പാര്ട്ടി കോണ്ഗ്രസും ഒളിമ്പിക്‌സ് മോഹവും

Wed, 15-04-2015 06:18:00 PM ;

21 st part Congress CPIMഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നുള്ളത് മോഹമെന്ന നിലയില്‍ നല്ലതാണ്. അതനുസരിച്ച് തയ്യാറെടുപ്പ് വേണം. അതു സംഭവിക്കുമെങ്കില്‍ ഒളിമ്പിക്‌സില്‍ വിജയം അസാധ്യമല്ല. മനസ്സിന്റേയും ശരീരത്തിന്റേയും ഒരേ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് അതിനാല്‍ ഒളിമ്പിക്‌സ് വിജയത്തെ വിലയിരുത്താം. എന്നാല്‍ ആരോഗ്യത്തെ കാര്‍ന്നുതിന്ന് മരണത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന രോഗത്തെ തിരിച്ചറിയാന്‍ കാഴിയാതെ സ്വന്തമായി എഴുന്നേറ്റുനില്‍ക്കാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയില്‍ അങ്ങിനെയുള്ളവര്‍ പ്രാഥമികമായി ചിന്തിക്കേണ്ടത് രോഗമെന്തെന്ന് കണ്ടെത്തുകയും അതിനുള്ള ഫലപ്രദമായ ചികിത്സ തേടി ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുക എന്നതാണ്. അതിനു ശേഷമാണ് കായികശേഷി വര്‍ധനയേക്കുറിച്ചും നേട്ടങ്ങളേക്കുറിച്ചുമൊക്കെ ചിന്തിക്കേണ്ടത്. അല്ലാത്ത പക്ഷം അകാലത്തില്‍ ആയസ്സറ്റുപോകാനേ അതു കാരണമാവുകയുള്ളു. വിശാഖപട്ടണത്ത് ഏപ്രില്‍ 14ന് ആരംഭിച്ച  സി.പി.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടനപ്രസംഗം ഈ അവസ്ഥാവിശേഷത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അതേ സമയം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട സംഘടനാ റിപ്പോര്‍ട്ടില്‍ രോഗ ലക്ഷണങ്ങള്‍ അക്കമിട്ടു പറയുന്നു. വലിയ എക്‌സ് റേയും സ്‌കാനിംഗുമൊന്നുമില്ലാതെ തന്നെ ഒരു ശരാശരിക്കാരനുപോലും രോഗമെന്തെന്ന് കണ്ടെത്താനും അതുനുള്ള പ്രതിവിധി നിര്‍ണ്ണയിക്കാനും പ്രയാസമുണ്ടാവില്ല. മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി യശ്ശശരീരിനായ ജ്യോതി ബസു പറഞ്ഞതുപോലെ ചരിത്രപരമായ വിഡ്ഡിത്തത്തിന്റെ ആവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ഇത്തരം അവസ്ഥകളിലൂടെ സി പി എം പ്രകടമാക്കുന്നത്. യുവജന സംഘടനകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ കണക്ക വളരെ കൃത്യമായി കൊടുത്തിട്ടുണ്ട്. അതുപോലെ നഷ്ടപ്പെട്ട ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് ഏഴിന നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതും പ്രകടമാക്കുന്നത് രോഗലക്ഷണത്തിന്റെ വ്യത്യസ്തമായ ഓരോ മുഖങ്ങള്‍ മാത്രം. മൊത്തത്തില്‍ ലക്ഷണങ്ങള്‍ നല്‍കുന്ന സൂചന കാലഹരണപ്പെട്ടതിന്റെയാണ്. സ്വാഭാവികമായും ആ പ്രക്രീയയുടെ ഭാഗമായി നില്‍ക്കുകയും അതിന് ആക്കം കൂട്ടുകയും ചെയ്യുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയില്ല. അത് കാലഹരണപ്പടല്‍ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളിലൊന്നാണ്. ജ്യോതി ബസു അതിനെ മുന്‍കൂട്ടി കണ്ട് ചരിത്രപരമായ ബ്ലണ്ടര്‍ എന്ന് പറഞ്ഞുവെന്നേയുള്ളു.

          പതിവില്‍ നിന്നും അല്‍പ്പം മാറി ഇക്കുറി കണ്ട പാര്‍ട്ടികോണ്‍ഗ്രസ്സില്‍ കണ്ട പ്രത്യേകത വിദേശ പ്രതിനിധികളുടെ സാധാരണ സാന്നിദ്ധ്യമില്ലായ്മയും പകരം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഉദ്ഘാന സമ്മേളനത്തിലേക്ക് ക്ഷണിച്ചതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വലതുപക്ഷവത്ക്കരണത്തിനെതിരായി വിശാല ഇടപതപക്ഷ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഊന്നിക്കൊണ്ടുള്ള പ്രകാശ് കാരാട്ടിന്റെ ഉദ്ഘാനപ്രസംഗത്തിലെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് സംഗതികളെ എത്തിക്കുന്നതിനുള്ള ലക്ഷ്യബോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിനെ കാണാവുന്നതാണ്. അപ്പോഴാണ് ഉദ്ഘാടനവേളയിലെ പ്രസംഗത്തിനു ശേഷം ആര്‍.എസ്.പിയുടെ ദേശീയ സെക്രട്ടറി അബനി റോയിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. കേരളത്തില്‍ ആര്‍.എസ്.പി ഭരണമുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് വരാനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മുപ്പത്തിമൂന്നുകൊല്ലം  ഇടതുപക്ഷത്തിനോടൊപ്പം നില്‍ക്കുന്ന, ഇപ്പോഴും ദേശീയ തലത്തില്‍ അങ്ങിനെ തുടരുന്ന ആര്‍. എസ്. പിയെ ഇടതുപക്ഷത്തു ചേര്‍ത്തു നിര്‍ത്തുന്നതില്‍ സി.പി.എം നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് കഴിഞ്ഞില്ല. എങ്ങനെ ആര്‍. എസ്.പി കേരളത്തില്‍ ഇടതുപക്ഷ മുന്നണി വിട്ടു എന്നുള്ളതിനെക്കുറിച്ച് പഠനം നടത്തിയാല്‍ പോലും സി.പി.എം മൊത്തത്തില്‍ നേരിടുന്ന രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനാകും. സി.പി.എമ്മിന്റെ സംഘടനാ സവിശേഷത വ്യക്തികള്‍ തങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കപ്പെടുന്ന വ്യക്തി അപ്രമാദിത്വമാണ് ഈ പാര്‍ട്ടിയുടെ കാലഹരണപ്പെടല്‍ രോഗത്തിന്റെ മുഖ്യലക്ഷണമായി കാണുന്നത്. അതുകൊണ്ടാണ് സി. പി.എമ്മെന്നല്ല കേരളാ കോണ്‍ഗ്രസ്സില്‍ പോലും നടക്കാാന്‍ അനുവദിക്കപ്പെടാത്ത വിധമുള്ള പരസ്യമായ അച്ചടക്ക ലംഘനങ്ങളിലും മറ്റും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ ഉള്‍പ്പെടുന്നത്. വ്യക്തിയും പാര്‍ട്ടിയും ,പാര്‍ട്ടിയും നേതൃത്വവും, നേതൃത്വവും നേതാവും എന്നിവ തമ്മിലുള്ള സൂക്ഷ്മ ബന്ധങ്ങളും പ്രസക്തികളും അറിയാന്‍ കഴിയാതെ പോയ ആത്മാവായിപ്പോയി പ്രകാശ് കാരാട്ട് എന്നുള്ളതാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അതിന്റെ ജനറല്‍ സെക്രട്ടറിപദത്തിലിരുന്ന പ്രകാശ് കാരാട്ടിനു പറ്റിപ്പോയത്. പ്രകാശ് കാരാട്ട് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയാകുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായതുപോലും ആ പാര്‍ട്ടി പത്തുവര്‍ഷം മുന്‍പ് അനുഭവിച്ചുതൂടങ്ങിയ ജീര്‍ണ്ണതയുടെ തുടക്കമായിരുന്നു എന്ന് കണ്ടറിയാന്‍ വലിയ പ്രയാസമുണ്ടാകില്ല. പശ്ചിമ ബംഗാളില്‍ തകര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ അവശേഷിക്കുന്ന കേരളത്തിലേയും ത്രിപുരയിലേയും ഗതിയാണ് സംഘടനാ റിപ്പോര്‍ട്ടിലൂടെ പ്രകടമായത്. കേരളത്തിലെ ചാനല്‍ ചര്‍ച്ചയെയാണ് പ്രകാശ് കാരാട്ട് വേദിയില്‍ കയറുമ്പോള്‍ അനുസ്മരിപ്പിക്കുന്നത്. അദ്ദേഹം പറയാന്‍പോകുന്നതെന്താണെന്ന് അദ്ദേഹത്തെ കേള്‍ക്കാനിരിക്കുന്നവര്‍ക്ക് വളരം വ്യക്തമായി മുന്‍കൂട്ടി അറിയാന്‍ കഴിയും. ആവര്‍ത്തനം പതിയത് ഇല്ലാതെ വരുമ്പോഴാണ്. പുതിയ കോശങ്ങളുടെ നിര്‍മ്മിതി ശരീരത്തില്‍ ജീവനെ ഉറപ്പാക്കുന്നു എന്നതുപോലെയാണ് ഏതു രംഗത്തും പതുമയുടെ പ്രസക്തി. അല്ലെങ്കില്‍ പുതിയ ഒരു നീക്കത്തിന്റേയും ആവശ്യമില്ല. അതുകൊണ്ടാണ് ആവര്‍ത്തനം മരണ തുല്യമെന്ന് കരുതപ്പെടുന്നത്. മരിച്ചവയാണ് ജീര്‍ണ്ണതയിലേക്ക് നീങ്ങുന്നത്. ഇരുപത്തിയൊന്നാം പാര്‍ട്ടികൊണ്‍ഗ്രസ്സിലെ പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ അരോചകമായ ആവര്‍ത്തനത്തിന്റേതായിരുന്നു.

Tags: