Skip to main content

Saritha,bijuramesh,keralam_nowകേരളം നേരിടുന്ന മുഖ്യപ്രശ്‌നം ജനാധിപത്യം നേരിടുന്ന ജീര്‍ണ്ണതയാണ്. നവോത്ഥാനാരംഭത്തിന് മുന്‍പുണ്ടായിരുന്ന ജീര്‍ണ്ണത അങ്ങേയറ്റം നീതി നിഷേധത്തിന്റേതും അസമത്വങ്ങളുടേതുമായിരുന്നെങ്കിലും മനുഷ്യ സംസ്‌കാരത്തോടു ചേര്‍ന്നു നിന്നിരുന്ന ഒട്ടേറെ ഘടകങ്ങള്‍ അപ്പോള്‍ പോലും അവശേഷിച്ചിരുന്നു. പല സാമൂഹിക അനീതകളും ഒരു വ്യവസ്ഥിതിയുടെ ഭാഗമായാണ് തുടര്‍ന്നു പോന്നത്. ആ ജീര്‍ണ്ണതയിലും പ്രകൃതിയോട് ബഹുമാനത്തോടെ പെരുമാറിയതിന്റെ ഫലമാണ് ഇത്രയും നാശോന്മുഖമായിട്ടും കേരളത്തിലെ പ്രകൃതി ഇവ്വിധമെങ്കിലും നില നില്‍ക്കുന്നത്. സാമൂഹികമായിരുന്നു അന്നത്തെ ജീര്‍ണ്ണത. ഇന്നിപ്പോള്‍ സാമൂഹികമായി മനുഷ്യ വംശത്തിനു പോലും ലജ്ജാകരമായ ജീര്‍ണ്ണാവസ്ഥയില്‍ സാമൂഹിക കേരളം എത്തി നില്‍ക്കുന്നു. ജനാധിപത്യത്തിലെ ഈ സാമൂഹിക ജീര്‍ണ്ണതയുടെ ഫലമായി പ്രകൃതിയും ജീര്‍ണ്ണിച്ച് വിഷലിപ്തവും അഴുകിയതുമായി മാറിയിരിക്കുന്നു. ഇതില്‍ നിന്നുള്ള മോചനസാധ്യത വളരെ വിദൂരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ വര്‍ത്തമാനകാലം. 
വ്യഭിചാരത്തെ ഉപാധിയാക്കിക്കൊണ്ട് പൊതുരംഗത്തെ നിയന്ത്രിക്കുന്ന ഒരു സ്ത്രീയും മദ്യത്തെ ഒഴുക്കി സമ്പത്ത് കുമിച്ചുകൂട്ടിയ വിഭാഗവും കേരള സാമൂഹിക രംഗത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അഴിമതി എന്നത് ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത വിധമായിരിക്കുന്നു. വ്യഭിചാരത്തിന് മാന്യതയും കൈവന്നിരിക്കുന്നു. 
ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷവും പരിണമിച്ചിരിക്കുന്നു എ്ന്നുള്ളതാണ് കേരളത്തിന്റെ സമീപ ഭാവി ഇരുള്‍ മൂടിയതായി അനുഭവപ്പെടുത്തുന്നത്. വര്‍ത്തമാനം ഭാവിയെ പ്രവചിക്കാന്‍ പര്യാപ്തമാണ്. കേരളം താമസിയാതെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഒരു സമൂഹം ഏറ്റവും ആരോഗ്യകരമായ ചര്‍ച്ച നടത്തേണ്ട അവസരമാണ് ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പു വേള. കേരളം കണ്ടുട്ടുള്ളതില്‍ വച്ച് ഏററവും അറപ്പുളവാക്കുന്ന വിധമുള്ള സാമൂഹികാന്തരീക്ഷവും വിഷയങ്ങളുമായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പു കാലം. അതില്‍ നിന്നു തന്നെ കേരളം എവിടെയാണ് നില്‍ക്കുന്നതെന്നറിയാന്‍ അത് ധാരാളമാണ്.