അടിനിക്കർ - ബൽട്ട് - ഉമ്മ - ലഡു - നിയമസഭ

Glint Staff
Fri, 13-03-2015 11:54:00 AM ;

 

സമൂഹത്തിൽ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങൾക്ക് വേണ്ടി പൊതുവേ പരിഗണിച്ചുപോരുന്ന പല സംവേദന ശീലങ്ങളുണ്ട്. അവ വ്യക്തിയുടെ മന:ശ്ശാസ്ത്രവുമായി പ്രതിപ്രവർത്തിച്ച് വ്യക്തിയിൽ ചില വൈകാരികതകളുണ്ടാക്കുന്നു. മനുഷ്യവർഗ്ഗത്തിൽ മാത്രമാണ് ഇത്തരം സംവേദന ശീലങ്ങൾ പ്രവർത്തിക്കുകയുളളു. അത് മനുഷ്യനിൽ മനനശേഷിയുള്ള മനസ്സിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ്. ഇത്തരം ചില പൊതു സംവേദനശീലങ്ങൾ സാമൂഹികമായ പെരുമാറ്റങ്ങളില്‍ പണ്ഡിതനേയും പാമരനേയും ഒരേപോലെ നിയന്ത്രിക്കുന്നു. ലജ്ജ, വൈമനസ്യം, ഔചിത്യം എന്നിവയൊക്കെ ഇങ്ങനെ വ്യക്തിയിൽ വന്നു സംഭവിക്കുന്നതാണ്. ഇങ്ങനെയുള്ള വൈകാരിക ശീലങ്ങളിൽ വ്യക്തിക്കും സമൂഹത്തിനും ആവശ്യമായ ചില മൂല്യങ്ങളെ ഗോപ്യമായി വിന്യസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമ്പൂർണ്ണമായും വിവസ്ത്രമായി നടക്കാൻ ഇപ്പോഴും ആൾക്കാർ മടിക്കുന്നത്. ആ നഗ്നത കാണിക്കാൻ ഇപ്പോൾ മടിയില്ലാതായി വന്നുകൊണ്ടിരിക്കുന്നതും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്.

 

സമൂഹം പൊതുവേ അംഗീകാരം നൽകാത്തത് പരസ്യമായി കാണിക്കുന്നതിനോട്‌ ഈ അടുത്ത കാലം വരെ വ്യക്തികളിൽ ചില വൈകാരിക തടസ്സശീലങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു വ്യഭിചാരാദികൾ. ഇപ്പോൾ അതും ഗ്ലാമറിന്റെ ഭാഗമായി മാറുന്നു. അത്തരം പ്രവൃത്തികൾ തുറന്നു പറഞ്ഞ് താരപദവികളിലേക്ക് വ്യക്തികൾ ഉയരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അത്തരം താരങ്ങളെ ഉൾപ്പെടുത്തി ചാനലുകൾ ഇടയ്ക്കിടെ പരിപാടികൾ നടത്തി അവർക്ക് കൂടുതൽ അംഗീകാരവും കുപ്രസിദ്ധിക്ക് പകരം പ്രശസ്ത്രിയും നേടിക്കൊടുക്കുന്നു. അവർ ചെല്ലുന്നിടത്ത് ആളുകള്‍ അവരുടെ ആട്ടോഗ്രാഫിനായി കാത്തു നിൽക്കുന്നു. വ്യഭിചാരവുമായി ബന്ധപ്പെട്ട് സമൂഹത്തെ സ്വാധീനിച്ചിരുന്ന ചില മൂല്യങ്ങൾ ഇവിടെ പുതിയ തലത്തിലേക്ക് മാറുന്നു. കളവിന്റെ കാര്യവും ഇതുപോലെയാണ്. കളവ് രഹസ്യമായി നടത്തുന്നത് ഇപ്പോൾ പരസ്യമായി നടത്താമെന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ സംവേദന ശീലം എത്തിക്കഴിഞ്ഞിരിക്കുന്നു. ഇക്കൂട്ടത്തിൽ ഒന്നുകൂടി ഓർക്കാം. തലയിൽ മുണ്ടിട്ടുകൊണ്ട് മുൻപ് കള്ളുഷാപ്പിൽ കയറിയിരുന്ന മലയാളിയുടെ അന്തസ്സിന്റെ ഭാഗമായി മാറിയിരിക്കുന്നു ഇപ്പോള്‍ മദ്യപാനവും ബീവറേജസ്സിന്റെ മുന്നിൽ ക്യൂ നിൽക്കുന്നതും. അഴിമതിയുടെ കാര്യവും ഇതുപോലെ തന്നെ.

 

പുതിയ സംവേദന ശീലങ്ങൾ, അഥവാ ആംഗലേയത്തിൽ പറഞ്ഞാൽ സെൻസിറ്റിവിറ്റി, എല്ലാം നല്ലതാകണമെന്നില്ല. അത്തരം കുറേ പുതുമകൾക്ക് ഈ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ആ സംവേദന ശീലത്തിന്റെ കരുത്തിലാണ് ഈ സർക്കാർ നിലനിൽക്കുന്നത് തന്നെ. ആ അനുഭവത്തിന്റെ വെളിച്ചത്തിലാകണം ബാർ കോഴ ആരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം മാണിക്ക് മന്ത്രിസഭയിൽ തുടരാനും 2015-16ലെ ബജറ്റ് അവതരിപ്പിക്കാനും കരുത്തു പകർന്നത്. കാരണം, ഇതിനേക്കാൾ ചെറിയ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രിമാരും മന്ത്രിമാരും രാജിവെച്ച കീഴ് വഴക്കങ്ങളുണ്ടായിരുന്ന കേരളത്തിൽ മാണിയുടെ മുന്നിലുണ്ടായിരുന്നത് പുതിയ കീഴ്വഴക്കങ്ങളായിരുന്നു.

