Skip to main content

 

പതിനാറാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ പത്തിന്. ദേശീയ, അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വേളയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം. എന്നാൽ അത്തരം വിഷയങ്ങൾ കേരളത്തിൽ പിന്നിലേക്കു പോകുമെന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഏകദേശം ഒരേ അവസ്ഥയിൽ രണ്ടു മുന്നണികളും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു.

 

കഴിഞ്ഞ ഒമ്പതുമാസത്തോളമായി കേരളത്തിന്റെ  പൊതു അന്തരീക്ഷത്തിലും ഗൃഹാന്തരീക്ഷത്തിലും സാന്നിദ്ധ്യമായിരുന്നു സോളാർ കേസ് അഥവാ സരിത. തട്ടിപ്പ്, വെട്ടിപ്പ്, സെക്‌സ്, അധികാര ദുർവിനിയോഗം, ചാരപ്പണി എന്നിത്യാദി എല്ലാ ചേരുവകളും ചേർന്നതാണ് ഇപ്പോഴും കത്തിനിൽക്കുന്ന സോളാർ കേസ്.  അതിനോടൊപ്പം എരിവും ചേർത്തുകൊണ്ട്  കസ്തൂരിരംഗൻ റിപ്പോർട്ടും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ കീഴടക്കും. സരിതയും കസ്തൂരിരംഗൻ റിപ്പോർട്ടും ഭരണമുന്നണിയുടെ ഊർജ്ജശോഷണത്തിന് കാരണമാകുമെങ്കിൽ ടി.പി ചന്ദ്രശേഖരൻ വധവും അതിനെത്തുടർന്ന്‍ സി.പി.ഐ.എമ്മിലുണ്ടായ ആന്തരിക സംഘട്ടനങ്ങളും സി.പി.ഐ.എമ്മിന്റെ പൊതു സമീപനവും ഇടതുപക്ഷ മുന്നണിയെ പ്രതിരോധത്തിലാക്കുന്നു.

 

മൂന്നാം ബദലില്ലാത്ത കേരളത്തിൽ അതിനുള്ള ശ്രമം ആം ആദ്മി പാർട്ടി നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആ പാർട്ടിക്ക് കേരളത്തിൽ വിശ്വാസ്യത നേടാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ കാസർഗോഡ് ലോകസഭാ സ്ഥാനാർഥി കെ.സുരേന്ദ്രൻ വ്യക്തിപരമായി സോളാർ കേസ് സംബന്ധിച്ചു നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന് നേട്ടം ഉണ്ടാക്കുന്നതിൽ സഹായകമായിട്ടുണ്ട്. അതിനപ്പുറത്തേക്ക് ബി.ജെ.പിക്ക് ഉയരാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, മറ്റെന്നത്തേക്കാളും ഉൾപ്പാർട്ടിപ്പോരിൽ ബി.ജെ.പി അകപ്പെട്ടിരിക്കുന്ന സമയവുമാണിത്.

 

എത്രതന്നെ പ്രചാരണം ഏതു ഭാഗത്തു നിന്നുണ്ടായാലും മിക്ക വസ്തുതകളും സാധാരണ ജനം മനസ്സിലാക്കിയ അവസ്ഥയുണ്ട്. ഈ അവസ്ഥയിൽ, പ്രതീക്ഷയർപ്പിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ നിവൃത്തിയില്ലാത്ത ഗതികേട് കേരളത്തിലെ വോട്ടർമാർ നേരിടുന്നു. മസാല ആവോളം രുചിക്കുകയും അതു കഴിച്ചാൽ ഉണ്ടാകുന്ന ദോഷഫലം അറിയുകയും ചെയ്യാമായിരുന്നിട്ടും ശീലമായതിന്റെ പേരിൽ അതൊഴിവാക്കാൻ പറ്റായ്കയും മറ്റ് നല്ല ഭക്ഷണത്തിന്റെ ലഭ്യതയില്ലായ്മയും എന്നപോലെ ഒരവസ്ഥയാണ് കേരളത്തിലെ നിർണ്ണായക വോട്ടർമാർ നേരിടുന്നത്. എരിവും പുളിയും  വല്ലാതെ കണ്ട് അമിതമായാൽ ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ്. അത് ശരീരത്തെ മൊത്തമായും അതുമൂലം മർമ്മാവയവങ്ങൾക്കും നാശം വരുത്തുമെന്നുള്ളത് ഉറപ്പ്.

 

അതിനാൽ, ചാനലുകളിലൂടെ ഈ സരിതയും കസ്തൂരിരംഗൻ റിപ്പോർട്ടും ടി.പി.വധവും വി.എസ്-പിണറായി പിണക്കരസതന്ത്രങ്ങളും എല്ലാം കൂടി കൂട്ടിക്കുഴച്ച് ലഭ്യമാക്കുമ്പോൾ അതുകാണുന്ന വ്യക്തികൾക്ക് തീരുമാനിക്കാവുന്നതാണ് അത് എത്രമാത്രം ഭക്ഷിക്കണമെന്ന്. അല്ലെങ്കിൽ ശാരീരികമായും മാനസികമായും വൈകല്യങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യത ഏറെയാണ്. ഒരു വർഷത്തോളം കാലം ഏതാണ്ട് ഒരേ മസാല മാധ്യമങ്ങളിലൂടെ ആഹരിക്കേണ്ട ഗതികേട് ഇന്ത്യയിൽ മലയാളിക്ക് മാത്രം ഉണ്ടായിട്ടുള്ള പ്രത്യേക സാഹചര്യമാണ്.