പഠിപ്പുമുടക്കുസമരവും സി.പി.ഐ.എമ്മും

Sun, 06-07-2014 12:52:00 PM ;

 

കലാലയ രാഷ്ട്രീയം പ്രാവര്‍ത്തികമായത് അപകടകരമായ രീതിയിലാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. കോടതിവിധികളും നിരീക്ഷണങ്ങളും അവ്വിധത്തില്‍ ധാരാളം വന്നിട്ടുണ്ട്. കേരളത്തിലെ കലാലയരാഷ്ട്രീയത്തിന്റെ ഡി.എന്‍.എയെ നിര്‍ണ്ണയിച്ചത് എസ്.എഫ്.ഐയാണ്. കലാലയ രാഷ്ട്രീയം കേരളത്തില്‍ ഉണര്‍ത്തുന്ന ബിംബങ്ങള്‍ പഠിപ്പുമുടക്കിയുള്ള സമരവും തുടര്‍ന്നുള്ള അക്രമവുമാണ്. തലമുറകള്‍ ഈ രീതിയുടെ ഇരകളായി. കേരളവും. എന്തായാലും ഇപ്പോള്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ പഠിപ്പുമുടക്കിയുള്ള സമരം ഇനി വേണ്ടായെന്ന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ജയരാജന്റെ മുന്‍ തലമുറയില്‍ തുടങ്ങിയ സമരരീതി അദ്ദേഹത്തിന്റെ ചെറുമക്കളുടെ കാലമായപ്പോള്‍ തിരുത്താനുള്ള നീക്കം. പതിവുപോലെ, എടുത്ത നിലപാടുകളുടെ ദുരന്തം സ്വന്തം നാശത്തിലേക്കു നീങ്ങിക്കഴിഞ്ഞു എന്ന് മനസ്സിലാകുമ്പോഴുള്ള സി.പി.ഐ.എമ്മിന്റെ തിരുത്തല്‍. ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെയുള്ള നിലപാട് തിരുത്തിയതിനേക്കാള്‍ ചരിത്രപരമായ തിരുത്തലാകും പഠിപ്പുമുടക്കിയുള്ള സമരം ഇനി വേണ്ടെന്ന ജയരാജന്റെ അഭിപ്രായം. ജൂലായ് അഞ്ചിന് മട്ടന്നൂരില്‍ എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന ആവശ്യപ്പെട്ടതിന് പുറമേ ജയരാജന്‍ ആ സമ്മേളനത്തില്‍ പ്രധാനമായി പറഞ്ഞത് നാല് കാര്യങ്ങളാണ്. ഒന്ന്‍, വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചുള്ള പുതിയ സമരരീതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത. രണ്ട്, ഏതെങ്കിലും പ്രസ്ഥാനത്തിന്റെ വാലായി പ്രവര്‍ത്തിക്കാതെ വിദ്യാര്‍ഥി സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനായി പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട മാറ്റം. മൂന്ന്‍, വിദ്യാഭ്യാസരംഗത്തെ വര്‍ഗ്ഗീയതയും ക്ലാസ്സ് മുറിയിലെ പച്ചബോര്‍ഡും. നാല്, വിദ്യാഭ്യാസരംഗത്തെ കച്ചവടമനോഭാവം. കേരളത്തിന്റെ മുഖ്യധാരാമനോഭാവത്തേയും ചിന്തയേയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായ സി.പി.ഐ.എമ്മിനും ഇത്രയും കഴിഞ്ഞിട്ടും തങ്ങളുടെ തെറ്റ് തലമുറകളെ നശിപ്പിച്ചുവെന്ന്‍ ബോധ്യമായിട്ടും തെറ്റ് എന്താണെ് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നതുമൂലമുള്ള ആശയക്കുഴപ്പത്തിന്റെ അഥവാ അവ്യക്തതയുടെ വ്യക്തമായ ചിത്രമാണ് ജയരാജന്റെ വാക്കുകളിലൂടെ പ്രകടമാകുത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന കാഴ്ചപ്പാടും ആ കാഴ്ചപ്പാടിനെ പിന്‍പറ്റിയുള്ള സ്വാനുഭവവും ഉണ്ടെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനാകൂ. ആ കാഴ്ചപ്പാട് സി.പി.ഐ.എമ്മിന് ഇതുവരെ ആര്‍ജ്ജിക്കാന്‍ കഴിയതെപോയതിന്റെ ഉത്തമ ഉദാഹരണമാണ് ജയരാജന്റെ പ്രസ്താവനയിലൂടെ വെളിവാകുന്ന തലമുറകളുടെ ചരിത്രവും കേരളത്തിന്റെ വര്‍ത്തമാനവും അത് അപകടമാണെ് മനസ്സിലായതിന്റെ സൂചനയും.

 

 

ജയരാജനെ സ്വാധീനിക്കുന്ന പ്രസ്ഥാനകാഴ്ചപ്പാടിലെ ഡി.എന്‍.എയിലുള്ള കുഴപ്പം തന്നെയാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ വാക്കുകളിലൂടെ വെളിവാകുന്നത്. വിദ്യാര്‍ഥി സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനുവേണ്ട പ്രവര്‍ത്തനശൈലിയുടെ ആവശ്യകതയെക്കുറിച്ചുപറയുമ്പോള്‍ തന്നെ അദ്ദേഹം ആദ്യം സൂചിപ്പിക്കുന്നത് വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചുള്ള പുതിയ സമരരീതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയുമാണ്. അതായത് കൂടുതല്‍ ശക്തമായ സമരരീതി വേണമെന്ന തിരിച്ചറിവ്. നിലവിലുള്ള രീതികള്‍ വിദ്യാര്‍ഥികളെ കൂടെ നിര്‍ത്തുന്നില്ല എന്ന അറിവും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗവുമാണ് ജയരാജനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാന്‍ എളുപ്പം. അപ്പോഴും വിദ്യാര്‍ഥി സമൂഹത്തിന്റെ ഉന്നമനമല്ല ലക്ഷ്യമാകുത്. അടിത്തറ ഒലിച്ചുപോകുന്ന പ്രസ്ഥാനത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കം. ഈ ലക്ഷ്യങ്ങളിലെ വ്യക്തതയാണ് അനിവാര്യം. വരും കാലത്ത് ഈ വ്യക്തതയില്ലാത്ത വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സമൂഹത്തിനും നിലനില്‍ക്കാനും മുന്നേറാകാനും ബുദ്ധിമുട്ടാകും. അത് മനസ്സിലാക്കാതെയുള്ള തെറ്റുതിരുത്തല്‍ ചെറിയ തെറ്റില്‍ നിന്നും കൊടിയ തെറ്റിലേക്കുള്ള വന്‍വാതില്‍ തുറക്കലായിരിക്കും. അതിന്റെയൊക്കെ ഫലം നേരിടുമ്പോള്‍ തെറ്റുതിരുത്തുക എത് അപ്രായോഗികം മാത്രമല്ല അപ്രസക്തവുമായി മാറും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പ്രസംഗിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോള്‍ മാറുന്ന വിപത്താണ് വര്‍ഗ്ഗീയതയും വിനാശകരമായ കച്ചവടമനസ്ഥിതിയും അതുപോലുള്ള ദൂഷ്യവശങ്ങളെല്ലാം. അതു മനസ്സിലാക്കാതെ അതിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ ശക്തിയ്ക്കനുസരിച്ച് അത്തരം പ്രവണതകളും ശക്തി പ്രാപിച്ചുവരും. അതു വെറും ഗണിതയുക്തി.