരതത്തിലുളളവരിലേക്കും പുറത്തുള്ളവരിലേക്കും പ്രവഹിപ്പിക്കും. പണശേഷിയുള്ള മറ്റ് ആൾദൈവക്കൂട്ടായ്മകളും ഇനി ഇത്തരം മെഗാഷോകളിലേക്ക് തിരിയുകയും ചെയ്യും. ഫാസ്റ്റ് ഫുഡ് മൂക്കിനേയും നാവിനേയും വല്ലാതെ ആകർഷിക്കും. രുചിയും തോന്നും. ആ രുചിയുടെ പിന്നാലെ പോകുന്നവർ ക്രമേണ അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇരയാകും. ഇതു തന്നെയാണ് ഫാസ്റ്റ് ഫുഡ് സ്പിരിച്വാലിറ്റിയുടെ കാര്യത്തിലും സംഭവിക്കുന്നത്.

 

ഫാസ്റ്റ് ഫുഡ് രുചി തനത് രുചിയെ ഇല്ലായ്മ ചെയ്ത് വിദേശ കമ്പനികളുടെ മരുന്നു കമ്പോളം വികസിപ്പിക്കുന്നു. ആ ശക്തികൾ തന്നെയാണ് ഫാസ്റ്റ് ഫുഡ് സ്പിരിച്വാലിറ്റി ബിസിനസ്സിന്റേയും പിന്നിലുള്ളത്. ജനം അറിയാതെ ആദ്ധ്യാത്മികതയുടെ വഴിയിലൂടെ തനത് സംസ്കാരത്തിൽ നിന്നും യഥാർഥ ആദ്ധ്യാത്മികതയിൽ നിന്നും അകറ്റി നിക്ഷിപ്ത താൽപ്പര്യ വിപണികൾക്ക് ഏതു വിധം  വേണമെങ്കിലും വിനിയോഗിക്കാൻ പാകത്തിൽ  ബഹുജനത്തെ മാറ്റിയെടുക്കുകയാണ് ഇവിടെ. ഇത് സാംസ്കാരികമല്ല. അതുകൊണ്ടു തന്നെ സാംസ്കാരിക വിരുദ്ധവും.

Tags: