ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവും നിലവില്‍ ലോകസഭാംഗവുമായ ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ച വിധി ചരിത്രപ്രധാനമാകുന്നത് ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും അത് നല്‍കുന്ന വ്യക്തമായ സൂചനകളുടെ സാമൂഹ്യപ്രസക്തി കൊണ്ടാണ്. അഴിമതിയടക്കമുള്ള ഗുരുതര ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ആദ്യ നേതാവല്ല ലാലു പ്രസാദ്. എന്നാല്‍, അഴിമതിക്കും ക്രിമിനല്‍ രാഷ്ട്രീയത്തിനും നേരെ സമൂഹം പുലര്‍ത്തിയിരുന്ന സഹിഷ്ണുതയുടെ പരിധി എത്തിയിരിക്കുന്ന പശ്ചാത്തലമാണ് ഈ വിധിപ്രസ്താവം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ ഒരു മുന്നറിയിപ്പായി മാറുന്നത്.
ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് നിയമം നല്‍കുന്ന സംരക്ഷണം അസാധുവായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി ജനവികാരത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ഈ വിധിയെ മറികടക്കാന്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുകയും പിന്നീട് പാര്‍ലിമെന്റ് പ്രക്രിയകള്‍ക്ക് കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിധി മറികടക്കണം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് ഒരു സര്‍വകക്ഷിയോഗത്തിന്റെ അനുമതിയോടെയും ആയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാടകീയ എതിര്‍പ്പ് ഈ ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയെങ്കിലും ഈ വിധിയില്‍ പ്രതിഫലിച്ച ജനവികാരത്തെ രാഷ്ട്രീയ നേതൃത്വം മാനിക്കുന്നില്ല എന്ന് ഇതിനകം വ്യക്തമാണ്. മറിച്ച് ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വാര്‍ത്ഥതാല്‍പ്പര്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം ജനാധിപത്യ വ്യവസ്ഥ വളച്ചൊടിക്കാന്‍ കഴിയും എന്ന സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഇത് ചെയ്യുന്നത് ഈ വ്യവസ്ഥയുടെ നിര്‍ണ്ണായക സ്ഥാപനമായ നിയമനിര്‍മ്മാതാക്കള്‍ തന്നെയാണെന്നത് വ്യവസ്ഥയില്‍ തന്നെയുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തുന്നതിനേ ഇടയാക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതിയുടെ വിധിയ്ക്ക് കാത്തുനില്‍ക്കാതെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് സ്വയം ഭേദഗതി ചെയ്ത് കുറ്റവാളി ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന സംരക്ഷണം സ്വയം ഒഴിവാക്കുകയായിരുന്നു രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തെ ചെറുക്കാന്‍ നിയമനിര്‍മ്മാതാക്കള്‍ ചെയ്യേണ്ടിയിരുന്നത്.
ഒപ്പം, നേതാക്കളെ വിലയിരുത്തുന്നതിന് മാധ്യമസമൂഹം സ്വീകരിക്കുന്ന മാനദന്ധങ്ങള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ട സന്ദര്‍ഭം കൂടിയാണ് ലാലുവിന്റെ വിധി. ജനനേതാവ് എന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു. ഗുണമില്ലാത്ത കഴിവ് രാഷ്ട്രീയത്തിനോ സമൂഹത്തിനോ ഉപകാരപ്രദമാകില്ല എന്ന തിരിച്ചറിവിലേക്ക് ജനാധിപത്യത്തിന്റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമായ മാധ്യങ്ങള്‍ ഉണരേണ്ട ആവശ്യം കൂടി ഈ സന്ദര്‍ഭം മുന്നോട്ട് വെക്കുന്നു.
ലാലുവിന്റെ ഭാര്യയും മകനും ചേര്‍ന്ന് ഇനി പാര്‍ട്ടിയെ നയിക്കുമെന്ന പ്രഖ്യാപനവും ജനങ്ങളുടെ പരമാധികാരം എന്ന ആശയത്തില്‍ നിന്ന്‍ എത്രത്തോളം അകന്നുപോയിരിക്കുന്നു ഈ പഴയ സോഷ്യലിസ്റ്റ് എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത്തരം താന്‍പ്രമാണിത്വത്തിന് സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പില്ല എന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ പരമാധികാരം എന്ന ആശയം ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഒന്നാണ്. അതിലുപരി, ഇന്ത്യന്‍ ജനതയുടെ പൊതുബോധത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ആശയം കൂടിയാണ്. ഈ അധികാരം കവര്‍ന്നെടുക്കപ്പെടുന്നു എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉളവാക്കാനേ അനൗചിത്യപരമായ ഇത്തരം പ്രഖ്യാപനങ്ങള്‍ സഹായിക്കുകയുള്ളൂ. മറ്റൊരര്‍ഥത്തില്‍, രാഷ്ട്രീയ ഔചിത്യം അപൂര്‍വമായതാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന്‍ നേരിടുന്ന വിശ്വാസത്തകര്‍ച്ചയുടെ മൂലകാരണം. എന്നാല്‍, അതിനെ ഒരു പ്രശ്നമായി കാണാന്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിസമ്മതിക്കുകയും ചെയ്യുന്നു. കേരളത്തില്‍ സോളാര്‍ പാനല്‍ കുംഭകോണം ഒരു ഉദാഹരണമാണ്. ഇവിടെ, മുഖ്യമന്ത്രി അഴിമതി നടത്തിയോ ഇല്ലയോ എന്നതിനെക്കാളേറെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ ഔചിത്യം ഉമ്മന്‍ ചാണ്ടി പ്രദര്‍ശിപ്പിച്ചില്ല എന്നതാണ് കാതലായ പ്രശ്നം. ഔചിത്യദോഷം ഏത് കഴിവിനേയും അസാധുവാക്കുന്ന ഒന്നാണെന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗുണപരമായ വളര്‍ച്ചക്ക് അനിവാര്യമായിരിക്കുന്നു.