പ്രേമമെന്ന സെല്ലുലോയിഡ് വൈകൃതം

Sat, 06-06-2015 10:26:00 PM ;

കേരളത്തിലെ പുതിയ വിശേഷം പ്രേമം സിനിമയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് റിസര്‍വ് ചെയ്താല്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു. റിസര്‍വേഷന്‍ ഇല്ലാത്ത ക്ലാസ്സുകളിലേക്കുള്ള ടിക്കറ്റിന് കുടുംബസമേതം ആള്‍ക്കാര്‍ അഞ്ചും ആറും മണിക്കൂറുകള്‍ വരെ ക്യൂ നില്‍ക്കുന്നു. അഭൂതപൂര്‍വ്വമായ വിജയം കണ്ട് കൂടുതല്‍ പേര്‍ കാണാന്‍ മുന്നിട്ടിറങ്ങുന്നു. ഇത്രയും വിജയം നേടണമെങ്കില്‍ മലയാളസിനിമാലോകത്ത് സംഭവിച്ചത് അത്ഭുതം തന്നെയെന്ന് കരുതിയാണ് മിക്കവരും സാഹസത്തിലൂടെ ടിക്കറ്റ് സംഘടിപ്പിച്ച് പ്രേമം കാണാന്‍ തുനിഞ്ഞിറങ്ങുന്നത്. സിനിമയായ നിലയ്ക്ക് പ്രേമത്തെക്കുറിച്ചുള്ള അഭിപ്രായം സിനിമാ നിരൂപണവിഭാഗത്തിലാണ് കൊടുക്കേണ്ടത്. എന്നാല്‍ ഇത് സിനിമാ നിരൂപണത്തില്‍ ഒതുങ്ങതല്ല. കാരണം ഇത് കേരളത്തിന്റെ അവസ്ഥയെ വിളിച്ചറിയിക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള വിഷയമായി ഈ സിനിമ മാറുന്നു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും വൃത്തികെട്ട സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്നതാണ് പ്രേമം. സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ചമച്ചിരിക്കുന്ന വൈകൃതം എന്നേ ഈ സിനിമയെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളു. ഇവിടെ ആലോചനാ വിഷയമാകുന്നത് ഈ സിനിമ അഭൂതപൂര്‍വ്വമായ എന്തുകൊണ്ട് കേരളത്തില്‍ വിജയം കൊയ്യുന്നു എന്നതാണ്. സ്വയം മനുഷ്യനാണെന്ന് തിരിച്ചറിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ സിനിമ കാണാന്‍ ഇരുന്നുകൊടുക്കുക അങ്ങേയറ്റം അപമാനകരമാണ്. മനുഷ്യനെന്ന ആത്മാഭിമാനത്തെ തിരസ്‌കരിച്ചുകൊണ്ടാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. അതിനാല്‍ മലയാളിയുടെ ആത്മാഭിമാനം എത്രത്തോളം ഇടിഞ്ഞില്ലാതായിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. മനുഷ്യന്റെ ആത്മാഭിമാനത്തെ അംഗീകരിക്കാത്ത അതിനെ അപമാനിക്കുന്ന ഒരു സിനിമയെ ഒരു സമൂഹം വിജയിപ്പിക്കുന്നുവെങ്കില്‍ മനസ്സിലാക്കേണ്ടത് ആ സമൂഹത്തിന്റെ ആത്മാഭിമാനവും ഇല്ലാതായിരിക്കുന്നു എന്നാണ്. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകത്തെ തെല്ലും ഈ സിനിമ പരിഗണിക്കുന്നില്ല. സമൂഹവും അത്തരത്തിലായിരിക്കുന്നു എന്നുള്ള ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ അള്‍ഫോണ്‍സ് പുത്രന്റെ കണ്ടെത്തല്‍ അസ്ഥാനത്തായില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം സനിമ കലാമാധ്യമമാണ്. അതിന് ചില ഘടകങ്ങള്‍ ആവശ്യമാണ്. അതു വേണ്ട എന്നുള്ള പ്രഖ്യാപനവും അതിന്റെ വിജയവും പ്രേമം സ്ഥാപിക്കുന്നതിലൂടെ മലയാളിയുടെ മനുഷ്യനെന്ന അസ്ഥിത്വത്തിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യത്വഗുണം സാമൂഹികമായി നിലനിനല്‍ക്കുന്നതിനാലാണ് മനുഷ്യരുടെയിടയില്‍ ചില ലൈഗിംഗ മര്യാദകളും അതിന്റെയടിസ്ഥാനത്തില്‍ ബന്ധങ്ങളും വൈകാരികതകളും നിലനില്‍ക്കുന്നത്. മൃഗലോകത്ത് അതില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന അഗമ്യഗമനങ്ങളുടേയും ഉറ്റ ബന്ധക്കള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനവാര്‍ത്തകളും വരുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. അത് മലയാളി സമൂഹത്തിന്റെ രോഗാവസ്ഥയെത്തന്നെയാണ് കാണിക്കുന്നത്. ആ രോഗാവസ്ഥ നല്‍കുന്ന വിജയമാണ് പ്രേമം സിനിമയുടെ വിജയം. ആ സിനിമയില്‍ ഇല്ലാത്തതും പ്രേമം മാത്രമാണ്. തുടക്കം മുതല്‍ ഒടുക്കംവരെ മദ്യപാനവും പുകവലിിയും കൊണ്ട് നിറച്ചിരിക്കുന്നു. അതിനിടയില്‍ ഏതോ ലഹരി ഉപയോഗിച്ചതിനുശേഷമുള്ളതു പോലെയുള്ള സംഭാഷണങ്ങളും, അതേ അവസ്ഥയില്‍ എഡിറ്റിംഗ് നിര്‍വഹിച്ചതുപോലുളള രംഗങ്ങളും കൊണ്ട് നിറച്ചിരിക്കുകയും ചെയ്യുന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ നീണ്ട നിര വര്‍ധിക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗവും പ്രേമം സിനിമയുടെ വിജയത്തിനു കാരണമാക്കിയ രോഗത്തിന്റെ ശക്തമായ ലക്ഷണങ്ങള്‍ തന്നെ.

Tags: