സുധീരന്റെ മുന്നിലെ ചരിത്രനിയോഗം

Glint Staff
Mon, 10-02-2014 06:44:00 PM ;

vm sudheeranകോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ പുകഞ്ഞും കത്തിയും വീണ്ടും പുകഞ്ഞും നീറിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് കെ.പി.സി.സി അധ്യക്ഷനായി വി.എം സുധീരന്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. പ്രശ്നങ്ങള്‍ തുടങ്ങിയത് ഈ മന്ത്രിസഭയുടെ രൂപീകരണം മുതലും. വി.എം സുധീരന്റെ കെ.പി.സി.സി അധ്യക്ഷ നിയമനം ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ അഴിമതി രഹിത പ്രതിച്ഛായയിലൂടെയാണ്. ആ പ്രതിച്ഛായക്ക് ഇത്രയും പ്രാധാന്യം ലഭിക്കാന്‍ കാരണം മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും പ്രതിച്ഛായ ദയനീയമാം വിധം താണുപോയതാണ്. ആ പ്രതിച്ഛായത്തകര്‍ച്ച കഴിഞ്ഞ എട്ടൊന്‍പതു മാസമായുള്ള കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതിയുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു.

 

ഏതാണ്ട് ആറു മാസത്തിലധികം സോളാര്‍ കേസ് സംസ്ഥാന ഭരണത്തെ സ്തംഭനത്തിലാക്കി. നികുതിപ്പിരിവും റവന്യു വരുമാനവും വളരെ കുറഞ്ഞു. വ്യാജമദ്യ കള്ളക്കടത്ത് എന്നത്തേക്കാളും ഉയര്‍ന്ന തോതിലായി. അരാജകത്വ സമാനമായ അന്തരീക്ഷമാണ് ഇടതുപക്ഷത്തിന്‍റെ മുല്ലപ്പൂ വസന്ത മാതൃകയിലുള്ള സെക്രട്ടറിയേറ്റ് വളയല്‍ സമരം വരെ കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ആ സമരത്തിന്റെ പരാജയം ഉമ്മന്‍ചാണ്ടിക്കും മന്ത്രിസഭക്കും വിജയമായി. തുടര്‍ന്നുണ്ടായ പ്രതിപക്ഷത്തിന്റെ സമരപരിപാടികളും അവയോട് പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായ ആഭിമുഖ്യമില്ലായ്മയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ വീഴ്ചയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പ്രാപ്തമാക്കി. തുടര്‍ന്ന് രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.ഐ.എമ്മിന് വീണുകിട്ടിയ അവസരങ്ങളൊന്നും തന്നെ ക്രിയാത്മകമായ ജനാധിപത്യ വിനിയോഗത്തിന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരേ സമയത്ത് പ്രതിസന്ധിയിലായ പ്രതിപക്ഷവും ഭരണപക്ഷവും. തങ്ങളുടെ പ്രതിസന്ധികള്‍ മറികടക്കുന്നതിന് ഇരുപക്ഷവും പ്രതിസന്ധിയുടെ മൂര്‍ധന്യവേളകളില്‍ പരസ്പരം രക്ഷാനടപടികളില്‍ ഏര്‍പെട്ടതായി ആരോപണങ്ങളും ഉയരുകയുണ്ടായി. ഇടതുപക്ഷത്തെ സംബന്ധിച്ച് വി.എസ് അച്യുതാനന്ദന്റെ നിലപാടും പാര്‍ട്ടിയിലെ ഉള്‍പോരും ഒരു പരിധിവരെ മുന്നണി എന്ന നിലയില്‍ അവരെ നിഷ്ക്രിയരാക്കിയിട്ടുണ്ട്.  

 

ആക്ഷേപങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴുകി ഐക്യം നഷ്ടപ്പെട്ട അവസ്ഥയില്‍ ഐക്യജനാധ്യപത്യ മുന്നണിയും ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.എസിന്റെ പരസ്യനിലപാട് മൂലം ദുര്‍ഘടാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ്‌ ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കാണുന്ന ചിത്രം. ഇതിനിടയില്‍ ഒട്ടേറെ ജാതിമത അടിയൊഴുക്കുകളും സജീവമായി അരങ്ങേറുന്നു.  

 

ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ  കെ.പി.സി.സി അധ്യക്ഷ സ്ഥാനാരോഹണം പുത്തന്‍ പ്രതീക്ഷകള്‍ക്കൊപ്പം സങ്കീര്‍ണ്ണതകളും ഉയര്‍ത്തുന്നത്. സുധീരന് ലഭ്യമായിരിക്കുന്ന ഈ ചരിത്ര നിയോഗത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അറിയാന്‍ കഴിയും. കളങ്കിതരായവരെ ഒഴിവാക്കി സമര്‍ത്ഥരും അഴിമതിവിമുക്തരുമായവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള അവസരമാണ് സുധീരന് കൈവന്നിരിക്കുന്നത്. എ.കെ ആന്റണിയുടെ ഉറ്റ സുഹൃത്താണെങ്കിലും, ഇപ്പോഴത്തെ നിയമനത്തില്‍ ആന്റണിയുടെ പങ്ക് നിര്‍ണ്ണായകമാണെങ്കിലും സുധീരന്‍ പ്രത്യക്ഷത്തില്‍ ഗ്രൂപ്പ് രഹിതനാണ്. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍  ഗ്രൂപ്പ് ഭേദമന്യേ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് സുധീരന്‍. ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ പിന്തുണയാണ് സംസ്ഥാനനേതൃത്വം മുഴുവനും എതിര്‍ത്തിട്ടും സുധീരനെ കെ.പി.സി.സി അധ്യക്ഷന്‍ ആക്കിയത്.

 

അതിനാല്‍, ഹൈക്കമാന്‍ഡിനോളം ശക്തമായ കെ.പി.സി.സി അധ്യക്ഷ പദവിയാണ്‌ സുധീരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇന്നത്തെ കേരള സാഹചര്യത്തില്‍ യുക്തമായ സംഘടനാ തീരുമാനങ്ങളെടുക്കാനും സുധീരനെ അത് പ്രാപ്തമാക്കുന്നു. ആ അനുകൂലാവസ്ഥ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടിയിലും മുന്നണിയിലും ക്രിയാത്മകമായി വിനിയോഗിക്കുകയാണെങ്കില്‍ 2014 ലോകസഭാ തെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണിക്ക്‌ വളരെ അധികം അനുകൂലമാവാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്.

Tags: