Skip to main content

consumer ministry ad on wasting food

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പൊതുജന താൽപ്പര്യാർഥമുള്ള ഒരു പരസ്യം 2013 ഡിസംബര്‍ 10-ലെ പത്രങ്ങളിൽ വന്നിട്ടുണ്ട്. ആകർഷകമായി ഡിസൈൻ ചെയ്തത്. തലവാചകം പോലെ എഴുതിയിരിക്കുന്നു - ഭക്ഷണം കഴിക്കുന്നത് ഒരു വിനോദമാണ്, പക്ഷേ ഭക്ഷണം പാഴാക്കുന്നത് അപരാധവും. പാഴാക്കുന്നതിനു മുൻപ് നിങ്ങൾ ചിന്തിക്കുക - തുടർന്ന് അരപ്പേജ് പരസ്യത്തിന്റെ ഇടതുഭാഗത്ത് വിശദമായ കുറിപ്പുണ്ട്. അതിങ്ങനെ - അംഗീകരിക്കുന്നു, ആഘോഷവേളയിൽ ഭക്ഷണം വിളമ്പുന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷേ, യാതൊരു പരിധിയുമില്ലാതെ ചിലവഴിച്ച് ഭക്ഷണം പാഴാക്കുന്നത് അധർമ്മമായാണ് പരിണമിക്കുന്നത്. ആവശ്യത്തിനു മാത്രം വിളമ്പുക. ആവശ്യമായ പരിധിയിൽ വിളമ്പുക. അത്യാവശ്യമായ വിശിഷ്ട വിഭവങ്ങൾ  മാത്രം വിളമ്പുക. ഭക്ഷണത്തിനായുളള അപ്രസക്തമായ  അമിതവ്യയം ഒഴിവാക്കുക. ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന സ്ലോഗനും വൃത്തത്തിനുള്ളിൽ പരസ്യത്തിലുണ്ട്.

 

കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യം വളരെ ശരിയും പ്രസക്തവുമാണ്. പരസ്യത്തിന്റെ ഉദ്ദേശ്യം ഉപഭോക്താവിനെ ഈ യാഥാർഥ്യത്തിലേക്ക് ഉണർത്തുക എന്നുള്ളതും. അതിനാൽ അതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി ഒട്ടും തന്നെ ചോദ്യം ചെയ്യപ്പെടുന്നില്ല. മാത്രവുമല്ല, വർത്തമാന കാലത്തെ ഏറ്റവും ഗുരുതരമായ, അടിയന്തരമായി ഒഴിവാക്കേണ്ട ഒരു വിഷയത്തിലേക്കാണ് ആ പരസ്യം വിരൽ ചൂണ്ടുന്നത്. ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി എല്ലാ വിധ ശാസ്ത്രസാങ്കേതിക വിദ്യകളും തത്വദീക്ഷയില്ലാതെ പ്രയോഗിക്കുമ്പോഴും ഉൽപ്പാദിപ്പിക്കപ്പെട്ട ഭക്ഷണം പാചകം ചെയ്തതിനു ശേഷം പാഴാക്കിക്കളയുന്നു. വ്യക്തി തീരുമാനിച്ചാൽ അടുത്ത ഭക്ഷണം മുതൽ ഈ പാഴാക്കൽ അല്ലെങ്കിൽ പരസ്യത്തിൽ പറയുന്നതുപോലുള്ള അപരാധം ഒഴിവാക്കാൻ പറ്റും. മനുഷ്യൻ ഉറക്കമുണർന്നാൽ ഉറങ്ങുന്നിടം വരെ അവൻ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും അവനെ അല്ലെങ്കിൽ അവളെ സ്വാധീനിക്കും. ഓരോ വ്യക്തിയിലും ഓരോ രീതിയിലും ഓരോ അളവിലുമാണെന്നു മാത്രം.  ഈ സ്ഥിതി-ഗതി എഴുതുന്ന വ്യക്തിയും അത്തരമൊരു സ്വാധീനത്തിന്റെ ഫലമായാണ് ഇതെഴുന്നത്. ഭക്ഷണമില്ലെങ്കിൽ മനുഷ്യനുൾപ്പടെ ഒരു ജീവജാലവും ഈ ഭൂമുഖത്തുണ്ടാവില്ല. ഭക്ഷണമാണ് എല്ലാം. ഒരു വ്യക്തി അവൻ കഴിക്കുന്ന ഭക്ഷണമാണെന്ന് ഉപനിഷത്തുകൾ സംശയലേശമന്യേ ഉത്‌ഘോഷിക്കുന്നു. ഭക്ഷണത്തിന്റെ സൂക്ഷ്മമായ അവസ്ഥ മനസ്സായി പരിണമിക്കുന്നു. അതവിടെ നിൽക്കട്ടെ. ഇന്നിപ്പോൾ പൊതുവായി നിലനിൽക്കുന്ന ഒരു ധാരണയാണ് ഭക്ഷണമെന്നാൽ വിനോദമെന്ന്. ക്രമേണ വിനോദത്തിനായുള്ള ഉപാധിയായും ഭക്ഷണം മാറി.

