ജനായത്ത സംവിധാനം ചുറ്റിക്കറങ്ങുന്ന ഏക അച്ചുതണ്ട് ഏതാണെന്ന് അന്വേഷിച്ചുചെന്നാൽ ചെന്നെത്തുന്നത് ഒന്നിൽ മാത്രം- സ്വാതന്ത്ര്യം. അതിൽ വന്നുകൂടുന്ന തൊങ്ങലുകളാണ് മറ്റുള്ളതൊക്കെയും. അതിനെയാണ് ഭാരതം മാനവികത എന്നു വിളിക്കുന്നത്. ജനായത്തത്തിന്റെ ഈ കേന്ദ്രബിന്ദുവിലേക്ക് ആരാണോ തങ്ങളെ നയിക്കാൻ പ്രാപ്തർ എന്നു നോക്കിയാണ് ജനം ജനായത്ത സംവിധാനത്തിൽ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത്. നിരക്ഷരനായിക്കൊള്ളട്ടെ, പണ്ഡിതനായിക്കൊള്ളട്ടെ, ഈ കേന്ദ്രബിന്ദുവിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന് ബുദ്ധിമാന്ദ്യവും ബുദ്ധിഭ്രമവും ബാധിച്ചിട്ടില്ലാത്ത ഏവർക്കും മനസ്സിലാകും. അത് മനുഷ്യപ്രകൃതിയാണ്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. നരേന്ദ്ര മോദിയിൽ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരത്തിലൊരു സവിശേഷത ഉള്ളതായി ജനം ധരിച്ചു. അദ്ദേഹം ജാതിയേയും മതത്തേയുമൊക്കെ മാറ്റിവച്ച് രാജ്യത്തിന്റെ വികസനത്തെ മുന്നോട്ടുവച്ച് ജനങ്ങളിൽ ആവേശവും ഉത്തേജനവും ജനിപ്പിച്ചുകൊണ്ട് ജനങ്ങളെ നേരിട്ടു സമീപിച്ചു. ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. നൂറ് ദിവസം കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ ബി.ജെ.പിക്ക് നല്ല തിരിച്ചടി കിട്ടിയിരിക്കുന്നു. മോദിക്ക് ജനങ്ങളിൽ വിശ്വാസ്യത സൃഷ്ടിക്കാൻ കഴിഞ്ഞു. ആ വിശ്വാസ്യതയിലുണ്ടായ ഇടിവാണ് ഇപ്പോൾ കാണുന്നത്.
താൽക്കാലികമായി ചില പ്രതിഭാസങ്ങൾ ഉണ്ടായെന്നിരിക്കും. അതിനെ ആധാരമാക്കാൻ ശ്രമിക്കുന്നവർ വിഡ്ഡികളാണ്. ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് ഫലം ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഉത്തര്‍ പ്രദേശില്‍ നിന്നാണ് കനത്ത തിരിച്ചടി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭരണം മികച്ചതല്ലെന്നു മാത്രമല്ല, ഒരുപക്ഷേ സമീപകാല ചരിത്രത്തിൽ ഉത്തര്‍ പ്രദേശ് കണ്ട ഏറ്റവും മോശമായ ഭരണകാലമാണ്. എന്നിട്ടും അവിടെ പതിനൊന്ന്‍ നിയമസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകള്‍ സമാജവാദി പാർട്ടിക്ക് ലഭിച്ചു എന്നത് മോദിയില്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങൾക്കുണ്ടായിരിക്കുന്ന വിശ്വാസത്തകർച്ചയുടെ പ്രതിഫലനമാണ്. മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. അത് കോർപ്പറേറ്റ് ഭരണത്തിന്റേതാണ്. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എങ്കിൽ മാത്രമേ രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു മുഖ്യധാര മാനവികതയോട് ചേർന്നു നിൽക്കുകയുള്ളു. അതിനു പകരം ജനായത്ത സർക്കാർ കോർപ്പറേറ്റ് സ്വഭാവത്തിലേക്കു നീങ്ങുന്നതിന്റെ ചിത്രമാണ് ഓരോ ദിവസവും കഴിയും തോറും വ്യക്തമാകുന്നത്. മാനവികതയില്ലാത്ത എല്ലാ പ്രവർത്തനങ്ങളും അടിച്ചമർത്തൽ സംസ്കാരത്തിന്റെ തൊങ്ങലുകളാണ്. അത് താൽക്കാലികമായി ഗുണം ലഭ്യമാക്കുമെങ്കിലും ദുരന്തങ്ങൾക്ക് വഴിതെളിക്കും. ഇന്ന് യു.എസ് ഉൾപ്പടെ പടിഞ്ഞാറൻ രാജ്യങ്ങൾ അനുഭവിക്കുന്നതും അതാണ്. അവരുടെ ജീർണ്ണിച്ച മാതൃകയുടെ വർത്തമാനാഖ്യാനം ചൈനയിലൂടെ പ്രാവർത്തികമാകുന്നത് പകർത്താനുള്ള ശ്രമമാണ് മോദി സർക്കാരിന്റേതെന്ന് ജനം അറിയുന്നു. ഒരു സ്വേഛാധിപതിയുടെ തലത്തിലേക്ക് മോദി പരിണമിക്കുന്നു എന്നും ജനം അറിഞ്ഞുതുടങ്ങി എന്നുള്ളതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പുഫലം അവിടുത്തെ കോൺഗ്രസ്സ് നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് സച്ചിൻ പൈലറ്റിന്റെ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കാൻ പറ്റുന്നതാണ്.
