വാലന്റൈൻ ആണായിരുന്നോ അതോ പെണ്ണായിരുന്നോ എന്നുപോലുമറിയാതെ നല്ലൊരു ശതമാനം പേര്‍ ഫെബ്രുവരി പതിനാല് പ്രണയദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ വാലന്റൈൻ ദിനം കമ്പോളത്തിന് സമ്മാനിക്കുന്നത് ഇരുപത്തിരണ്ടായിരം കോടി രൂപയുടെ കച്ചവടമാണ്. റോസ്സാപ്പൂക്കൾ തുടങ്ങി മുന്തിയ രത്നങ്ങൾ വരെയുണ്ട് പ്രണയിതാക്കൾക്ക് പരസ്പരം സമ്മാനിക്കാൻ. പ്രണയം ഇങ്ങനെ കൊട്ടിഘോഷിച്ചിട്ടും ആഘോഷിച്ചിട്ടും പ്രണയക്കച്ചവടം വർധിക്കുന്നതല്ലാതെ പ്രണയം ആരോഗ്യം പ്രാപിക്കുന്നതായി കാണുന്നില്ല. മറിച്ച് പ്രണയം ജനറൽ വാർഡിൽ കയറിയ അവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും ഐ.സി.യുവിലേക്ക് എടുക്കപ്പെടാവുന്ന അവസ്ഥയിലും. കേരളത്തിലെ കാര്യമെടുത്താൽ, ഓരോ വാലന്റൈൻ ദിനത്തോടനുബന്ധിച്ചും കമ്പോളം വികസിക്കുന്നതുപോലെ കുടുംബക്കോടതിയിലെ കേസുകളുടെ എണ്ണം പെരുകുന്നു. വെള്ളപ്പൊക്കം പോലെ. വാലന്റൈൻ ദിനം കൊഴുപ്പിക്കാനായി മാദ്ധ്യമങ്ങൾ വായനക്കാരെ ഇക്കിളിപ്പെടുത്തി സുഖിപ്പിക്കാൻ മുൻപ് ഉപയോഗിച്ചിരുന്ന താരജോഡികളെ അതേ മാദ്ധ്യമങ്ങൾ പിന്നീട് അവരുടെ വേർപിരിയലിന്റെ നാടകീയതയുമായി വായനക്കാരിലെത്തിക്കുന്നു. വേർപിരിയുന്ന നേരത്ത് അവർ പറയുന്നത് വീണ്ടും സൂക്തങ്ങൾ പോലെ വായനക്കാരുടെ മുമ്പിലേക്ക് വിളമ്പുന്നു. മാദ്ധ്യമങ്ങൾ കമ്പോളത്തിന് പരുവപ്പെടുത്തിക്കൊടുത്ത ഉഗ്രൻ സംഗതിയാണ് വാലന്റൈൻ ദിനം. വിഖ്യാത ഫൗണ്ടേഷനുകൾ സമർഥരായ മാദ്ധ്യമപ്രവർത്തകരെ ലോകത്തിന്റെ പല കോണുകളിൽ നിന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് പൈങ്കിളി മാദ്ധ്യമപ്രവർത്തനം പ്രചാരത്തിലും സ്വീകാര്യതയിലുമാക്കിയതിന്റെ ഫലമാണിത്. കേരളത്തിലെ വർത്തമാനകാല മാദ്ധ്യമാന്തരീക്ഷം അതിന്റെ മകുടോദാഹരണവും. മൊത്തത്തിൽ പൈങ്കിളിയിലാണ്ടുപോയ ഒരു സാമൂഹ്യമനസ്സിനെ സൃഷ്ടിക്കാൻ ഈ പൈങ്കിളി മാദ്ധ്യമപ്രവർത്തന സംസ്കാരത്തിനു കഴിഞ്ഞു. പൈങ്കിളിയല്ലാതിരുന്ന മാദ്ധ്യമങ്ങൾ കൂടി ക്രമേണ അതിന്റെ പാതയിലേക്ക് നീങ്ങേണ്ടിവന്നു.
പൈങ്കിളിയെ എങ്ങിനെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം. വേണമെങ്കിൽ ഇങ്ങനെ- മൃഗനിലവാരത്തേക്കാൾ അളിഞ്ഞ ലൈംഗികതയുടെ തൊട്ടുമുൻപുള്ള ബസ്സ് സ്റ്റോപ്പ്. പുതുകൊച്ചിയുടെ തലസ്ഥാനമെന്ന് പറയുന്ന കാക്കനാട്ട് നിന്നാൽ നഗരസഭയുടെ സ്വീവേജ് ഡമ്പിംഗ് സ്റ്റേഷനായ നാല് കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുരത്തുനിന്നുള്ള ഗന്ധം അറിയാൻ കഴിയുന്നതുപോലെ. മൃഗങ്ങളുടെ നിലവാരത്തിലുള്ള ലൈംഗികതയിൽ പ്രകൃതിയുടെ നിഷ്കളങ്കതയും സർഗ്ഗാത്മകതയും ഒരു കലർപ്പുമില്ലാതെയുണ്ട്. അതുകൊണ്ടാണ് ആ ജന്തുവിഭാഗത്തിന്റെ ലൈംഗികതയെ വാലന്റൈൻ സ്റ്റോപ്പ് കഴിഞ്ഞുള്ള ലൈംഗികതയുമായി പോലും താരതമ്യം ചെയ്യുന്നത് അനുചിതമാകുന്നത്. ബ്രഹ്മപുരത്തുനിന്നുയരുന്ന ഗന്ധത്തെ ബ്രഹ്മഗന്ധം പോലെ ആസ്വദിച്ച് സ്വയം ബ്രാഹ്മണരാണെന്ന ധാരണയിൽ കഴിയുന്നവർ ആ ഗന്ധത്താൽ ആകർഷിക്കപ്പെടുന്നതിൽ അത്ഭുതമില്ല. അതാസ്വദിക്കുന്നവർക്ക് എത്ര തന്നെ അത് ആസ്വാദ്യമാകുമെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ ആ ഗന്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പുറത്തു കണ്ടുതുടങ്ങും. ആദ്യമായി മിക്കവരിലും കാണുക ചൊറിച്ചിൽ രൂപത്തിലാകും. കുറേക്കഴിയുമ്പോൾ അത് പൊട്ടിയൊലിക്കും. അപ്പോഴാണ് കുടുംബകോടതിയിൽ വെള്ളപ്പൊക്കം.
ഏതു മനുഷ്യനും പ്രണയം സുഖകരമാണ്. സുഖത്തിൽ ഉത്തുംഗം. രസത്തിൽ ശൃംഗത്തിൽ നിൽക്കുന്നതിനാലാണ് അത് ശൃംഗാരമാകുന്നത്. അതിന്റെ അനുഭവം മനുഷ്യകുലത്തിൽ പെട്ട ഏത് വ്യക്തിക്കും അവകാശപ്പെട്ടതാണ്. ശൃംഗാരം മൂരികൾക്കോ പക്ഷി-ജന്തു വിഭാഗത്തിൽ പെട്ടവര്‍ക്കോ ഒന്നും അനുഭവിക്കാൻ കഴിയില്ല. അതിന് സങ്കൽപ്പശേഷിയുള്ള മനസ്സ് അനിവാര്യമാണ്. അതാണ് ആ ഉത്തുംഗത്തിലേക്കുള്ള പാലം. ആരും അവിടെയെത്താൻ വെമ്പുന്നു. ആ മരത്തിന്റെ മുകളിൽ നിൽക്കുന്ന സുഗന്ധപുഷ്പങ്ങളുടെ വാസന മാസ്മരികം തന്നെ. പക്ഷേ, മരത്തിന്റെ മൂട്ടിൽ നിന്ന് വീണ്ടും താഴേക്ക് പോകാൻ ശ്രമിച്ചുകൊണ്ട് മുകളിലെത്തി ആ പൂവിന്റെ ഗന്ധം നുകരാൻ പറ്റില്ല. താഴേക്ക് പോകാൻ ശ്രമിക്കുമ്പോൾ കണ്ടുമുട്ടുക ആ മരത്തിന്റെ മൂട്ടിലും മണ്ണിനടിയിലും കിടന്നഴുകുന്ന വളമായിരിക്കും. അതിന്റെ ഗന്ധത്തെ മണ്ണിന് മേൽ നിന്നറിയിപ്പിച്ചും അതാണ് ഉഗ്രഗന്ധമെന്നും ആൾക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവർ വിജയിക്കുന്നു.
സമ്മാനത്തിന് പ്രണയത്തിൽ വലിയ സ്ഥാനമില്ല. എന്നാല്‍, പ്രണയത്തിന് സമ്മാനത്തിന്റെ സ്ഥാനമുണ്ട്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സമ്മാനമല്ല പ്രണയത്തിന്റെ സ്നിഗ്ധതയെ നിർണ്ണയിക്കുന്നത്. യഥാർഥ പ്രണയത്തിലേർപ്പെട്ടാൽ അവിടെ രണ്ടു പേർ ചേർന്ന് ഒന്നാവുകയാണ്. ഒന്നാവലിന്റെ സുഖമാണ് പ്രണയം എന്ന്‍ പറയുന്നത്. പരസ്പരം സമ്മാനിക്കൽ. ആ ഒന്നാവൽ ചന്തപ്പറമ്പിലോ തെരുവിലോ സംഭവിക്കുന്നതല്ല. അത് മറ്റുള്ളവരെ കാണിക്കാനുള്ളതുമല്ല. അത് അനുഭവിക്കാൻ മാത്രമുള്ളതാണ്. എവിടെ അത് കാണിക്കാനോ കാണിക്കപ്പെടാനോ ആയി മാറ്റപ്പെടുന്നുവോ അവിടെ പ്രണയം നശിക്കുന്നു. കാരണം അനുഭവം ഉണ്ടാവുന്നില്ല. ലക്ഷ്യം മറ്റുള്ളവരെ കാണിച്ച് അതിൽ നിന്ന് തൃപ്തി നേടുക എന്നതിലേക്കാവുന്നു. അപ്പോൾ അനുഭവത്തിന്റെ അഭാവം ഇല്ലായ്മാബോധം സൃഷ്ടിക്കുന്നു. നൈസർഗികമായി മനുഷ്യന് ആ സുഖം അവകാശപ്പെട്ടതായതിനാൽ ആ അഭാവബോധം വർധിച്ചുവരുന്നു. അപ്പോൾ മറ്റുള്ളവരെ പഴിചാരി ദുരിതത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നു. കുടുംബകോടതിയിൽ വെള്ളപ്പൊക്കം.
ചുരുക്കത്തിൽ പറഞ്ഞാൽ അഭാവബോധത്താലും സ്നേഹലഭ്യതയില്ലായ്മയിലും ഉഴലുന്നവർ വിഷാദത്തെ അനുഭവിക്കുന്നു. വിഷാദം അനുഭവിക്കുന്നവർ അത് തീവ്രരോഗമാകുന്നതിന് മുൻപ് സദാ അതിൽ നിന്നു മുക്തി നേടാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം വിഷാദത്തിന് അടിപ്പെട്ടവരാണ് ഈ വാലന്റൈൻ ദിനത്തെ ആഘോഷമാക്കി സന്തോഷിക്കാൻ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് തന്റെ വ്യക്തിഗതമായ അനുവഭവത്തിലേക്ക് കൊണ്ടുവരേണ്ടതാണ് പ്രണയം എന്ന അറിവിലേക്ക് തിരിയുമ്പോൾ ആ വ്യക്തി ആണായാലും പെണ്ണായാലും സുഖത്തിന്റെ വഴിയിലേക്ക് തിരിയുന്നു. പിന്നെയുള്ള ഓരോ ചുവടും മരത്തിന് മുകളിലേക്കുള്ളതാണ്. മുകളിലേക്ക് അടുക്കുംതോറും മുകളിലെ പൂവിന്റെ ഗന്ധം അടുത്തുവരും. അതറിയാൻ തുടങ്ങിയാൽ പ്രണയമായിത്തുടങ്ങി.വാലന്റൈൻ ദിനത്തിൽ ഇന്ത്യയിലെ കാര്യമെടുക്കുകയാണെങ്കിൽ ഇരുപത്തിരണ്ടായിരം കോടി ചെലവഴിക്കാൻ വേണ്ടി വെമ്പുന്ന യുവത്വത്തിന്റെ ശൃംഗാരത്തിന് മൂരിക്ക് അൽപ്പം മനുഷ്യബുദ്ധിയുണ്ടായാൽ ഉണ്ടാകുന്ന ശൃംഗാരമോ പ്രണയമോ ഒക്കെ ആവുന്നുള്ളു.