ശ്വേത മേനോന്‍ വിവാദം: മൂന്ന്‍ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തം

Tue, 05-11-2013 04:30:00 PM ;

swetha menon scandal

 

ശ്വേത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പരാതി പിൻവലിക്കാൻ പാകത്തിൽ സംഭവിച്ചതെന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തുമോ.

ഏതു കുഞ്ഞു പത്രമായിരുന്നെങ്കിലും എന്തിന് മഞ്ഞപ്പത്രങ്ങൾ പോലും മുൻപ്  ഏതെങ്കിലും പരാതി വാർത്തയാക്കുന്നതിന് മുൻപ് അതുമായി വരുന്നവരോട് ഒരു ചോദ്യം ചോദിക്കുമായിരുന്നു, പോലീസിൽ പരാതി നൽകിയോ എന്ന്. ചാനൽ നിയന്ത്രിത കാലത്ത് അതൊക്കെ പഴഞ്ചൻ ഏർപ്പാട്. എന്തും എങ്ങനെ വിറ്റ് റേറ്റിംഗിലൂടെ ധനം സമ്പാദിക്കാം എന്ന ഒറ്റ താൽപ്പര്യം മാത്രം. മാധ്യമ ധർമ്മത്തിന്റെ പ്രാഥമിക മൂല്യങ്ങളെ തീർത്തും അവഗണിക്കുന്നതോ, മറ്റെല്ലാവരാലും ലംഘിക്കപ്പെട്ട  എല്ലാ മൂല്യങ്ങളുടെയും രക്ഷകർ തങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടും. ചാനൽ അവതാരകർ സ്വരത്തിലും ശരീരഭാഷയിലും പ്രകടമാക്കുന്നത് ഇതാണ്.

 

രതി മനോഹരവും അനുഭവിക്കാനുള്ളതുമായ വികാരമാണ്. അത് വിൽക്കപ്പെടുമ്പോൾ എത്ര തന്നെ അത് മനോഹരമോ അത്രയും തന്നെ അതിന്റെ വിപരീതാവസ്ഥയിലാകുന്നു. ചാനൽ നിയന്ത്രിത യുഗത്തിൽ രതിയും രതിവൈകൃതങ്ങളും വാർത്തയെന്ന പേരിൽ വിൽക്കപ്പെടുന്നു. ശ്വേതാ മേനോൻ ഏറ്റവും അവസാന ഉദാഹരണമാണ്. ഏതാണ്ട് മൂന്നു ദിവസത്തോളം കേരളത്തിലെ ചാനലുകളുടെ മുഖ്യ വാർത്തയായി അത് ആഘോഷിക്കപ്പെട്ടു. പോലീസ് മൊഴിയെടുത്ത് പന്ത്രണ്ട് മണിക്കൂർ കഴിയുന്നതിന് മുൻപ് ശ്വേതാ മേനോൻ പരാതി പിൻവലിച്ചു. ചാനലുകൾ അതോടെ നിശബ്ദം. അന്വേഷണാത്മക മാധ്യമപ്രവർത്തകർ കണ്ടെത്തി ജനസമക്ഷം ഹാജരാക്കേണ്ട വസ്തുതയാണ് എന്താണ് പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പരാതി പിൻവലിക്കാൻ പാകത്തിൽ സംഭവിച്ചതെന്ന്. ധനത്തിനും പ്രശസ്തിക്കും വേണ്ടി അസാധാരണമായ  രീതിയിൽ സിനിമയിലും പുറത്തും പെരുമാറിയാണ് ശ്വേതാമേനോൻ ഇന്ന് ആർജിച്ചിട്ടുള്ള പ്രചാരം നേടിയെടുത്തിട്ടുള്ളത്. താൻ കുറ്റം ചെയ്തതിന്റെ പേരിലല്ല മറിച്ച് വള്ളംകളിയുടെ മുഖ്യസംഘാടകൻ എന്ന  നിലയ്ക്കാണ് ക്ഷമ ചോദിച്ചിട്ടുള്ളതെന്ന് പിതാംബരക്കുറുപ്പ് പത്രസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

അൽപ്പം ദുരുദ്ദേശം വിളമ്പിയിട്ട് രണ്ടു വ്യക്തികൾ തമ്മിൽ ഹസ്തദാനം ചെയ്യുന്ന രംഗം സ്ലോമോഷനിൽ കാണിച്ചാൽ  അത് അങ്ങേയറ്റം അശ്ലീലമാകും. യഥാർഥ ദൃശ്യങ്ങൾ സ്ലോമോഷനിൽ കാണിക്കുന്നത് യാഥാർഥ്യത്തെ  പർവതീകരിക്കുകയാണ്. ഇതിനെ ഗാന്ധിജി കളവെന്നാണ് വിളിച്ചത്. മാധ്യമങ്ങൾ ശ്വേതാമേനോൻ സംഭവത്തിലും കാണിച്ചത് അതാണ്. സ്ലോമോഷനിൽ കാണിച്ചിട്ടുപോലും സാധാരണ മനുഷ്യർക്ക് പീതാംബരക്കുറുപ്പിനെതിരെയുള്ള ആരോപണം ബോധ്യപ്പെടുന്നതായിരുന്നില്ല.  തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ നിമിഷമായ പ്രസവത്തെ കച്ചവടസിനിമയ്ക്കുവേണ്ടി  ചിത്രീകരിക്കാൻ  തീരുമാനിച്ചപ്പോൾ ശ്വേത സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. അത് തുടർ ചർച്ചയായി നീണ്ടു. എന്നാൽ ഇപ്പോൾ ശ്വേത ചെയ്തത് കുറ്റകരമായ  നടപടിയാണ്.  അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകളുടെ രക്ഷയ്ക്കായി കൊണ്ടുവന്നിട്ടുള്ള നിയമത്തെ  മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ദുരുപയോഗം ചെയ്ത് സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റുകയാണുണ്ടായത്. അത്  ശ്വേതയ്ക്കും ചാനലുകൾക്കും നേട്ടമുണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ സാമൂഹികമായി  അതു സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങൾ അളക്കാനാകാത്തതാണ്.

 

തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന കുറുപ്പ് മാനനഷ്ടക്കേസ് കൊടുക്കുമോ.

 

പീതാംബരക്കുറുപ്പ് എം.പി തറപ്പിച്ചു പറയുന്നു താൻ അരുതാത്തതൊന്നും ശ്വേതയോട് ചെയ്തിട്ടില്ലെന്ന്. അങ്ങനെയെങ്കിൽ പീതാംബരക്കുറുപ്പിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടായ മാനനഷ്ടം വളരെ വലുതാണ്. അത് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പരിഹരിച്ചു കിട്ടാനുളള വഴിയുണ്ട്.  ആ നഷ്ടം പണത്തിന്റെ രൂപത്തിൽ ലഭ്യമാക്കി നീതിന്യായ വ്യവസ്ഥ തിരുത്തുകയും ചെയ്യും. താൻ പറയുന്നത് പൂർണ്ണമായും ശരിയാണെങ്കിൽ പീതാംബരക്കുറുപ്പ് തന്നെയും തന്റെ കുടുംബത്തേയും അകാരണമായി അപമാനിച്ച കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ  മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടത്. ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ആ നടപടിയിലേക്കു നീങ്ങാത്ത പക്ഷം പീതാംബരക്കുറുപ്പ് പറയുന്നതിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നതിന് ചിലർക്കെങ്കിലും പരിമിതികളുണ്ടാകും. കാരണം  ഇരുണ്ട പന്ത്രണ്ട് മണിക്കൂർ അവശേഷിക്കുന്നതിനാൽ. രാവിലെ ഉറച്ചുനിന്ന് മൊഴികൊടുത്ത ശ്വേത രാത്രയിൽ ബാംഗ്ലൂരെത്തിയപ്പോൾ എല്ലാം അവസാനിപ്പിച്ചു. മാനനഷ്ടക്കേസ്സുമായി കുറുപ്പ്  മുന്നോട്ടു നീങ്ങാത്ത പക്ഷം അത് കുറുപ്പിനെ ഭാവിയിൽ ദോഷമായി ബാധിക്കാനിടയാകും. കാരണം അദ്ദേഹത്തിന്റെ മാനത്തിന് നഷ്ടമുണ്ടാകുന്ന വിധം ആരെങ്കിലും എന്തെങ്കിലും പെരുമാറുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ. കാരണം ഇത്രയും മാനത്തിന് നഷ്ടമുണ്ടായിട്ടും മിണ്ടാതിരുന്ന കുറുപ്പ് മാനത്തെ മാനിക്കുന്നില്ലെന്ന് വാദിക്കാൻ എളുപ്പമാകും.  വിശേഷിച്ചും തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ജീവിതത്തിന് ഇത് അത്യന്താതാപേക്ഷിതമാണ്.

 

സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള അമർഷമാണ് ഡി.വൈഎഫ്.ഐയുടെ പരാതിയ്ക്ക് പിന്നിലെങ്കില്‍ സി.പി.ഐ.എമ്മിനോടും ഈ സമീപനം സംഘടന സ്വീകരിക്കുമോ.

 

ഭീരുവായ വ്യക്തിക്കുപോലും ഭീരുത്വം കുറഞ്ഞിരിക്കുന്ന കാലമാണ് യൗവനം. ഡി.വൈ.എഫ്.ഐ യുവസംഘടനയാണ്. അത്തരമൊരു സംഘടന തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കേണ്ടതും വളർച്ച ഉറപ്പാക്കേണ്ടതും തങ്ങളുടെ ആശയങ്ങളുടേയും അതനുസരിച്ചുള്ള പ്രവൃത്തിയുടേയും ബലത്തിലും ഭംഗിയിലുമായിരിക്കണം. മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് പ്രചരിപ്പിച്ച് മാറ്റ് കൂട്ടുന്നത് ദൗർബല്യം പാരമ്യത്തിലെത്തുമ്പോഴാണ്. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കൊച്ചിയിലെത്തി ഞായറാഴ്ച ശ്വേതാമേനോനിൽ നിന്ന് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള അമർഷത്തിലാണോ ഈ യുവസംഘടന ആ പരാതി നൽകിയത്. അതോ രാഷ്ട്രീയത്തിൽ എതിർ  ഭാഗത്തുനിൽക്കുന്നയാളുടെ സ്വഭാവഹത്യ നടത്തി ഇല്ലായ്മ ചെയ്യാനോ. സ്ത്രീത്വത്തെ അപമാനിക്കുന്നതിലുള്ള  ധാർമികമായ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണെങ്കൽ സി.പി.ഐ.എമ്മിനകത്തും ഇത്തരം ആരോപണങ്ങൾ ഉയരുകയും നടപടികൾ ഉണ്ടാവുകയും ഉണ്ടാവാതിരിക്കുകയും ചെയ്ത സംഭവങ്ങൾ  ഏറെയാണ്. അതല്ല മറിച്ച് രാഷ്ട്രീയമായി ശ്വേതാമേനോൻ വിഷയം ഉപയോഗിക്കുവാൻ തീരുമാനിച്ചതാണെങ്കിൽ അവർ ചെയ്തതും രതിയെ തങ്ങളുടെ ലാഭത്തിന് അല്ലെങ്കിൽ താൽപ്പര്യത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ്. ഒരു യുവസംഘടന അത്തരത്തിൽ പെരുമാറുന്നത് ആ സംഘടനയ്ക്ക് മാത്രമല്ല മൊത്തത്തിൽ യുവാക്കൾക്കാകമാനം അപമാനം വരുത്തിവയ്ക്കുന്ന നടപടിയായിപ്പോയി. ശ്വേതാമേനോന്‍ പരാതി പിൻവലിച്ചതോടെ ആ സംഘടന ചെന്നുപെട്ടിരിക്കുന്നത് ഗതികേടിലാണ്. സംഘടനയുടെ അണികളുടെ ആത്മാഭിമാനം പോലും നേതൃത്വം പരിഗണിച്ചില്ല.

Tags: