അറിവില്ലായ്മയോട് വേണ്ട സമീപനം ക്ഷമയാണ്. രോഗത്തിനോട് വേണ്ടത് ചികിത്സയും. റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ അറിയില്ല. അതവർ നിഷ്കളങ്കമായി പറഞ്ഞു. അതോടെ സോഷ്യൽമീഡിയക്കവലകൾ യുദ്ധക്കളമായി. ട്രോളുകൾ ട്രോളിംഗ് അഥവാ ഇന്റർനെറ്റ് പിത്തലാട്ടത്തിലൂടെ ഷറപ്പോവയുടെ മേൽ കുതിരകയറി. ഇതില്‍ സംഗതിവശാൽ കൂട്ടട്രോളിംഗിലും വേവിക്കാത്ത തെറിട്രോളിംഗ് നടത്തിയതിലും മുന്നിൽ നിൽക്കുന്നത് മലയാളി ട്രോൾമാർ. ഇന്റർനെറ്റിലെ ഇരമ്പൻ ട്രോൾമാരാണ് നമോഫാൻ അഥവാ നരേന്ദ്രമോഡി ആരാധകർ. അവരുടേത് വ്യക്തമായ ലക്ഷ്യത്തോടെയുളള സംഘടിത ട്രോളിംഗാണ്. ആ സംഘടിതപ്രവർത്തനത്തിനു തുല്യമാണ് ഷറപ്പോവയെ തെറിവിളിക്കുന്നതിൽ മലയാളികൾ ഫലത്തിൽ കാണിച്ചിരിക്കുന്ന വിരുത്. ഇത് മലയാളിയുടെ പൊതു സ്വഭാവത്തിന്റെ സൂചകമാകുന്നു. ആരെയെങ്കിലും ആക്രമിക്കാനായി വിശന്നുവലഞ്ഞിരിക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനമാണിത്. യൂറോപ്യൻ മാധ്യമത്തെ ലോകമാധ്യമമായി കാണുന്ന മാധ്യമസംസ്കാരമുള്ള രാജ്യമായ ഇന്ത്യയിൽ സച്ചിനെ അറിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത്ഭുതം തോന്നും. എന്നാല്‍, ക്രിക്കറ്റ് കളി പേരിനു പോലും കളിക്കാത്ത രാജ്യമാണ് റഷ്യ. മരിയ ഷറപ്പോവ തന്റെ മേഖലയ്ക്കു പുറത്ത് പരിമിതമായ പരിചയം ഉള്ള വ്യക്തിയാണെന്ന് മലയാളി സ്വയം നിശ്ചയിച്ചിരിക്കുന്നു. എന്നിട്ട്, ഷറപ്പോവ ഇന്ത്യയിൽ ജീവിക്കുന്ന ടെന്നിസ് താരമെന്നോണമാണ് ട്രോളുകളുടെ പെരുമാറ്റം.
ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോൾ ആ വ്യക്തി സ്വയം നിർവചിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന അത്യാവശ്യം വിദ്യാഭ്യസ യോഗ്യതയുള്ളവർ ഷറപ്പോവ ട്രോളിംഗില്‍ അവർ ഉപയോഗിച്ച ഭാഷയിലൂടെ അവരുടെ നിലവാരം വ്യക്തമാക്കിയിരിക്കുന്നു. ഷറപ്പോവയെ ആക്രമിക്കുന്നതിൽ പിന്നിൽ സംഘടിതശ്രമമൊന്നുമില്ലാഞ്ഞിട്ടും സംഘടിതരൂപത്തിൽ പുലഭ്യം പറഞ്ഞുകൊണ്ട് ആക്രമിച്ചിരിക്കുന്നു. ഇവർക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യമുണ്ട്. ക്രിക്കറ്റ് കളിയോടുള്ള ആഭിമുഖ്യമാണോ തങ്ങളെ പ്രകോപിപ്പിച്ചത്? ക്രിക്കറ്റ് കളിയോടുള്ള ആഭിമുഖ്യമാണോ സച്ചിനെ ആരാധിക്കാൻ പ്രേരണയായത്? സച്ചിനെ ഷറപ്പോവ അറിയാത്തതുകൊണ്ട് ക്രിക്കറ്റിനും സച്ചിനും എന്തു സംഭവിക്കുന്നു? വൈകൃതങ്ങൾ വെളിവാക്കുന്ന ഭാഷ ഉപയോഗിച്ചതിലൂടെ സോഷ്യൽമീഡിയ എന്ന പൊതുസ്ഥലം മലിനപ്പെടുക മാത്രമല്ലേ ഉണ്ടായിട്ടുളളു?
മൗലികവാദം എന്നത് സ്വഭാവത്തിനു സംഭവിക്കുന്ന രോഗാവസ്ഥയാണ്. ഏതിന്റെ കാര്യത്തിലാണെങ്കിലും മൗലികവാദം അപകടമാണ്. സച്ചിൻ മൗലികവാദവും അപകടം തന്നെ. ഷറപ്പോവ ഒന്നാംതരം ടെന്നിസ് കളിക്കാരിയാണ്. അവരെ നമുക്കറിയാം. അവർ കളിക്കുമ്പോൾ അവരെ തെറിയഭിഷേകം ചെയ്തവർക്ക് അതാസ്വദിക്കാൻ കഴിയില്ല. അത് അവരുടെ സ്വഭാവത്തിനുണ്ടാവുന്ന ദൗർബല്യമാണ്. അതിന്റെ നഷ്ടവും അവർക്കുതന്നെയാണ്. എല്ലാ ആക്രമണങ്ങളും ദൗർബല്യത്തിൽ നിന്ന് ഉയരുന്നതാണ്. ആരെയെങ്കിലും കിട്ടിയാൽ ഒന്നാക്രമിക്കാമായിരുന്നു എന്ന സ്വഭാവരോഗത്തിന്റെ ലക്ഷണമാണ് മലയാളിയുടെ കൂട്ടട്രോളിംഗും തെറിപ്രയോഗവും സൂചിപ്പിക്കുന്നത്. ഈ അക്ഷമയാണ് കേരളത്തിലെ കുടുംബബന്ധങ്ങളുടെ ഉലച്ചിലിനും വർധിതമായ വിവാഹമോചനത്തിലും ഒക്കെ ചെന്നെത്തുന്നത്. ബവറിജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റിനു മുന്നിൽ നീളുന്ന നിരയുടെ പിന്നിലും ഈ സ്വഭാവപരമായ രോഗാവസ്ഥയുടെ കാരണങ്ങൾ കാണാം.
എന്തായാലും ഷറപ്പോവയെ കിട്ടിയതുകൊണ്ട് കുറേ ട്രോൾമാരുടെ കെട്ടിക്കിടന്ന അക്രമാധാര-വികാര-ധാതുഘടകങ്ങൾ പുറത്തുപോയിട്ടുണ്ടാവും. കുറച്ചുകഴിയുമ്പോൾ അവ വീണ്ടും അടിഞ്ഞുകൂടും. കാരണം, മുന്‍പ് സന്തോഷ് പണ്ഡിറ്റ് വിഷയത്തിലും ഇതേ പ്രവണതകളാണ് മലയാളി പ്രദര്‍ശിപ്പിച്ചത്. ഇത് സാമൂഹിക ചികിത്സ ആവശ്യമായ രോഗമാണ്. 1983 എന്ന മലയാള ചലച്ചിത്രത്തിലെ സച്ചിൻ ഭ്രാന്തനായ നായകന്റെ ഭാര്യ ആദ്യരാത്രിയിൽ ചുമരിലെ സച്ചിന്റെ ചിത്രം കണ്ട് തനിക്ക് ഹിന്ദി സിനിമാതാരങ്ങളെ വലിയ പരിചയമില്ലെന്ന് പറയുന്നത് അത്ര വലിയ അത്ഭുതമൊന്നുമല്ല. സച്ചിനെ അറിയാത്തവർ ഇന്നും എത്രയോ ഉണ്ടാവും. ഷറപ്പോവയെ മലയാളി നെറ്റ് പൗരന്മാർ ട്രോൾ ചെയ്ത രീതി വെച്ചുനോക്കുമ്പോൾ ഏതെങ്കിലും മലയാളി അറിയാതെ സച്ചിനെ പരിചയമില്ലെന്നെങ്ങാനും പറഞ്ഞാൽ അയാളുടെ ജീവൻ പോലും വേണമെങ്കിൽ അപകടത്തിലായേക്കാം. ഇത് സ്വയവും സാമൂഹികമായും ചികിത്സിച്ചു തന്നെ മാറ്റേണ്ട രോഗം തന്നെ.