സന്നദ്ധസംഘടനകളും സഹായസംഹാരതന്ത്രവും

Glint Staff
Wed, 18-06-2014 01:29:00 PM ;

greenpeace activism

 

ജനായത്ത സംസ്കാരം ജീർണ്ണിക്കുമ്പോൾ അതു നിലനിൽക്കുന്ന രാജ്യത്ത് സ്വാഭാവികമായും അനുബന്ധ ജീർണ്ണതകൾ ഉണ്ടാകും. ഇന്ത്യ ആ പ്രതിഭാസത്തിന്റെ ഉദാഹരണമാണ്. ഇവിടെ നിന്നുകൊണ്ടാണ് സന്നദ്ധ സംഘടനകളെക്കുറിച്ചും അവയെപ്പറ്റി ഇന്റലിജന്‍സ് ബ്യൂറോ പ്രധാനമന്ത്രിയുടെ ഓഫീസിനു സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചും വിലയിരുത്തേണ്ടത്. ഈ അനുബന്ധ ജീർണ്ണതകൾക്ക് ഒരു പ്രത്യേകതയുണ്ട്. ജനായത്തത്തിന്റെ ദൗത്യമായി നിലനിൽക്കേണ്ടതും ശോഭിക്കേണ്ടതും എന്താണോ അതായിരിക്കും ഈ അനുബന്ധ ജീർണ്ണതകളുടെ പ്രകടിത മുഖം. അതിനാൽ ജനായത്തത്തിൽ നിന്ന് ലഭ്യമാവേണ്ടത് അനുബന്ധത്തിൽ നിന്നു ലഭ്യമാകുമെന്ന് ശരാശരി നേർവീക്ഷണത്തിൽ തോന്നും.

 

ജനായത്തത്തിന്റെ അടിസ്ഥാനം നീതിയാണ്. ആ നീതിയുടെ പ്രയോഗശാസ്ത്രമാണ് ജനായത്ത പ്രക്രിയ. ആ നീതി ജനായത്തത്തിൽ അവഗണിക്കപ്പെടുമ്പോഴാണ് അവഗണിക്കപ്പെട്ട ഘടകങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സന്നദ്ധസംഘടനകൾ രംഗപ്രവേശം ചെയ്യുന്നത്. 1950-കള്‍ മുതൽ യു.എസും പാശ്ചാത്യരാജ്യങ്ങളും തുടർന്നുവന്ന പദ്ധതി മറ്റുരാജ്യങ്ങളെ ‘വിദഗ്ദ്ധമായി’ ചൂഷണം ചെയ്യുക എന്നതാണ്. തങ്ങളുടെ ശേഷിയിലേക്ക് മറ്റ് രാജ്യങ്ങൾ ഉണരാതിരിക്കാനും ഉയരാതിരിക്കാനും സമഗ്രപദ്ധതിയാണ് അവർ ആവിഷ്കരിച്ചത്. പ്രത്യക്ഷത്തിൽ രക്ഷയെന്നും പുരോഗമനമെന്നും ആത്യന്തിക മനുഷ്യനന്മയെന്നും നൈതികതയോട് ചേർന്നുനിൽക്കുന്നുവെന്നും മറ്റുള്ളവരെ ബൗദ്ധികമായും ഭൗതികമായും ഉയരാൻ സഹായിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്ന വിധത്തിൽ മറ്റു രാജ്യങ്ങളിൽ പരോക്ഷമായും പ്രത്യക്ഷമായും ഇടപെടുക. പ്രത്യക്ഷത്തിൽ സഹായിച്ചുകൊണ്ട് പരോക്ഷമായി സംഹരിക്കുന്ന തന്ത്രം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഉള്ള ഉടമസ്ഥതതയും ശേഷിയും വിനിയോഗിച്ചുകൊണ്ടാണ് ഇതവർ സാധ്യമാക്കിയത്. ആ ദിശയിലുള്ള ഏറ്റവും വിപുലമായ പ്രവർത്തനങ്ങളിലൊന്നാണ് സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കുക. അതു ചിലപ്പോൾ അന്താരാഷ്ട്രതലത്തിൽ ശ്രംഖലകളുള്ളതാകാം, ഓരോ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതാകാം. ഇന്ത്യയിലുള്ള 20 ലക്ഷത്തിലധികം സന്നദ്ധസംഘടനകളിൽ അത്തരം അജണ്ടകളുമായി പ്രവർത്തിക്കുന്ന ബഹുമാന്യ സന്നദ്ധസംഘടനകൾ ധാരാളമുണ്ട്. ഐക്യരാഷ്ട്രസഭ പോലും പലപ്പോഴും ഇതിനായി വിനിയോഗിക്കപ്പെടുന്ന സംവിധാനമാണെന്ന കാര്യം വിസ്മരിക്കപ്പെട്ടുകൂടാ.

 

ശക്തമായ ജനായത്ത സംവിധാനമുള്ള രാജ്യങ്ങളിൽ അവയെ ദുർബലപ്പെടുത്തിയാൽ മതി, ആ രാജ്യത്തെ ദുർബലമാക്കാനും ഏതുവിധേന ഉപയോഗപ്പെടുത്താനും. ഇന്ത്യയിലെ കാര്യമെടുക്കാം. അഴിമതി, മനുഷ്യാവകാശ ലംഘനം, പരിസ്ഥിതി നാശം, സ്ത്രീസമത്വവും സുരക്ഷയും, ദാരിദ്ര്യം, രോഗപ്രതിരോധം തുടങ്ങി അടിസ്ഥാന വിഷയങ്ങളുടെ പേരിലാണ് ഇന്ത്യയിലെ സന്നദ്ധസംഘടനകൾ പ്രവർത്തിക്കുന്നത്. ഇതിൽ മതസംഘടനകളുടെ സന്നദ്ധസംഘടനകളുമുണ്ട്. ഇവയിൽ 43927 സംഘടനകൾക്കാണ് വിദേശസഹായം ലഭിക്കുന്നത്. കോടാനുകോടി രൂപ വരും ഈ സഹായം. സാമ്പത്തികമായി പരിഹരിക്കാൻ കഴിയുകയാണെങ്കിൽ ഇന്ത്യാമഹാരാജ്യത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന വിധമുളള സഹായമെന്ന് ആലങ്കാരികമായി വസ്തുതയോട് ചേർന്നുനിന്നുകൊണ്ട് പറയാൻ കഴിയും.

 

ഈ സംഘടനകളുടെ സംഭാവനയാണ് ആക്ടിവിസ്റ്റുകൾ. അവർ പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങളെ ആർക്കും ദോഷം പറയാനോ അംഗീകരിക്കാതിരിക്കാനോ പറ്റില്ല. ഇതിനെത്തുടർന്നുണ്ടായ സംസ്കാരം നിഷ്‌കളങ്കരായ ശുദ്ധാത്മാക്കളേയും ആക്ടിവിസ്റ്റുകളാക്കി മാറ്റി. രാഷ്ട്രീയം അഴിമതിക്കാർക്കു മാത്രമുള്ള സങ്കേതമെന്ന പൊതുധാരണയും നിലവിൽ വന്നു. കഴിഞ്ഞ ദശകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ള കാലം വരെ ഈ സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും ഫണ്ട് സ്വീകരിക്കലും ഏറ്റവും ശക്തമായിരുന്നു. അതു വച്ചുനോക്കിയാൽ ഇന്ന് ഇന്ത്യ ഏറ്റവും കുറവ് പരിസ്ഥിതി നാശവും മനുഷ്യാവകാശ ലംഘനവും അഴിമതിയും, വർഗ്ഗീയതയില്ലായ്മയും, രോഗാവസ്ഥ കുറഞ്ഞ ആരോഗ്യപൂർവ്വമായ സമൂഹവുമായി മാറേണ്ടതാണ്. വസ്തുതകൾ പരിശോധിച്ചാൽ കാണാൻ കഴിയുന്ന കാഴ്ച, കേരളമുൾപ്പടെ ഇന്ത്യയൊട്ടുക്ക് കൊടിയ പരിസ്ഥിതി നാശം നേരിട്ട കാലഘട്ടം കഴിഞ്ഞ മൂന്നര ദശകങ്ങൾക്കുള്ളിലാണ്. മരംവെട്ട് മാത്രം പരിസ്ഥിതി നാശമായി കണ്ട് മറ്റുളളതിനെ മറച്ച മറവിലാണ് കേരളത്തിന്റെ വൃക്കയും അന്നദാതസ്ഥാനവുമായിരുന്ന നെൽവയലുകളും ചതുപ്പുകളും നികത്തപ്പെട്ടതെന്ന് ഓർക്കണം.

 

എയിഡ്‌സിനെതിരെയുളള പ്രചാരണം, രോഗം തുറന്നുകൊടുക്കുന്ന മരുന്നുവിപണിയുടെ വിസ്തൃതി വർധിപ്പിക്കാനായി കണ്ടെത്തിയ പ്രചാരണമാർഗ്ഗമായി മാറി. ഇതുസംബന്ധിച്ച കേസ്സ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. പുരോഗമന സ്വഭാവമുള്ള സർക്കാറുകൾക്കും സമൂഹങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാനാകാത്ത അന്തരീക്ഷസൃഷ്ടിയിലൂടെയാണ് അവ ആസൂത്രണം ചെയ്യപ്പെടുന്നത്. ഇതേ തന്ത്രമാണ് പല വാക്സിനേഷനുകളുടേയും പിന്നിലുള്ളതും. ഇതിനെല്ലാം അനുകൂലമായ ഔദ്യോഗിക-സാംസ്കാരിക സാഹചര്യം സൃഷ്ടിക്കലാണ് ഇതിന്റെ പിന്നിലുള്ള തൽപ്പര രാജ്യങ്ങളുടെ ലക്ഷ്യം. ആ രാജ്യങ്ങളെ നിയന്ത്രിക്കുന്ന താൽപ്പര്യസ്രോതസ്സുകളുടെ ലാഭത്തിന്റെ കാറ്റിൽ പറന്നുപോകാവുന്ന ഒരു നുളളുമാത്രമാണ് വിവിധ വഴികളിലൂടെ ഗ്രാന്റുകളും മറ്റ് സഹായനിധികളുമായി സന്നദ്ധസംഘടനകളിലേക്കെത്തുന്നത്.  നിരത്തിൽ വച്ച് അച്ഛന്റേയോ അമ്മയുടേയോ വിരൽത്തുമ്പിൽ നിന്ന് അബദ്ധത്തിൽ അകന്നുപോകുന്ന കുഞ്ഞുങ്ങളെപ്പോലും അനാഥരെന്നു മുദ്രകുത്തി തട്ടിക്കൊണ്ടുപോകുന്ന അനാഥാലയങ്ങളുള്ള നാടാണ് കേരളം. അനാഥർക്കുവേണ്ടിയുള്ള അനാഥാലയങ്ങളുടെ മത്സരവും പരസ്യവുമൊക്കെ ഓർക്കാം.

 

ഇത്തരം സന്നദ്ധസംഘടനകളുടെ ഗൂഢശക്തിയിൽ അകപ്പെട്ടു ഉഴലുകയാണ് യഥാർഥ കരുണയും മനുഷ്യസ്നേഹവും പരിസ്ഥിതിസ്നേഹവുമൊക്കെ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും. ഈ സാഹചര്യത്തിൽ യഥാർഥ ചെറുത്തുനിൽപ്പുകളും സമരങ്ങളും തിരിച്ചറിയാൻ വയ്യാത്ത വിധമുള്ള അന്തരീക്ഷവും നിലവിലുണ്ട്. ആശയക്കുഴപ്പവും സംശവുമാണ് ഏതൊരാളും സമൂഹവും ചൂഷണം ചെയ്യപ്പെടാൻ പാകമായ കാലാവസ്ഥ. ഈ സാഹചര്യത്തിൽ സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണം അനിവാര്യമാണ്. പാവങ്ങൾക്ക് വീട് വയ്ക്കാനെന്ന് മാത്രം പറഞ്ഞുകൊണ്ട് ഇന്ത്യയിൽ അനേകം സന്നദ്ധസംഘടനകൾ വർഷങ്ങളായി ഫണ്ടുകൾ സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട ഫണ്ടുകൊണ്ട് എത്ര ഭവനരഹിതർക്ക് വീടുകിട്ടി എന്ന ലളിതമായ അന്വഷണം നടത്തിയാൽ തന്നെ എളുപ്പം മനസ്സിലാകുന്ന കാര്യങ്ങളുണ്ടാകും. അതുപോലെയാണ് സെമിനാർ വ്യവസായം. അർഥവത്തായ വിഷയങ്ങളിൽ പഞ്ചനക്ഷത്രഹോട്ടലുകളുൾപ്പടെയുള്ള സ്ഥലങ്ങളിൽ നടത്തപ്പെടുന്ന സെമിനാറുകളും അവയ്ക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന തുകയും. അതുപോലെ സമരങ്ങളും. ഈ പൊതുപശ്ചാത്തലത്തിൽ വേണം സന്നദ്ധസംഘടനകളുടെ രാജ്യത്തെ പ്രവർത്തനത്തിലേക്ക് നോക്കാൻ. എങ്കിൽ മാത്രമേ ആത്മാർഥതയോടെ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും സമൂഹനന്മയ്ക്കായി നിലകൊള്ളാനും പറ്റൂ.

Tags: