ചുംബനക്കൂട്ടായ്മയോട് ചില പ്രശ്നങ്ങള്‍

Glint Staff
Fri, 31-10-2014 11:11:00 AM ;

kiss of love

 

കോഴിക്കോട് ഒരു ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമം നടത്തിതിനെതിരെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഒരു ചുംബനക്കൂട്ടായ്മയ്ക്ക് ആഹ്വാനമുണ്ടായിരിക്കുന്നു. പരിപാടിയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണെങ്കിലും നവമാദ്ധ്യമങ്ങളിലും അതുവഴി പരമ്പരാഗത മാദ്ധ്യമങ്ങളിലും വന്‍ ശ്രദ്ധയാണ് സമരപ്രഖ്യാപനത്തിന് ലഭിച്ചിട്ടുള്ളത്. ഈ പ്രതികരണത്തിന് ലഭിക്കുന്ന മാദ്ധ്യമശ്രദ്ധയുടെ അടിസ്ഥാനം ആണ്‍നോട്ടം (Male Gaze) എന്ന പ്രശ്നമാണ്. യുക്രൈനില്‍ ആരംഭിച്ചതും ഇന്ന്‍ പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ സ്ത്രീസംഘടന ഫീമെന്റെ അര്‍ദ്ധനഗ്ന പ്രതിഷേധങ്ങള്‍ക്ക് ലഭിക്കുന്ന മാദ്ധ്യമശ്രദ്ധ ഓര്‍ക്കാം. സ്ത്രീശരീരത്തിന്റെ ചരക്കുവല്‍ക്കരണമാണ് അതില്‍ നടക്കുന്നത്. സ്ത്രീയുടെ വ്യക്തിത്വം നിഷേധിക്കുന്ന, അവള്‍ കേവലം ശരീരമാണ് എന്ന ബോധമാണ് യുവമോര്‍ച്ചയുടെ ആക്രമണത്തിന് പിന്നിലുള്ളതും. അതിനെതിരെയുള്ള  പ്രതികരണത്തിനും ആ ബോധത്തെ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയനൈതികതയുടെ ഒരു പ്രശ്നമില്ലേ?

 

രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ഭാഗമായി പരമോന്നത കോടതി എണ്ണിയിട്ടുള്ളതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. സ്വകാര്യതയുടെ മേലുള്ള ഇടപെടലിനെതിരെ പ്രതികരിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതല്ലേ? സ്ത്രീയും പുരുഷനും തമ്മിലുള്ള വൈകാരിക ബന്ധം പ്രതിഫലിക്കുന്ന ചുംബനത്തിന്റെ ഇടം വ്യക്തിജീവിതത്തിന്റെ സ്വകാര്യ തലങ്ങളിലോ തെരുവിലോ കൂടുതല്‍ അഭികാമ്യം? ചോദ്യമാണ്, രണ്ട് ഉത്തരങ്ങളും സാധ്യവുമാണ്‌. അത് സ്വകാര്യതയെന്ന്‍ കരുതുന്നവര്‍ക്ക് യുവമോര്‍ച്ചയുടെ നടപടിയെ എതിര്‍ക്കുമ്പോള്‍ തന്നെ ഈ സമരരീതിയോട് യോജിക്കാന്‍ ബുദ്ധിമുട്ട് തോന്നില്ലേ? ശിക്ഷാ നിയമത്തിലെ പരസ്യ അശ്ലീലം എന്ന തീര്‍ത്തും അയഞ്ഞ നിര്‍വ്വചനമുള്ള 294-ാം വകുപ്പും അതിന്റെ ദുരുപയോഗവും നിയന്ത്രിക്കാനുള്ള ആവശ്യം ശക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രചാരണത്തില്‍ ഒപ്പം ഉണ്ടാകുമായിരുന്നവരല്ലേ ഇവരില്‍ ഭൂരിഭാഗവും. പ്രചാരണത്തിന്റെ ഊന്നല്‍ മാറ്റുക വഴി ഒരു വിഭാഗത്തെ അകറ്റുകയെന്ന തന്ത്രപരമായ പിഴവല്ലേ ഈ സമരരീതി ചെയ്യുക? 

 

സ്നേഹവും ചുംബനം മുതല്‍ മൈഥുനം അടക്കമുള്ള സ്നേഹപ്രകടനങ്ങളും സാര്‍വ്വലൗകികവും സാര്‍വ്വകാലികവും സാര്‍വ്വജനീനവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, പൊതുസ്ഥലങ്ങളിലെ സ്നേഹപ്രകടനങ്ങള്‍ (Public Display of Affection) അതേപോലെ സാര്‍വ്വലൗകികമോ സാര്‍വ്വകാലികമോ സാര്‍വ്വജനീനമോ ആയിരുന്നില്ല. ഓരോ പ്രദേശത്തിന്റേയും സാംസ്കാരിക സവിശേഷതയുടെ ഭാഗമാണത്. ഓരോ നാട്ടിലേയും അഭിവാദന രീതികള്‍ എടുത്തുനോക്കിയാല്‍ അത് കാണാം. തല കുനിച്ച് വണങ്ങുന്ന ചൈന, കൈകൂപ്പി നമസ്കരിക്കുന്ന ഇന്ത്യ, കൈ വണങ്ങി സലാം പറയുന്ന അറേബ്യ, ഹസ്തദാനം ചെയ്യുന്ന യൂറോപ്പ് എന്നിങ്ങനെയുള്ള അഭിവാദന രീതികള്‍ അതത് സാംസ്കാരികതകളുടെ പൊതുവായി പറയാവുന്ന സവിശേഷകളാണ്. ഓരോ സാംസ്കാരികതകള്‍ക്കകത്തുള്ള വ്യതിരിക്തതകള്‍ വേറെയും. അതില്‍ ഹസ്തദാനം ഇന്ന്‍ ആഗോളമായിട്ടുണ്ടെങ്കില്‍, മറ്റുള്ളവ അങ്ങനെ ആയിട്ടില്ലെങ്കില്‍, അതിന് പുറകില്‍ യൂറോപ്യന്‍ സാമ്രാജ്യത്വങ്ങളുടെ കൊളോണിയല്‍ ചരിത്രമുണ്ട്. അല്ലാതെ ഹസ്തദാനത്തിന് മറ്റ് അഭിവാദന രീതികളില്‍ നിന്ന്‍ എന്തെങ്കിലും സാര്‍വ്വജനീന പ്രത്യേകത ഉണ്ടായിട്ടല്ല.

 

പൊതുസ്ഥലങ്ങളിലെ സ്നേഹപ്രകടനങ്ങളിലും ഇതേപോലെ സാംസ്കാരിക വ്യതിരിക്തതകള്‍ ഉണ്ട്. സ്നേഹിക്കുന്നവര്‍ തമ്മിലോ പരിചിതര്‍ തമ്മിലോ ചുണ്ടിലോ കവിളിലോ പരസ്യമായ ചുംബനം ഒരു പടിഞ്ഞാറന്‍ സാംസ്കാരിക സവിശേഷതയാണ്. അത് സാര്‍വ്വലൗകിക പ്രതിഭാസമാണെന്ന് പറയുന്നതില്‍ തെറ്റുണ്ട്. അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു എന്ന്‍ പറയാം. പരസ്യമായ സ്പര്‍ശനം പ്രോത്സാഹിപ്പിക്കാത്ത മറ്റ് സാംസ്കാരികതകളിലേക്ക് അത് പടര്‍ന്നപ്പോള്‍ സാംസ്കാരിക സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയ പദ്ധതിയാണ് ഉള്ളത് എന്നത് കൊണ്ടാണത്. പാശ്ചാത്യ സാംസ്കാരികതയുടെ, കൃത്യമായി പറഞ്ഞാല്‍ അമേരിക്കന്‍ സാംസ്കാരികതയുടെ ഛായയില്‍ ഒരു ലോക സാംസ്കാരികതയെ സൃഷ്ടിക്കുന്ന പദ്ധതിയ്ക്ക് കൂടിയാണ് ആഗോളവല്‍ക്കരണം എന്ന്‍ പറയുന്നത്. അതാണ്‌ അതിലെ സാംസ്കാരിക പ്രശ്നവും. അല്ലാതെ അത് കേവലം വൈദേശികം ആണെന്നതല്ല. ഭാഷ, വേഷം, ഭക്ഷണം തുടങ്ങി ഒരു ജനസമൂഹത്തിന്റെ പ്രാദേശിക സാംസ്കാരിക സവിശേഷതകള്‍ നിര്‍ണ്ണയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പാശ്ചാത്യ സാംസ്കാരികതയുടെ പ്രതിബിംബങ്ങള്‍ ഇന്ന്‍ ലോകമെങ്ങും ദര്‍ശിക്കാം. മനുഷ്യന്റെ ബോധമണ്ഡലത്തിലും ഈ സാംസ്കാരിക മൂല്യങ്ങള്‍ വാസമുറപ്പിക്കുന്നതോടെ ഇത് സ്വഭാവികമായും സാര്‍വ്വലൗകികമായും തോന്നുന്നു എന്ന്‍ മാത്രം. പക്ഷെ, അത് നവസാമ്രാജ്യത്വത്തിന്റേയും നവകോളനീകരണത്തിന്റേയും ഫലമാണെന്നേ പറയാന്‍ കഴിയൂ. 