 

2015-16ലെ ബജറ്റ് ഒരു കാരണവശാലും നിയമസഭയിൽ അവതരിപ്പിക്കാൻ മാണിയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. അതിൽ അവർ വിജയിച്ചു എന്നു തന്നെ പറയാം. പക്ഷേ ആ വിജയം ജനായത്ത സമരത്തിലെ സഹന രീതിയിലുള്ളതോ അല്ലെങ്കിൽ ജനായത്ത മൂല്യങ്ങളോട് ചേർന്നു നിൽക്കുന്നതോ ആയ രീതിയിലൂടെയുള്ള പ്രതിഷേധത്തിലൂടെയല്ല. നിയമസഭയ്ക്കകത്ത് കേരളത്തിന്റെ തലമുതിർന്ന ജനപ്രതിനിധികൾ കാട്ടിയത് ഒരു പരിഷ്കൃതതസമൂഹത്തിനും യോജിച്ചതായില്ല. സ്പീക്കറുടെ ഇരിപ്പടം എടുത്തെറിഞ്ഞപ്പോൾ ജനായത്ത സംവിധാനത്തിന്റെ മൂലക്കല്ലിൽ ഇളക്കം തട്ടുന്നത് അനുഭവപ്പെടുകയായിരുന്നു. അതു മാത്രമല്ല, അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു മുന്നിലെ കംപ്യൂട്ടറും മറ്റു ഉപകരണങ്ങളും ഒരു ജനപ്രതിനിധി ബോധപൂർവ്വം എടുത്തു നശിപ്പിക്കുമ്പോൾ അദ്ദേഹം അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങളെ ഓർത്തില്ല. അതുപോലെ തന്നെ ഇത്രയും ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ തെരുവിലെ മത്സരം പോലെ നിയമസഭയിലെ ബജറ്റവതരണത്തെ മാറ്റിയ ഭരണപക്ഷവും പുതിയ സംവേദന ശീലത്തിന് കളമൊരുക്കുകയായിരുന്നു. കെ.എം മാണി ബജറ്റിന്റെ ഏതാനും ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ സഭയിൽ ഭരണപക്ഷാംഗങ്ങൾ ലഡു വിതരണം ചെയ്ത് കേരളീയരുടേയും ലോകത്തിന്റേയും മുന്നിൽ അതും വായിൽ വച്ച് ഗോഷ്ടികൾ കാണിച്ച് ആഘോഷിക്കുകയുണ്ടായി. മാണി വായിച്ചു നിർത്തിയപ്പോൾ തന്നെ ലഡുവിതരണവും നടന്നു. കൂട്ടത്തിൽ മാണിക്ക് ഉമ്മയും. ആഘോഷം കരുതിത്തന്നെയാണ് അവരും സഭയിലെത്തിയത്. യഥാർഥത്തിൽ ഭരണപക്ഷം വിജയിച്ചപ്പോൾ ഇവിടെ ദയനീയമായി പരാജയപ്പെട്ടത് പാർലമെന്ററി ജനാധിപത്യവും അതിന്റെ ചില ഒഴിച്ചുകൂടാനാകാത്ത സംവേദന ശീലങ്ങളുമാണ്. വേണമെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ വിജയിക്കുകയും ജനായത്ത സംവിധാനം പരാജയപ്പെടുകയും ചെയ്ത കരിദിനമായി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ 2015 മാർച്ച് 13 വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്താവുന്നതാണ്. ചില പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത് അത്യാവശ്യം നല്ല ഇറക്കമുള്ള ട്രൗസറുപോലുള്ള അടിവസ്ത്രം ധരിച്ചും മുണ്ട് ബൽറ്റുകൊണ്ട് മുറുക്കിക്കെട്ടിയിട്ടുമാണ്. അതായത് മുണ്ടുരിഞ്ഞ് പോകുംവിധമുള്ള അക്രമസംഭവങ്ങള്‍ക്ക് മുൻകൂട്ടിയുള്ള തയ്യാറെടുപ്പോടെ. മാതൃകയാവേണ്ടവർ പുതിയ മാതൃക കാണിച്ചുകൊടുത്തുകൊണ്ട് പുതിയ സംവേദന ശീലത്തിലേക്ക് കേരളത്തെ നയിക്കുന്നു. കേരളീയരുടെ ജീവിതത്തെ സമാധാനത്തോടും സന്തോഷത്തോടും മുന്നോട്ടു നയിക്കാൻ പറ്റുന്ന നിയമനിർമ്മാണങ്ങൾ ഈ സഭയിൽ നിന്ന് കേരളീയർക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും. നിലവിൽ ബുദ്ധിമുട്ടുതന്നെ.

Tags: