കേരളം ഭീകരപ്രവർത്തനത്തിന്റെയും ദേശവിരുദ്ധ പ്രവർത്തനത്തിന്റെയും പരിശീലനകേന്ദ്രവും താവളവും വിതരണകേന്ദ്രവുമായി രൂപാന്തരപ്പെട്ട് ഒരു ടൈംബോംബായി മാറിയിരിക്കുകയാണെന്ന് കൊച്ചിയിൽ സമാപിച്ച ആർ.എസ്.എസ്സിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡൽ വിലയിരുത്തിയിരിക്കുന്നു. മുസ്ലീം ഭീകരത മുൻപില്ലാത്ത വിധത്തിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായും മണ്ഡൽ പറയുന്നു. ഈ സ്ഥിതിവിശേഷം സംജാതമാകാൻ കാരണം ഭരണ-പ്രതിപക്ഷകക്ഷികളുടെ ന്യൂനപക്ഷപ്രീണന നയമാണെന്നും കണ്ടെത്തിയിരിക്കുന്നു. അനുപാത രഹിതമായ മുസ്ലീം സമുദായത്തിന്റെ ജനസംഖ്യാ വർധനവിൽ ഉത്കണ്ഠപ്പെട്ട കാര്യകാരി മണ്ഡൽ കുടുംബാസൂത്രണം ഉപേക്ഷിച്ച് വിശാല കൂടുംബനിർമ്മിതിയിലേർപ്പെടാനും ഹിന്ദുക്കളോട് ആഹ്വാനവും ചെയ്തിരിക്കുന്നു. ആർ.എസ്.എസ്സിന്റെ ഈ വിലയിരുത്തലുകളും പ്രഖ്യാപനങ്ങളും പഴയകാലത്തെപ്പോലെ തള്ളിക്കളയാവുന്നതല്ല.
അഖിലഭാരതീയ കാര്യകാരി മണ്ഡലിനുള്ള വേദിയായി കേരളം തെരഞ്ഞെടുത്തതു തന്നെ വ്യക്തമായ സന്ദേശമാണ്. ഭീകരപ്രവർത്തനത്തിന് മതമില്ലെന്ന് പറയുമ്പോഴും ഇന്ന് ആഗോളതലത്തിൽ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇസ്ലാമിക ഭീകരവാദമാണ്. ആ വിപത്തിന്റെ രാജ്യത്തെ നഴ്‌സറിയും തലസ്ഥാനവുമായി കേരളം മാറിയിരിക്കുന്നു എന്ന ആശയത്തെ അതിശക്തമായി ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയാവണം ആർ.എസ്.എസ്സ് ഉദ്ദേശിക്കുന്നത്. മുസ്ലീം ഭീകരവാദവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നുണ്ടാവുന്ന വാർത്തകളും ശുഭകരമല്ല. കേരളാ പോലീസ് തന്നെ ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് നൽകിയതായാണ് വാര്‍ത്തകള്‍. കേരളത്തിൽ വ്യാപകമായ തോതിൽ സ്വർണ്ണ കള്ളക്കടത്തും കള്ളനോട്ടടിയും തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളും പെരുകുന്നു എന്നതും യാഥാർഥ്യമാണ്. ഇവയൊക്കെത്തന്നെയാണ് ആർ.എസ്.എസ്സും എടുത്തുപറയുന്നത്. അവിടെയാണ് വൻ അപകടവും പതിയിരിക്കുന്നത്.
മുസ്ലീം സമുദായത്തിലെ വഴിതെറ്റിയ ഒരു ന്യൂനപക്ഷം ഇത്തരം നടപടികളിൽ ഏർപ്പെടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ അതിന്റെ പാപഭാരം ഒരു സമുദായമെന്ന നിലയ്ക്ക് മുസ്ലീം സമുദായത്തെ മുഴുവൻ ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നതാണ് സമീപകാല ചരിത്രം പ്രകടമാക്കുന്ന ചിത്രം. ആ അവസ്ഥയ്ക്കുള്ള മുഖ്യ ഉത്തരവാദിത്വം മുസ്ലീം ലീഗിനും ഇവിടുത്തെ ഇരുമുന്നണികൾക്കുമാണുള്ളത്. തീവ്രവാദസ്വഭാവമുള്ള ശബ്ദങ്ങളുടെ നേർക്ക് മുസ്ലീം സമുദായത്തിലെ പ്രത്യേകിച്ചും യുവാക്കൾ തിരിയുന്നു എന്നു കണ്ടപ്പോൾ അതിനെ നേരിടാൻ ലീഗ് കണ്ടെത്തിയ എളുപ്പവഴി അത്തരം മനസ്സുകളെ ആകർഷിക്കത്തക്ക വിധമുള്ള നിലപാടുകൾ എടുത്തു. ഇത് അതുവരെയുണ്ടായിരുന്ന മൃദുഭാവത്തിൽ നിന്ന് ലീഗിനെ മാറ്റുകയുണ്ടായി. മുസ്ലീം ലീഗ് മുന്നണിയിൽ ആ സമീപനത്തെ ധാർഷ്ട്യമായി നടപ്പിലാക്കിത്തുടങ്ങി. ആ സമീപനം വിജയിക്കുന്നുവെന്നു കണ്ടപ്പോൾ അത് കൂടുതൽ കർക്കശമാക്കി ലീഗ് ഇപ്പോഴും നടപ്പാക്കി വരുന്നു. ഇത് പ്രതിപക്ഷത്തിന് വർഗ്ഗീയപ്രീണനാരോപണം ഐക്യജനാധിപത്യമുന്നണിയുടെ മേലും ലീഗിന്റെ മേലും ആരോപിക്കാൻ അവസരമൊരുക്കുന്നു. ഈ രാഷ്ട്രീയാന്തരീക്ഷം പൊതുസമൂഹത്തിൽ മുസ്ലീം സമുദായം മുൻപെങ്ങുമില്ലാത്ത വിധം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യമാണ് വഴിതെറ്റിയ ഒരു ന്യൂനപക്ഷം ഏർപ്പെടുന്ന ദേശവിരുദ്ധ-ഭീകരപ്രവർത്തനങ്ങളെ സമുദായത്തിന്റെ മേല്‍ പഴിചാരാന്‍ സഹായിക്കുന്നതും അതിനു വിശ്വാസ്യത വരാന്‍ കാരണമാകുന്നതും.
കഴിഞ്ഞ ഒന്നര ദശകത്തെ ചരിത്രമെടുത്തുനോക്കിയാൽ കേരളത്തിൽ ആർ.എസ്.എസ്സിന്റെ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്നതു കാണാം. കാര്യകാരി മണ്ഡൽ നടത്തിയ വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആർ.എസ്.എസ്സിന്റെ ശക്തി ശാഖാപ്രവർത്തനങ്ങളിലൂടെയോ അല്ലാതെയോ വിപുലപ്പെടുത്താനുള്ള തീരുമാനങ്ങളൊന്നും എടുത്തതായി കാണുന്നില്ല. ആർ.എസ്.എസ്സ് കൂടുതൽ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ സമീപനത്തേയും വളർച്ചയേയും മുൻനിർത്തി ടൈംബോംബിന്റെ അപകടസൂചന നൽകുമ്പോൾ അതു ശരിവയ്ക്കുന്ന തരത്തിലുള്ള മുസ്ലീം ലീഗിന്റെ ഭാഗത്തുനിന്നും മുന്നണികളിൽ നിന്നുമുള്ള സമീപനം അപകടകരമാണ്. മുഖ്യധാരാ രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങിയില്ലെങ്കിലും അതിനു സമാനമായ പ്രവർത്തനത്തിലൂടെ ആർ.എസ്.എസ്സ് തങ്ങളുടെ അജണ്ടയുമായി മൂന്നോട്ടു നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ കാണപ്പെടുന്നത്. ഇത് മതാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനിടയുണ്ട്. അത് മുൻകൂട്ടികണ്ട് മുസ്ലീം ലീഗും മുന്നണി രാഷ്ട്രീയവും പക്വമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചില്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില വലുതാകും. സൂചനകൾ വ്യക്തമാണ്. വ്യക്തമായ സൂചനകളെ അവഗണിക്കുന്നത് ഏതുകാര്യത്തിലുമെന്നപോലെ ഇവിടെയും ആപത്ക്കരമായിരിക്കും.