 

ഇത് (മത)യാഥാസ്ഥിതികത്വം മനസിലാക്കുന്നുണ്ട്. അതില്‍ തങ്ങള്‍ക്ക് ഒരു വെല്ലുവിളി ഉണ്ടെന്നും. അതുകൊണ്ടാണ്, പരസ്പരം പോരടിക്കുന്ന (മത)യാഥാസ്ഥിതികത്വങ്ങള്‍ പാശ്ചാത്യ സാംസ്കാരികതയില്‍ ഉറവിടമുള്ള ഇത്തരം വിഷയങ്ങളില്‍ പൊതുവെ സമാന നിലപാടുകള്‍ പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍, ഇതിനെതിരെ സാംസ്കാരിക പ്രതിരോധം ഉയര്‍ത്താന്‍ (മത)യാഥാസ്ഥിതികത്വത്തിന് കടുത്ത ഒരു പരിമിതിയുണ്ട്. കാരണം, (മത)യാഥാസ്ഥിതികത്വം മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ സംസ്കാരം സ്ഥിരമോ ഏകമുഖമോ ആയ ഒന്നല്ല എന്നത് തന്നെ. പാശ്ചാത്യ സംസ്കാരം തന്നെയും പാശ്ചാത്യമെന്നത് കൊണ്ടോ ഏതൊരു സംസ്കാരവും വൈദേശികമെന്നത് കൊണ്ടോ അസ്വീകാര്യമാകേണ്ടതില്ല. പക്ഷെ, വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള കൊള്ളകൊടുക്കലുകളില്‍ ഒന്നായി അത് വരണം. മറിച്ച്, ലോക സാമ്പത്തിക-സൈനിക ശക്തിയുടെ സഹായത്തോടെ അധിനിവേശ രൂപത്തില്‍ അത് വരുമ്പോള്‍ സ്വതന്ത്രമായ സാംസ്കാരിക വിനിമയത്തിന് സാധ്യതയില്ല. ഇന്ന്‍ അങ്ങനെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പാശ്ചാത്യ സംസ്കാരം പ്രകടമാകുന്നത്.

 

അതായത്, അധിനിവേശ പദ്ധതിയുമായി വരുന്ന പാശ്ചാത്യ സാംസ്കാരികതയുടെ ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ വക്താക്കള്‍ ഒരുവശത്തും ഭാരതീയ സംസ്കാരത്തിലെ, ഹൈന്ദവ സംസ്കാരത്തിലെ തന്നെയും, ബഹുസ്വരതകളെ നിരാകരിക്കുകയോ അതിനെ ഏകമുഖമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഹിന്ദുത്വ സാംസ്കാരികതയും സമാന യാഥാസ്ഥിതികത്വങ്ങളും മറുവശത്തും നില്‍ക്കുകകയും തങ്ങളാണ് ശരിയെന്ന് ഇരുവശത്തു നിന്നും മൗലികവാദ സ്വരങ്ങള്‍ ഉയരുകയും ചെയ്യുന്ന ഒരു സാഹചര്യമല്ലേ, ഇവിടെ സംജാതമായിരിക്കുന്നത്. ശരി എപ്പോഴുമെന്നപോലെ ഇതിനിടയില്‍ എവിടെയോ ആയിരിക്കില്ലേ? ആ ശരിയല്ലേ, ഈ നാട് കണ്ടെത്തേണ്ടത്‌?

 

വായിക്കുക: നഗ്നത കാട്ടി പ്രതിഷേധിച്ച യുവതികളും ചെറുപുഞ്ചിരിയും

Tags: