കേരളത്തിന്റെ മനോരോഗവും അക്രമവും

Fri, 01-11-2013 04:15:00 PM ;

ommen chandy shows woundനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം  അമ്മയുടെ കാമുകൻ തല്ലിക്കൊന്നു കൂഴിച്ചുമൂടി. അതും അമ്മയുടെ അറിവോടെ. ഒമ്പതു മാസമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത്തരം വാർത്തകൾ ഇപ്പോൾ കേരളത്തിൽ പുതുമയല്ലാതായി മാറിയിരിക്കുന്നു. ഇത് സാമൂഹികമായ രോഗാവസ്ഥയുടെ പ്രതിഫലനമാണ്. ആ രോഗാവസ്ഥയെ പൊതുവായി മാനസികാരോഗ്യക്കുറവായി കാണാം. മാനസികാരോഗ്യക്കുറവിന്റെ വികൃതരൂപമാണ് അക്രമം. അക്കാര്യത്തിൽ സംശയത്തിന്റെ കാര്യമില്ല. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ വച്ചുണ്ടായ അക്രമവും,  ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചതും തുടർന്ന് ഏറ്റവുമൊടുവിൽ കണ്ണൂർ ഡി.സി.സി ഓഫീസിനു നേരേ നടന്ന ആക്രമണവുമെല്ലാം കേരളത്തെ ബാധിച്ചിരിക്കുന്ന ഈ മാനസികാരോഗ്യക്കുറവിന്റെ ലക്ഷണങ്ങളാണ്. മുറിവേറ്റിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനായി മാധ്യമപ്രവർത്തകരുടെ മുന്നിൽ പരസ്യമായി നെഞ്ചത്തൊട്ടിച്ചിരുന്ന പ്ലാസ്റ്റർ ഇളക്കികാണിച്ച മുഖ്യമന്ത്രിയും ആരോഗ്യകരമായ ഒരു പ്രവൃത്തിയിലല്ല ഏർപ്പെട്ടത്. വിശേഷിച്ചും മുഖ്യമന്ത്രി ഒരിക്കലും അങ്ങിനെ കാണിക്കാൻ പാടില്ലായിരുന്നു. കാരണം അദ്ദേഹം ലീഡറാണ്. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം അദ്ദേഹം ഭരണഘടനാപരമായും അല്ലാതെയും കേരളത്തിന്റെ നേതാവാണ്. അടിസ്ഥാനപരമായി നേതാവിനു വേണ്ട  ഗുണവിശേഷം നേതാവ് കരയാൻ പാടില്ല എന്നുള്ളതാണ്. കരയുന്നവർക്ക് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കഴിയില്ല. അവിടെയാണ് നേതാവും സാധാരണ ജനങ്ങളും തമ്മിൽ വ്യത്യസ്തരാകുന്നതും  ആകേണ്ടതും. കരയുന്നവന്റെ കണ്ണുനീരൊപ്പുന്നവനായിരിക്കണം നേതാവ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തനിക്കേറ്റ മുറിവ് മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതോടൊപ്പം കൊഴിഞ്ഞുവീഴുന്ന ഒട്ടേറെ സംഗതികളുണ്ട്. വ്യക്തിതലത്തിലും സാമൂഹികമായും വൈകാരിക തലത്തിലും മൂല്യങ്ങളുടെ കാര്യത്തിലും. മുഖ്യമന്ത്രി ഒരിക്കലും സഹതാപം ലഭിക്കേണ്ട വ്യക്തിയല്ല. സഹതാപം ദുർബലരുടെ ആവശ്യമാണ്. മുഖ്യമന്ത്രി ദുർബലമായാൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും.

 

പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റേയും അതേ നിലവാരത്തിലുളള സീരിയലുകളും  ഏതാണ്ട് അതേ ചേരുവകൾ എല്ലാ പരിപാടികളിലും ചേർത്ത് വിപണന സാധ്യതയോടെ ഉള്ളടക്കമുണ്ടാക്കുന്ന മാധ്യമ സംസ്‌കാരം ഇന്നത്തെ യാഥാർഥ്യമാണ്. ആ സംസ്‌കാരം വ്യക്തിയുടേയും സമൂഹത്തിന്റേയും രാഷ്ട്രീയപ്രവർത്തകരുടേയും സ്വഭാവത്തെ ബാധിച്ചിരിക്കുന്നു. കാരണം അതിന്റെ വിപണന സാധ്യതയുടെ തലത്തിലാണ് എല്ലാവരും എപ്പോഴും എല്ലാ പ്രവൃത്തിയിലും ഏർപ്പെടുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നത് വെറുമൊരു വ്യക്തിക്കോ നേതാവിനോ ഏൽക്കുന്ന ആക്രമമല്ല. അത് സ്റ്റേറ്റിനേൽക്കുന്ന ക്ഷതമാണ്. മുഖ്യമന്ത്രിയുടെ ജീവന് പോലും പോറലേൽക്കാതെ സംരക്ഷിക്കാൻ കഴിയാത്ത പോലീസിന് എങ്ങിനെ സംസ്ഥാനത്തെ സാധാരണ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുമെന്ന കാതലായ ചോദ്യവും ഉയർന്നുവരുന്നുണ്ട്.

 

ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനവും മാധ്യമ കേന്ദ്രീകൃതമായാണ് നീങ്ങുന്നത്. മാധ്യമങ്ങൾ വാർത്തയുടെ പ്രചാരത്തിനായി പൈങ്കിളി മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്. അതിനാൽ സീരിയൽ ധാതുക്കൾ എല്ലാം വാർത്തയിലുണ്ടാകും. അതിൽ പ്രധാനം പരസ്പരം നേതാക്കളും പാനലിസ്റ്റുകളും അണിനിരന്ന് വാക്കുകൾകൊണ്ടുള്ള കൊടിയ അക്രമമാണ്. പരസ്പരം വ്യക്തിഹത്യതന്നെയാണ് പലപ്പോഴും നടക്കുന്നത്. അത് ഒന്നാംതരം അക്രമം തന്നെ. വാക്കുകൊണ്ടുള്ള അക്രമം അപര്യാപ്തമെന്നു വരുമ്പോഴാണ് ശാരീരികമായി അക്രമത്തിലേക്കു കടക്കുന്നത്. കരിങ്കൊടി കാണിക്കുന്ന പ്രക്ഷോഭകർ മുഖ്യമന്ത്രി വരുമ്പോൾ പാഞ്ഞടുക്കുന്നത് അക്രമാസക്തരായാണ്. ശരിയാണ്, അക്രമം അവർക്ക് ഉദ്ദേശ്യമില്ലെങ്കിലും. പോലീസ് തടയുമ്പോൾ അവരുടെ ഉന്തലും തള്ളലും ആവേശവും കോപം കൊണ്ട് പതിച്ച അബോധാവസ്ഥയുടേതാണ്. പോലീസ് ബാരിക്കേഡുകൾ തള്ളുന്ന സമരക്കാരെ കാണുമ്പോൾ ബാരിക്കേഡിനോട്‌ ഏതോ പക വീട്ടുന്നതുപോലെയാണ് തോന്നുക.  ഏതു സമരക്കാരാണെങ്കിലും ഇന്ന് ഈ അവസ്ഥയാണ്.  അക്രമം പ്രാകൃതാവസ്ഥയെയാണ് കാണിക്കുന്നത്.  അൽപ്പമെങ്കിലും മനുഷ്യഗുണം പ്രബലമായി നിൽക്കുന്ന സാധാരണ ജനങ്ങളിൽ ഇത്തരം സമരം അറപ്പാണുളവാക്കുന്നത്. മതത്തിന്റെയും ആചാരങ്ങളുടേയും പേരിൽ നടക്കുന്ന യുക്തിഹീനമായ അന്ധവിശ്വാസാധിഷ്ഠിത ആചാരങ്ങളേക്കാൾ നികൃഷ്ടമാണ് ജനായത്ത വ്യവസ്ഥയുടെ  പേരിൽ നടക്കുന്ന ഈ അക്രമാചാരം. സംസ്‌കാരമുള്ള ജനങ്ങൾ സ്വയം നിയന്ത്രിതമായി സമൂഹമായി ജീവിക്കാൻ കണ്ടെത്തിയ സാംസ്‌കാരിക വ്യവസ്ഥിതിയാണ് ജനായത്ത സംവിധാനം.

 

മാനസികാരോഗ്യം തീരെ കുറയുന്ന അവസ്ഥയ്ക്കാണ് ഭ്രാന്തെന്നു പറയുന്നത്. ഒറ്റയ്ക്കും അല്ലാതെയും സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതികൾ  ആ അവസ്ഥയെയാണ് ഓർമ്മിപ്പിക്കുന്നത്. സ്മാരകം കത്തിക്കുന്നവരും ഓഫീസ് കത്തിക്കുന്നവരും ഏതു പ്രസ്ഥാനത്തിൽ പെട്ടവരാണെങ്കിലും സാമൂഹ്യവിരുദ്ധർ എന്നതിനേക്കാളുപരി മാനസിക രോഗികളാണ്. അത്തരം മാനസികരോഗികൾ ഒരു പ്രസ്ഥാനത്തിനും നല്ലതല്ല. അത് നിയന്ത്രിച്ചില്ലെങ്കിൽ ഇത്തരം മാനസികരോഗികളുടെ നേതാക്കന്മാരായി അവരുടെ മനോദൗർബല്യത്തിന്റെ ഫലമായുണ്ടാകുന്ന ചെയ്തികളെ ന്യായീകരിച്ച് സ്വയം നശിക്കുന്ന സാഹചര്യം വരും. അക്രമം കാട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകുക എന്നത് ആവശ്യമാണ്. ഇവിടെ ആരോപണ പ്രത്യാരോപണ പ്രളയത്തിൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന മനോരോഗികളും സ്വൈരമായി വിഹരിക്കുന്നു. ഇത് അരാജകത്വത്തിലേക്ക് നയിക്കും. വിശേഷിച്ചും അത്തരം സംഗതികളിൽ വിപണന സാധ്യത കണ്ട് ഉയർത്തിക്കാട്ടുന്നതിൽ മത്സരിക്കുന്ന മാധ്യമ സംസ്‌കാരം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ .

Tags: