രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പേരെ കുറ്റവാളികളായി വിചാരണക്കോടതി കണ്ടെത്തിയിരിക്കുന്നു. ഇതില്‍ ഏഴുപേര്‍ക്കെതിരെ കൊലക്കുറ്റവും മൂന്ന്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ ഗൂഡാലോചനയും മറ്റ് രണ്ട് പേര്‍ക്കെതിരെ പ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്നും കോടതി കണ്ടെത്തി. അതേസമയം, പ്രോസിക്യൂഷന്‍ പ്രതിചേര്‍ത്ത 24 പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു. ഇതില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനും ഉള്‍പ്പെടും.
വധത്തിന്റെ ഗൂഡാലോചനയില്‍ സി.പി.ഐ.എമ്മിനുള്ള പങ്കെന്താണ് എന്ന വിഷയമാണ് വിധിയോടുള്ള പ്രതികരണങ്ങളില്‍ നിറഞ്ഞത്. സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന്‍ പാര്‍ട്ടിയെ കുറ്റവിമുക്തമാക്കുന്ന വിധിയാണ് വന്നതെന്ന് പി. മോഹനനെ വിട്ടയച്ചത് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും പറയുന്നു. എന്നാല്‍, രണ്ട് ജില്ലകളിലെ പാര്‍ട്ടി നേതാക്കള്‍ കുറ്റവാളികളെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു എന്നാണ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നത്.
ആരോപണ-പ്രത്യാരോപണങ്ങള്‍ തല്‍ക്കാലം മാറ്റിനിര്‍ത്തിയാലും ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നു എന്ന്‍ വിചാരണക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഈ ഗൂഢാലോചന വ്യക്തിപരമാണോ രാഷ്ട്രീയപരമാണോ എന്നതില്‍ പക്ഷെ, കോടതിയുടെ വിധിയും അവ്യക്തത പുലര്‍ത്തുകയാണ്. ഈ അവ്യക്തതയാണ് ഒരേ വിധിയ്ക്ക് നേര്‍വിപരീതമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലേക്ക് നയിക്കുന്നത്. സി.പി.ഐ.എം വിട്ട് ടി.പി ചന്ദ്രശേഖരന്‍ രൂപീകരിച്ച റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സി.പി.ഐ.എമ്മും തമ്മില്‍ ഒഞ്ചിയം മേഖലയില്‍ നടന്ന സംഘര്‍ഷങ്ങളും രാഷ്ട്രീയ ശത്രുതയും കോടതി വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊല നടത്തിയ ഏഴുപേര്‍ക്ക് ടി.പി ചന്ദ്രശേഖരനുമായി വ്യക്തിവൈരാഗ്യം ഒന്നുമില്ലെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഗൂഡാലോചനയുടെ സാധ്യതയേ അവശേഷിക്കുന്നുള്ളൂ.
ചുരുക്കത്തില്‍, കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ടി.പി ചന്ദ്രശേഖരന്റെ വധം എന്നതാണ് സമൂഹത്തിന് മുന്നിലുള്ള യാഥാര്‍ഥ്യം. കൊല ചെയ്തവരെന്നും ഗൂഡാലോചന നടത്തിയവരെന്നും നിലവില്‍ കണ്ടെത്തിയിരിക്കുന്നത് തങ്ങളുടെ അണികളേയും നേതാക്കളേയുമാണെന്ന യാഥാര്‍ഥ്യം സി.പി.ഐ.എമ്മിന് മുന്നിലുണ്ട്. എന്നാല്‍, വധത്തിന്റെ ഗൂഡാലോചന സംബന്ധിച്ച് തങ്ങളുടെ വാദം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം പ്രോസിക്യൂഷനും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇതാണ് ഈ കേസിലെ ഗൂഡാലോചനാ കുറ്റത്തെ അവ്യക്തതയുടെ മറവില്‍ നിര്‍ത്തുന്നത്. അതായത്, രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആദ്യമായിട്ടാണ് ഗൂഡാലോചനാ കുറ്റത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ടി.പി വധത്തില്‍ ഇനിയും വെളിച്ചം വീണിട്ടില്ലാത്ത ഭാഗങ്ങള്‍ അവശേഷിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു അവ്യക്തത നമ്മുടെ കുറ്റാന്വേഷണ-നീതിന്യായ സംവിധാനത്തെ പറ്റി സമൂഹത്തിന് നല്‍കുന്ന സന്ദേശം ഗുണകരമാകില്ല.