 

ഭക്ഷണം ഒരു ജനതയുടെ പ്രാദേശിക സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തെ വിഭവങ്ങളും അവയുടെ നിലനില്‍പ്പും ആ പ്രദേശത്തെ ജനതയുടെ രുചിയും തമ്മിലൊരു അദൃശ്യമായ പൊക്കിൾക്കൊടി ബന്ധമുണ്ട്. അതാണ് ജൈവവൈവിധ്യവും സമഗ്രമായ പരിസ്ഥിതി സന്തുലനവും ഉറപ്പാക്കുന്നത്. അതിനെ മുറിച്ചാൽ മതി ആ ജനതയെ എല്ലാ തലത്തിലും ഇല്ലായ്മ ചെയ്യാൻ.

 

ഒരു തലത്തിൽ ഭക്ഷണവിപണി അർമാദിച്ച് അമിതലാഭം കൊയ്യുമ്പോൾ മറുതലയ്ക്കൽ ആരോഗ്യവിപണി അഥവാ ആശുപത്രി-മരുന്നു വിപണി വൻകൊയ്ത്തു നടത്തിക്കൊണ്ടിരിക്കുന്നു. മൃതക്ഷീണമായി ജനതയും. ഭക്ഷണത്തെ വിനോദത്തിന് അഥവാ സന്തോഷത്തിനായി കഴിക്കുന്നത് വിഷാദരോഗത്തിന് അടിമപ്പെട്ടവരാണെന്ന് ഇന്ന് പാശ്ചാത്യ മനശ്ശാസ്ത്രവും അടിവരയിട്ട് പറയുന്നു. യു.എസ്സിലെ മൂന്നു കുട്ടികളിൽ രണ്ടുപേർ പൊണ്ണത്തടി (ഒബീസിറ്റി) എന്ന രോഗാവസ്ഥ നേരിടുന്നു. ഭക്ഷണം സന്തോഷത്തോടെ കഴിക്കേണ്ടതാണ്. അല്ലാതെ സന്തോഷത്തിനായി കഴിച്ചാൽ കൂടുതൽ സന്തോഷത്തിന് കൂടുതൽ കഴിച്ചുപോകുന്നത് സ്വാഭാവികം. ഇവിടെയാണ് മനസ്സിലാക്കേണ്ടത്, ഭക്ഷണം ഒരു ജനതയുടെ പ്രാദേശിക സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തെ വിഭവങ്ങളും അവയുടെ നിലനില്‍പ്പും ആ പ്രദേശത്തെ ജനതയുടെ രുചിയും തമ്മിലൊരു അദൃശ്യമായ പൊക്കിൾക്കൊടി ബന്ധമുണ്ട്. അതാണ് ജൈവവൈവിധ്യവും സമഗ്രമായ പരിസ്ഥിതി സന്തുലനവും ഉറപ്പാക്കുന്നത്. അതിനെ മുറിച്ചാൽ മതി ആ ജനതയെ എല്ലാ തലത്തിലും ഇല്ലായ്മ ചെയ്യാൻ. രുചികരമായ ഭക്ഷണം പാചകം ചെയ്ത് രുചികരമായി സന്തോഷത്തോടെ കഴിക്കുക എന്നത് ഏത് വ്യക്തിയുടേയും അവകാശവുമാണ്. കാരണം അവന്റെ ഊർജമാണ് ഭക്ഷണം. അതിനാൽ ഭാരത സംസ്‌കൃതിയിൽ ഭക്ഷണത്തെ ഔഷധമായാണ് കരുതുന്നത്. ആയുർവേദവും അങ്ങനെ തന്നെ. ഒന്നാലോചിച്ചു നോക്കിയാൽ വലിയ ആലോചനയില്ലാതെ ആർക്കും മനസ്സിലാവുന്നതേയുള്ളു. വിത്തൗട്ട് ചായയുടെ കാര്യം മാത്രം മതി. അത് ആഹാരമാണ്, പക്ഷേ മധുരമൊഴിവാക്കി ഔഷധ കാഴ്ചപ്പാടിലാണ് കഴിക്കുന്നത്.

 

വിപണിയുടെ ആവശ്യമാണ് ഭക്ഷണത്തെ വിനോദമാക്കി നിലനിർത്തുക എന്നുള്ളത്. സംസ്കാരമാണ് മുഖ്യധാരാ സമൂഹത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. അതായത് വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ. അവൻ അറിയാതെ അവന്റെ ഉപബോധ മനസ്സിലേക്ക് ഭക്ഷണം കഴിക്കുന്നത് വിനോദമാണെന്ന് ഇറങ്ങിച്ചെന്നാൽ ഭക്ഷണം കൂടുതൽ പാഴാകുന്ന അവസ്ഥയിലേക്കാവും എത്തിച്ചേരുക. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ആലോചിക്കുക. സന്തോഷത്തിനുള്ള ഉപാധി കൂടുതൽ പ്ലേറ്റിൽ നിറച്ച് കൂടുതൽ സന്തോഷം അനുഭവിക്കണമെന്ന ഉദ്ദേശ്യത്തോടെ നിരത്തിയിരിക്കുന്ന മുഴുവൻ സാധനങ്ങളും വാരിയിട്ട് പ്ലേറ്റ് നിറയ്ക്കുന്നു. തിന്നു കുറച്ചു കഴിയുമ്പോൾ വയറ്റിൽ സ്ഥലമില്ലാതെ വരുന്നു. ബാക്കി നിസ്സങ്കോചം ഉപേക്ഷിക്കുന്നു. അതിനാൽ ഉപഭോക്തൃ മന്ത്രാലയത്തിന്റെ ലക്ഷ്യത്തിലേക്ക് ഈ പരസ്യം സഹായകമാകണമെങ്കിൽ ഭക്ഷണം കഴിക്കുന്നത് വിനോദമാണെന്നുള്ള കാഴ്ചപ്പാട് മാറണം. ഭക്ഷണം ഔഷധമാണെന്ന് സാധാരണ ജനത്തോട് പെട്ടന്ന് പറഞ്ഞാൽ ചിലപ്പോൾ അവർക്ക് ദഹിച്ചില്ലെന്നിരിക്കും. വിശപ്പിനു കഴിക്കുന്നതും കഴിക്കേണ്ടതും ആഘോഷവേളകളിൽ സന്തോഷം മനസ്സിലൂടെ മാത്രമല്ല രുചിയിലൂടെ അറിയിക്കുന്നതിനുമാണ് ഭക്ഷണം വിളമ്പുന്നതുമെന്നു പറഞ്ഞാൽ ജനങ്ങൾക്ക് അതു തള്ളിക്കളയാൻ പറ്റില്ല. ഇവിടെയാണ് ആഘോഷ വേളയിൽ കേരളത്തിൽ വിളമ്പുന്ന ഭക്ഷണത്തിന് സദ്യയെന്നു വിളിക്കുന്നതിന്റെ പ്രസക്തി. ശാസ്ത്രനിബദ്ധവും അതേ സമയം ആത്യന്തിക സത്യത്തിന്റെ ഭക്ഷണം പ്രയോഗിച്ചു കൊണ്ടുള്ള പരിഭാഷയാണ് സദ്യ. അതിനാലാണ് സദ് ധാതുവിൽ നിന്ന് ആ വാക്കുണ്ടായത്. സദ്യയിലെ വറുത്തതും വരട്ടിയതുമായ ഇനങ്ങൾ പോലെ  കരുതിയാൽ മതി സ്ഥിതി-ഗതിയിലെ ചില ഭാഗങ്ങളേയും.