നിലനില്‍പ്പ് ഭീഷണിയിലാകുമ്പോള്‍ ഏതു ജന്തുക്കളെപ്പോലും മനുഷ്യന്റെ മുന്‍പിലും ആ ഒററ പ്രശ്‌നം മാത്രമേ ഉണ്ടാവുകയുളളു. നിലനില്‍പ്പിനപ്പുറത്ത് ജീവിതത്തെ തേടുന്ന പ്രകൃതിയാണ് മനുഷ്യനുള്ളത്. എന്നാല്‍ പലരും ധനമാണ് എല്ലാത്തിന്റെയും പരിഹാരം എന്ന നിലയില്‍ കാണുന്നത്. നിലനില്‍പ്പ് ഭീഷണിയില്‍ നിന്നുണ്ടാകുന്ന അസുരക്ഷിതത്വത്തില്‍ നിന്നാണ് അത്തരമൊരു മാനസികാവസ്ഥ ഉണ്ടാകുന്നത്. അവര്‍ ആജീവനാന്തം ആ ശ്രമത്തില്‍ ഏര്‍പ്പെട്ട് സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അവര്‍ മലപോലെ ധനം വാരിക്കൂട്ടിയാലും.അത്തരക്കാര്‍ക്ക് തങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ നിന്ന് പിന്മാറാനും പറ്റുന്നില്ല, അതേ സമയം മനോസുഖം കിട്ടുന്നതുമില്ല. അവര്‍ ഒരററത്ത് ധനം വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴും മനുഷ്യന്‍ എന്ന നിലയില്‍ ദാരിദ്ര്യം അനുഭവിക്കുകയാണ്. ഈ ദാരിദ്ര്യമാണ് അത്തരക്കാരെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ നിന്ന് ഒട്ടും മാറാതെ മനോസുഖം തേടി ആള്‍ദൈവങ്ങളുടെ കാല്‍ക്കലെത്തിക്കുന്നത്.
ആള്‍ദൈവക്കോട്ടകള്‍ കോടാനകോടികള്‍കൊണ്ട് നിറഞ്ഞുകവിയുന്നതിന്റെ കാരണവും അതാണ്. ആ്ള്‍ദൈവങ്ങള്‍ ആദ്യം ചെയ്യുന്നത് ആതുരാലയങ്ങള്‍ സജ്ജമാക്കുക. പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളിലേക്കും അവര്‍ കടക്കുന്നു.പിന്നെ പരസ്യമായി വാരിക്കോരി ദാനം ചെയ്യുന്നു. എന്താണ് ആധ്യാത്മികത എന്നറിയാത്ത ഇന്ത്യന്‍ മാധ്യമ ലോകം ഇത്തരം ആള്‍ദൈവങ്ങളെ യഥാര്‍ഥ ദൈവങ്ങളാക്കി മാ്‌ററുന്നു. ആള്‍ദൈവ സ്ഥാപനങ്ങള്‍ നല്ല പരസ്യവരുമാന സ്രോതസ്സുകൂടിയാകുമ്പോള്‍ ആള്‍ദൈവങ്ങളുടെ പരിവേഷം കൂടുതല്‍ വികസിക്കുന്നു.
ബലാത്സംഗക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ദേറാ സച്ചാ സൗദാ ആള്‍ദൈവം ഗുര്‍മീദ് റാം റഹിമിന്റെ ശിക്ഷ വിധിക്കാനായി ഹരിയാനയിലെ റഹ്‌തോക് ജയിലില്‍ സജ്ജമാക്കിയ സി ബി ഐ കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിരത്തിയ ന്യായം ഇതായിരുന്നു. ഗുര്‍മീദ് റാം റഹിം വളരെയധികം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളായതിനാല്‍ ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ഇളവു കാണിക്കണമെന്നായിരുന്നു. ആള്‍ദൈവമാകട്ടെ കോടതിക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. നാല്‍പ്പതിലധികം യുവതികളെ ഈ ആള്‍ദൈവം ബലാല്‍സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.സ്വന്തം പെണ്‍മക്കളെപ്പോലും ആള്‍ദൈവത്തിന്റെ ലൈംഗികവൈകൃതത്ത്വത്തിന് എറിഞ്ഞുകൊടുക്കുന്ന ഭക്തര്‍. അദ്ദേഹത്തിനെതിരെ കൊലപാതകക്കേസ്സുകളും നിലനില്‍ക്കുന്നുണ്ട്. അല്‍പ്പമനസ്സുകളുടെ അജ്ഞതയെ മുതലെടുക്കുകയാണിവര്‍ ചെയ്യുന്നത്.
ഇത്തരം ആള്‍ദൈവ കേന്ദ്രങ്ങളെല്ലാം പ്രാഥമികമായി ആധ്യാത്മികതയുമായി ബന്ധമില്ലാത്ത ഇടങ്ങളാണ്. ആധ്യാത്മികതയെ അവര്‍ കപടമായി ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സ്വാധീനം സത്യാന്വേഷണമാണ്.സാധാരാണക്കാരനെ സംബന്ധിച്ചിടത്തോളം ദൈവത്തെ അന്വേഷിക്കല്‍. അല്‍പ്പബുദ്ധികള്‍ക്ക് അന്തക്കരണം തുറക്കില്ല.അതുകൊണ്ടാണവര്‍ അല്‍പ്പബുദ്ധികളായി തുടരുന്നത്.ധനത്തെ കാണുന്നതുപോലെ അവര്‍ക്ക് ദൈവത്തെയും കാണുന്നതിലാണ് വിശ്വാസം. ധനത്തിലൂടെ ദൈവത്തെയും വാങ്ങാനുള്ള അല്‍പ്പബുദ്ധികളുടെ ശ്രമം.എന്തെങ്കിലും മാജിക്കോ കോപ്രായങ്ങളോ കാട്ടി അതിമാനുഷികത്വം അവകാശപ്പെട്ടുകൊണ്ടാണ് ആള്‍ദൈവ അരങ്ങേറ്റം. തുടക്കത്തില്‍ അവരുടേതായ ഗുണ്ടാസംഘങ്ങളും ഉണ്ടാകും. ക്രമേണ അനുചരവൃന്ദവും ധനശക്തിയും കൂടുന്നതനുസരിച്ച് അവര്‍ സാമൂഹ്യപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിക്കുന്നു. പിന്നീടങ്ങോട്ട് അധികാരത്തിലുള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതൃത്വത്തേയും ഉപയോഗിച്ച് അവര്‍ വിശാലമായ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അനുചരവൃന്ദം കൂടുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അവരെ തള്ളാനും പറ്റില്ല. കാരണം അത് വോട്ട് ബാങ്കാകുന്നു. പിന്നെ ഈ ആള്‍ദൈവങ്ങളുടെ പിന്നാമ്പുറങ്ങളില്‍ കാത്തുകെട്ടിക്കിടക്കാനും അവര്‍ തയ്യാറാകുന്നു. പണക്കൊഴുപ്പില്‍ തളച്ചു വളര്‍ന്നിട്ടുള്ള എല്ലാ ആള്‍ദൈവക്കമ്പനികളുടെയും കാര്യം ഇതു തന്നെ.
വസ്തുതകളെ യഥാര്‍ഥമായി അവതരിപ്പിക്കാന്‍ ത്രാണിയുള്ള മാധ്യമങ്ങള്‍ രാജ്യത്തുണ്ടെങ്കില്‍ ഇപ്പോള്‍ സംഘടിത അധോലോകസമമായി പ്രവര്‍ത്തിക്കുന്ന പല ആള്‍ദൈവക്കോട്ടകളും തകര്‍ന്നടിയും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അതിനുള്ള ശേഷി വര്‍ത്തമാന ഇന്ത്യയിലില്ല. കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ കൊടിയ കുറ്റകൃത്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നടന്നാലും അതു പിടിക്കപ്പെടാതെയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെയും പോകുന്നത് ഇത്തരം ആള്‍ദൈവങ്ങളുടെ കാല്‍ക്കല്‍ വീഴുന്നവര്‍ രാഷ്ട്രീയ-ഭരണ-നീതിന്യായ സംവിധാനങ്ങളില്‍ ഉള്ളതിനാലാണ്.അതെല്ലാം സാധ്യമാകുന്നതും ഇവരുടെ സാമൂഹ്യസേവന മുഖത്തിന്റെ മറവിലാണ്.