Skip to main content

Chennai Floodചെന്നെയിലെ പ്രളയ ദുരന്തത്തിന്‍റെ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമാകാനിരിക്കുന്നതേ ഉളളു. വളരെ ഉപരിപ്ലവമായ ദുരന്തക്കാഴ്ചകള്‍ മാത്രമാണ് നാം ടെലിവിഷനിലൂടെ കാണുന്നത്. കാരണം യഥാര്‍ഥ ദുരന്തയാഥാര്‍ഥ്യങ്ങളിലേക്ക് മാധ്യമങ്ങള്‍ക്കും എത്തിപ്പെടാന്‍ കഴിയുന്നില്ല. എത്ര പേര്‍ മരിച്ചുവെന്നു പോലും ഇപ്പോള്‍ തിട്ടപ്പെടുത്തുക പ്രയാസം. മരിച്ചവരെ എങ്ങിനെ എവിടെ മറവു ചെയ്യും എന്നുള്ളത് ആലോചിക്കുമ്പോഴാണ് ഈ പ്രളയം മനുഷ്യനെ ഒരു നിമിഷം ജീവിതത്തേക്കുറിച്ചും ജീവനെക്കുറിച്ചുമൊക്കെ ചിന്തിപ്പിക്കുന്നത്. മരിച്ചവരെ മറവുചെയ്യാന്‍ കഴിയാതെ വരുന്ന പക്ഷം അഥവാ മൃതദേഹങ്ങള്‍ ഒഴുകുകയും അഴുകുകയും ചെയ്യുമ്പോഴുണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ വരുംദിവസങ്ങളെ കൂടുതല്‍ നിര്‍ണ്ണായകമാക്കുന്നു. കുടിവെള്ളക്ഷാമവും ഭക്ഷണമില്ലായ്മയും വൈദ്യസഹായലഭ്യതയില്ലായ്മയും എല്ലാം കൂടിച്ചേരുമ്പോഴാണ് ആ അവസ്ഥ വരുംദിവസങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.

     നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണിത്. ഇതിനെ പ്രകൃതി ദുരന്തം എന്ന് വിളിക്കുന്നത് ശരിയല്ല. കാരണം ഈ ദുരന്തം മനുഷ്യനിര്‍മ്മിതമാണ്. ചെന്നെ നഗരത്തിനു പുറത്തും മഴ പെയ്യുന്നുണ്ട്. പക്ഷേ നഗരദുരന്തം അവിടെ കാര്യമായി ബാധിച്ചിട്ടില്ല. വികസനം എന്നാല്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുക എന്ന ധാരണയില്‍ ചെന്നൈ നഗരം വികസിച്ചതാണ് അക്ഷരാര്‍ഥത്തില്‍ ഈ നഗരം മുങ്ങിമരിക്കാന്‍ കാരണമായത്. തമിഴ്‌നാടിന് പുറത്ത് ഒരു ചൊല്ലു പോലുമുണ്ട്. തമിഴ്‌നാട്ടില്‍ വികസനത്തിന്‍റെ കാര്യം വരുമ്പോള്‍ അവിടെ ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും എല്ലാം ഒറ്റക്കെട്ടാണ്. ഏത് അനുമതിയും കിട്ടും. അതിന് ചില വ്യവസ്ഥാപിത അനൗദ്യോഗിക മാമൂലുകള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയാകും. തമിഴ്‌നാട്ടുകാരെ കണ്ടു പഠിക്കേണ്ടത്താണെന്നു പോലും കേരളത്തിലെ ചില രാഷ്ട്രീയപ്രവര്‍ത്തകരും വികസനപ്രേമികളും പറയാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്നു ചെന്നൈ പ്രളയത്തില്‍ മുങ്ങിയിരിക്കുന്നത് അഴിമതിയില്‍ ആ നാട് മുങ്ങിയതിന്‍റെയും ജനായത്ത സംവിധാനത്തിന് സീമകളില്ലാതെ ജീര്‍ണ്ണിക്കാമെന്ന വസ്തുതയുടെയും തെളിവാണ്.

      നഗരാസൂത്രണം എന്നത് അവിടുത്തെ ചില രാഷ്ട്രീയക്കാരുടെ തൃപ്തിയില്‍ മാത്രം ഒതുങ്ങുന്നു.അവരുടെ തൃപ്തിക്കനുസരിച്ചാണ് നഗരം വികസിച്ച് വലിയൊരു റിസര്‍വോയര്‍പോലെ ആയത്. എല്ലാ തോടുകളും ആറുകളും ഒന്നുകില്‍ നികത്തപ്പെട്ടു, അല്ലെങ്കില്‍ ഒഴുക്കുനിലച്ച് മരിച്ച അവസ്ഥയില്‍. ശീതീകിരച്ച അംബരചുമ്പികളായ കെട്ടിടസമുച്ഛയങ്ങള്‍ പോരായ്മകളെ മറികടക്കുമെന്ന് കരുതപ്പെട്ടു.ചെന്നൈ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന അതേ ദിവസം അതായത് ഡിസമ്പര്‍ മൂന്നിന് കേരളത്തിലും മന്ത്രിസഭ ചെന്നൈ മോഡല്‍ വികസനത്തിന് ഉതകുന്ന തീരുമാനം കൈക്കൊണ്ടു. ബഹുനില ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനിമുതല്‍ കേരളാ കെട്ടിട നിര്‍മ്മാണ് ചട്ടങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് തീരുമാനിച്ചുകൊണ്ട്. അതാകട്ടെ സങ്കുചിതമായ ചില തല്‍ക്കാല കാര്യസാധ്യതയ്ക്കുവേണ്ടിയാണെന്ന് വ്യക്തം. ഫ്ലാറ്റ് നിര്‍മ്മാണക്കാരുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം ഡി ജി പി ജേക്കബ് തോമസ്സിന്‍റെ പോരാട്ടത്തെ നേരിടാനുള്ള മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും. സുരക്ഷാകാരണങ്ങള്‍ ചട്ടങ്ങളനുസരിച്ച് പാലിക്കപ്പെടാത്തതിന്റെ പേരിലാണ് ചില ഫ്‌ളാറ്റ് നിര്‍മ്മാണക്കാര്‍ക്ക് നോട്ടീസ് നല്‍കിയതും ചിലര്‍ക്ക് അനുമതി നിഷേധിച്ചതും. അത് രാജ്യത്തിന്‍റെ വികസനത്തെ തടയുന്നതാണെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ്സിനെ ആ സ്ഥാനത്തു നിന്നു മാറ്റിയത്. തെറ്റ് ചെയ്യാതിരുന്നിട്ടും പരസ്യമായി തന്നെ അകാരണമായി ഇകഴ്ത്തിക്കാണിക്കുന്ന വിധം മുഖ്യമന്ത്രി പെരുമാറിയെന്ന് കാണിച്ചുകൊണ്ട് നിയമനടപടികളുമായി ജേക്കബ് തോമസ് പോകാനൊരുങ്ങതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ ഇത്തരത്തില്‍ തീരുമാനമെടുത്തത്.

   തമിഴ്‌നാടിന്‍റെതില്‍ നിന്നും വളരെ വ്യത്യസ്ഥ ഘടനയുള്ള ഭൂപ്രദേശമാണ് കേരളം. വികസനത്തെ മറയാക്കി അല്‍പ്പബുദ്ധിയില്‍ മാത്രം ശരിയെന്നു തോന്നുന്ന തീരുമാനങ്ങളെടുത്തുപോയാല്‍ ചെന്നെയിലുണ്ടായതിനേക്കാള്‍ വലിയ ദുരന്തങ്ങളായിരിക്കും കേരളത്തിനും ഏല്‍ക്കേണ്ടിവരിക.