ഇന്ത്യൻ ജനത ജുഗുപ്സാവഹമായ വർഗ്ഗീയതയും മതവൈരവും അംഗീകിരിക്കുന്നില്ല എന്നുള്ളതിന്റെ ഉറക്കെയുള്ള പ്രഖ്യാപനവും കൂടിയാണ് അഖിലേഷ് യാദവിനെ സഹിച്ചുകൊണ്ട് അവിടെ സമാജവാദി പാര്‍ട്ടിയ്ക്ക് വിജയം സമ്മാനിച്ചത്. കാവി വസ്ത്രം ധരിച്ചും യോഗി എന്ന നാമം ഏറിക്കൊണ്ടും ഒരേസമയം ഭാരതസംസ്കാരത്തിന്റെ പവിത്രചിഹ്നങ്ങളെ അപമാനിക്കുകയും മാനവികതയെ വെല്ലുവിളിക്കുകയും ചെയ്ത യോഗി ആദിത്യനാഥിലൂടെ പുറത്തുവന്ന ബി.ജെ.പിയുടെ മുഖത്തെ യു.പിയിലെ ജനത പുഛിക്കുന്നതും അവിടുത്തെ ഉപതെരഞ്ഞെടുപ്പു ഫലത്തിൽ തെളിയുന്നുണ്ട്. ഭാരത്തിലെ ജനം മോദിയുടെ കൈയ്യിൽ ഏൽപ്പിച്ചിരിക്കുന്നത് തങ്ങളുടെ ശക്തിയാണ്. അത് തിരിച്ചറിയാതെ മുൻപോട്ടു പോകുന്ന പക്ഷം മോദി മാറുന്നത് ചരിത്രത്തിലെ ദുരന്ത നായകനായിട്ടായിരിക്കും. ചരിത്രത്തിന്റെ ഒരു ഗർത്തത്തിൽ നിന്നും മോചനം നേടാനായി നടത്തിയ ശ്രമത്തിന്റെ പരിണത ഫലമായാണ് ഇന്നദ്ദേഹം ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നത്. അദ്ദേഹം ഭയന്നിരുന്നതിനേക്കാൾ വലിയ ഗർത്തത്തിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രാഥമികമായി അദ്ദേഹത്തിന്റെ ബാധ്യത കൂടിയാണ്. മധുവിധു കാലഘട്ടത്തിൽ ഉണ്ടാകുന്ന കല്ലുകടികൾക്ക് രണ്ട് വഴികളാണ്. ഒന്ന്, കല്ലുകടിയെ യഥാതഥമായി വിലയിരുത്തി അതു പഠിപ്പിക്കുന്ന പാഠം ഉൾക്കൊണ്ട് മധുവിധു കാലത്തിനുശേഷമുള്ള സുന്ദരകാലം. മറ്റേത്, കല്ലുകടി വകവയ്ക്കാതെ ധാർഷ്ട്യവുമായി മുന്നോട്ടു നീങ്ങി പല്ലുകൊഴിയുന്ന അവസ്ഥ.