ജമാഅത്തേ ഇസ്ലാമിയെ സര്‍ക്കാര്‍ നിരീക്ഷിക്കുമ്പോള്‍

Glint Staff
Thu, 30-01-2014 03:45:00 PM ;

jamaat head quarters

 

ജമാഅത്തേ ഇസ്ലാമിയുടെ ഭരണഘടന രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്തതും ദേശവിരുദ്ധവുമാണെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ദേശവിരുദ്ധമായ ഭരണഘടനയുള്ള സംഘടനയുടെ പ്രവർത്തനം ദേശവിരുദ്ധം തന്നെയാവും. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ആ സംഘടനയുടെ പ്രവർത്തനത്തെ നിരോധിക്കാൻ കഴിയാത്തതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു.  ആ ഭാഗം ഉയർത്തിപ്പിടിച്ചുകൊണ്ട് ഉടൻ തന്നെ കണ്ണൂരിൽനിന്ന് ജമാഅത്തേ ഇസ്ലാമി ഹിന്ദിന്റെ അസിസ്റ്റൻറ് അമീർ ഷേക്ക് മുഹമ്മദ് കാരക്കുന്ന് പ്രസ്താവനയിറക്കി. അതായത് തങ്ങളുടെ മതത്തെക്കുറിച്ചുള്ള തികഞ്ഞ അജഞത മൂലമാണ് ഇത്തരത്തിൽ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന്.

 

സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലത്തിലെ പൊതുഘടകം എന്നു പറയുന്നത് ഈ സംഘടനയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തെളിവില്ല എന്നതാണ്. അതേസമയം, ഇടതുതീവ്ര, മതതീവ്ര സംഘടനകളുമായി ജമാഅത്തേ ഇസ്ലാമി സഹകരിച്ചു പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാല്‍, രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാണെന്ന്‍ അറിയിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സൂചന ഒളിഞ്ഞുള്ള പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട് എന്നാകാം. തെളിഞ്ഞുള്ള പ്രവർത്തനത്തെക്കാളും അപകടകരമാണ് ഒളിഞ്ഞുള്ള പ്രവർത്തനം. കാരണം തെളിഞ്ഞുള്ള പ്രവർത്തനത്തിൽ പ്രതിരോധത്തിനുള്ള അവസരമുണ്ട്. എന്നാൽ ഒളിഞ്ഞുള്ളതിൽ മരണത്തെ നേരിടുമ്പോൾ മാത്രമേ മരിക്കുന്നയാൾ താൻ ആക്രമിക്കപ്പെടുകയാണെന്ന് അറിയുക. അപ്പോഴേക്കും രക്ഷപ്പെടാനുള്ള അവസാന പഴുതും അടഞ്ഞിരിക്കും.

 

എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും അതിനേയും പേറി ശക്തമായി മുന്നോട്ടുപോകുന്നു എന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത. ഈ ജനാധിപത്യം ലഭ്യമാക്കുന്ന സ്വാതന്ത്ര്യം ഇന്ന് ഉപയോഗപ്പെടുത്തുന്നതിനേക്കാൾ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലഭ്യമായ സ്വാതന്ത്ര്യാന്തരീക്ഷത്തിൽ പുരോഗമനമുദ്ര അണിഞ്ഞുകൊണ്ടും മതേതരത്വത്തെ കൂട്ടുപിടിച്ചുകൊണ്ടും  ജനാധിപത്യത്തേയും ദേശത്തേയും തകർക്കുന്ന വിധമുള്ള പ്രവർത്തനങ്ങളിൽ ധാരാളം സംഘടനകളും വ്യക്തികളും ഇന്ന് സജീവമാണ്. കേരളത്തിലും ഈ പ്രവർത്തനത്തിന്റെ സ്വാധീനം അതിശക്തമാണ്. ജമാഅത്തേ ഇസ്ലാമി പരോക്ഷമായ പ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നുള്ള ആരോപണം ഏറെ നാളായി നിലനിൽക്കുന്നതാണ്. മുഖ്യധാരാ മാധ്യമങ്ങളെ തന്ത്രപരമായി സ്വാധീനിച്ച് തങ്ങളുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആശയപ്രചരണത്തിൽ ഈ സംഘടന ഏർപ്പെടുന്നതായാണ് മുഖ്യ ആരോപണം. ജമാഅത്തേ ഇസ്ലാമിയിൽ നിന്ന് നേരിട്ട് ഗുണം ലഭിക്കുന്നവരും അല്ലാതെ തന്നെ തങ്ങൾ അറിയാതെ ആശയമാസ്മരികതയിലൂടെ ആ വഴിയിലെത്തുന്നവരും കേരളത്തിൽ മാധ്യമപ്രവർത്തകരുടെ ഇടയിൽ ഉണ്ടെന്ന് ആരോപണം മുൻപ് ഉണ്ടായിട്ടുണ്ട്. അതിനും തെളിവുകളൊന്നുമില്ല.

 

ഈ സംഘടനയുടെ രക്ഷാകര്‍തൃത്വത്തിന് കീഴിലലെന്ന്‍ പറയപ്പെടുന്ന സ്ഥാപനങ്ങൾ പ്രകടിതമാക്കുന്ന നിലപാട് പ്രത്യക്ഷത്തിൽ ആർക്കും മോശമെന്നോ ദേശവിരുദ്ധമെന്നോ കാണാൻ കഴിയുന്നതല്ല. മതേതരത്വം, സ്ത്രീസമത്വം, പുരുഷാധിപത്യം, വർഗ്ഗീയത, ഹിന്ദുമേൽക്കോയ്മ എന്നിത്യാദി വിഷയങ്ങളായിരിക്കും സമകാലിക ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ സംഘടന ബൗദ്ധിക ചർച്ചാവിഷയമാക്കുക. സ്വാഭാവികമായും ഇത്തരം ചർച്ചകളിൽ ബുദ്ധിജീവികൾ പങ്കെടുക്കും. പുരോഗമന ബുദ്ധിജീവികളുടെ ആശയങ്ങൾക്ക് ആക്രമണോത്സുകതയും പ്രകടമായി പുരോഗമന സ്വഭാവവും ഉണ്ടാവുന്നതിനാൽ മാധ്യമങ്ങളുടെ പൊതു സമീപനവും അതിനോട് ചേർന്നുനിൽക്കുന്നു. വാർത്താനിർണ്ണയത്തിൽ പോലും മാധ്യമങ്ങളെ ഈ ചിന്താപദ്ധതി അറിയാതെ സ്വാധീനിക്കുന്നതായി കാണാൻ കഴിയും. എല്ലാ ചർച്ചകളുടേയും ഒടുവിൽ സ്ഥാപിതമാകുന്നത് ഇന്ത്യൻ ജനാധിപത്യം പരാജയമാണ്, നീതി ലഭിക്കേണ്ടവർക്ക് നീതി നിഷേധിക്കപ്പെടുന്നു, സവർണ്ണാധിപത്യത്തിന്റെ പിടിയിലാണ് ജനാധിപത്യവും മാധ്യമങ്ങളും  എന്നൊക്കെയാണ്. അതോടൊപ്പം ഇപ്പറഞ്ഞ വിഷയങ്ങളുടെ പേരിലുണ്ടാവുന്ന അക്രമങ്ങളേയും അത്തരം ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന സിനിമകളും മറ്റ് കലാസൃഷ്ടികളും ഉദാത്തമെന്ന് പ്രചരിപ്പിക്കപ്പെടുകയും അവയുടെ കർത്താക്കൾ വളരെ എളുപ്പം മാധ്യമാന്തരീക്ഷത്തിലൂടെ ബുദ്ധിജീവിപ്പട്ടികയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്.

 

ഇന്ത്യൻ ജനാധിപത്യം പരാജയമെന്ന തിരിച്ചറിവു കൊണ്ടാണ് അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന കലാസൃഷ്ടികള്‍ അനുപാതരഹിതമാം വിധം വാഴ്ത്തപ്പെടുന്നത്. ഇതുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനാ കാഴ്ചപ്പാടും പ്രവർത്തന അടിത്തറയും. അതുകൊണ്ടാണ് സത്യവാങ്മൂലത്തിൽ പറയുന്ന വിധം ഈ സംഘടന ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളിലും സർക്കാർ ഉദ്യോഗങ്ങളിലുമൊന്നും വിശ്വസം അർപ്പിക്കാത്തത്.

 

ഈ സംഘടനയ്ക്കും അതിന്റെ പ്രവർത്തനത്തിനും ലഭ്യമാകുന്ന തടസ്സമില്ലാത്ത ധനാഗമ മാർഗ്ഗത്തെക്കുറിച്ച് അന്വേഷിക്കേണ്ട ചുമതല സർക്കാറിനുള്ളതാണ്. എന്നാൽ അത്തരത്തിൽ ഗൗരവമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നില്ല. സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളിൽ സർക്കാരിന് ഉത്തമബോധ്യമുണ്ടെങ്കിൽ സമഗ്ര അന്വേഷണം നടത്തി സത്യവസ്ഥ പുറത്തു കൊണ്ടുവരേണ്ടതാണ്. അല്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.  പ്രതികരണത്തിന്റെ പേരിൽ അക്രമത്തേയും കുറ്റകൃത്യങ്ങളേയും പൊതുസമൂഹം സ്വീകരിക്കുന്ന അവസ്ഥയിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തെ കാണാതിരുന്നിട്ടും കാര്യമില്ല. അതിനു മുഴുവൻ ഉത്തരവാദി ജമാഅത്തേ ഇസ്ലാമി ആണെന്നല്ല. എന്നാൽ അത്തരമൊരു അന്തരീക്ഷം ആശയപരമായി ചിന്താഗതിയിൽ കടന്നുകൂടുന്ന ഹിംസ്രാത്മകതയില്‍ നിന്നുണ്ടാകുന്നതാണ്.

Tags: