കാര്യത്തെയോ കാരണത്തെയോ ചികിത്സിക്കേണ്ടത്?

Sat, 14-09-2013 12:00:00 PM ;

death penalty
 

കണ്ണിന് കണ്ണ്‍ ലോകത്തെ അന്ധമാക്കുന്നു

-മഹാത്മാ ഗാന്ധി

ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ടുള്ള വിധിയെ പൊതുവേ സ്വാഗതം ചെയ്തുകൊണ്ടാണ് പ്രതികരണങ്ങള്‍ വന്നത്. കക്ഷിഭേദമന്യേ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖരും എല്ലാം ഒരേ അഭിപ്രായം പങ്കുവെക്കുന്ന ചുരുക്കം സന്ദര്‍ഭങ്ങളിലൊന്നായി ഈ വിധി മാറി. രാജ്യത്തിന്റെ പൊതുബോധത്തെ ശക്തമായി ഉലച്ച ഒരു കുറ്റകൃത്യം എന്ന നിലയില്‍ ഈ യോജിപ്പില്‍ അത്ഭുതമില്ല.

 

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കേണ്ടത് അനിവാര്യമാണ് എന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി യോഗേഷ് ഖന്ന പറയുന്നു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മനസ്സില്‍ ആത്മവിശ്വാസം ജനിപ്പിക്കേണ്ട ഉത്തരവാദിത്വം നീതിന്യായ വ്യവസ്ഥക്കുണ്ട് എന്നും ജഡ്ജി പറയുന്നു.

 

രണ്ടിനോടും വിയോജിക്കേണ്ട കാര്യമില്ല. ഇവയുടെ പശ്ചാത്തലത്തില്‍ പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കുമ്പോള്‍ അത് നിയമാനുസാരിയുമാണ്. എന്നാല്‍, ഈ ശിക്ഷയിലൂടെ നടപ്പാകുന്ന നീതി എങ്ങനെയുള്ളതാണ് എന്ന വിഷയം ജഡ്ജിയും വിധിയെ സ്വാഗതം ചെയ്യുന്ന സമൂഹവും ഒഴിവാക്കുന്നു.

 

കണ്ണിനു കണ്ണ്‍, പല്ലിനു പല്ല്, കൊലയ്ക്ക് കൊല എന്ന നീതി പൗരാണിക ചരിത്രത്തില്‍ നിന്ന്‍ മനുഷ്യന്‍ കൂടെക്കൊണ്ടുപോന്ന, ഇന്നും വിടാന്‍ മടിക്കുന്ന ഒന്നാണ്. ആ നീതി തുടരുമ്പോള്‍ അതിലെ പ്രാകൃതത്വം നമ്മിലും തുടരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും. കൊലപാതം ഒരു വ്യക്തിയിലെ പ്രാകൃതത്വമാണെങ്കില്‍ വധശിക്ഷ സമൂഹമനസ്സിലെ പ്രതികാരം എന്ന പ്രാകൃതത്വത്തെയാണ്‌ തൃപ്തിപ്പെടുത്തുന്നത്. എന്നാല്‍, പരിഷ്കൃത സമൂഹത്തിന്റെ മേല്‍ക്കുപ്പയങ്ങള്‍ സ്വയം എടുത്തണിഞ്ഞ് കുറ്റവാളികളെ അപരിഷ്കൃതര്‍ എന്നും പ്രാകൃതര്‍ എന്നും വിശേഷിപ്പിക്കുകയും ചെയ്യുന്നതില്‍ നമുക്ക് മടിയുമില്ല.

 

ശിക്ഷ കുറ്റകൃത്യങ്ങളെ തടയുമെന്ന ന്യായം നിലനില്‍ക്കുന്നതല്ല എന്ന്‍ വിവിധ സമൂഹങ്ങളിലെ അനുഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. ഈ ന്യായം ഒരു ബൌദ്ധിക വ്യായാമം എന്ന നിലയിലെങ്കിലും പരിഗണിക്കണമെങ്കില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന എല്ലാവരും പിടിക്കപ്പെടുകയും അവരെല്ലാം ശിക്ഷിക്കപ്പെടുകയും വേണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാം, നിയമത്തിന്റെ പിടിയില്‍ പെടാതെ നോക്കിയാല്‍ മതി എന്ന പ്രതിലോമകരമായ സന്ദേശം കൂടി ഈ ന്യായം നല്‍കുന്നുണ്ട്. സമൂഹത്തിലെ ശക്തര്‍ ഈ സന്ദേശം കൃത്യമായി മനസ്സിലാക്കി പ്രയോജനപ്പെടുത്തുന്നുണ്ട്.

 

crime and punishment ആധുനിക സമൂഹത്തില്‍ ശിക്ഷയെ സംബന്ധിച്ച കാഴ്ചപ്പാട് സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാകേണ്ടത് ഈ പശ്ചാത്തലത്തിലാണ്. കുറ്റകൃത്യത്തിന്റെ കാരണമല്ല, മറിച്ച് അതിന്റെ ആദ്യ ഇരയാണ് കുറ്റവാളി. കുറ്റം ചെയ്യുന്ന നിമിഷം മുതല്‍ കുറ്റവാളി ശിക്ഷ അനുഭവിച്ച് തുടങ്ങുന്നു എന്ന്‍ ദസ്തയേവ്സ്കി. അതുകൊണ്ടുതന്നെ ശിക്ഷ കുറ്റവാളിക്കാണ്, കുറ്റകൃത്യത്തിനല്ല എന്ന ബോധം കൃത്യമായുണ്ടാകണം. കുറ്റവാളിയെ ശിക്ഷിക്കുന്നതിലൂടെയല്ല, കുറ്റകൃത്യങ്ങളുടെ സാമൂഹികമായ കാരണങ്ങളെ ചികിത്സിക്കുന്നതിലൂടെയേ കുറ്റകൃത്യം എന്ന സാമൂഹ്യ രോഗത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന ബോധം അതിന്റെ തുടര്‍ച്ചയാകണം.

 

പ്രാകൃതത്വത്തിന്റെ മുന്നില്‍ മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാന്‍ സമൂഹത്തിന് കഴിയണം. ചരിത്രത്തിന്റെ ഗതിയില്‍ മനുഷ്യന്‍ ഒരു സമൂഹമെന്ന നിലയില്‍ ആര്‍ജിച്ചെടുത്തതാണ് മനുഷ്യത്വം എന്ന സവിശേഷത. എന്നാല്‍, അത് ആര്‍ജിച്ചതാണെന്നും സ്വയമേവ ഉള്ളതല്ലെന്നുമുള്ള തിരിച്ചറിവ് കുറ്റവാളിയെ വെറുക്കാതെ കുറ്റത്തെ പിഴുതുകളയാന്‍ സമൂഹത്തെ സാധ്യമാക്കും. ജയിലുകള്‍ അതിനുള്ള വേദിയാകണം. അത് കുറ്റവാളിയോടുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ്. അത് ഉള്‍ക്കൊള്ളുന്ന നിലയിലുള്ള മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവര്‍ തന്നെ പ്രാകൃത മനസ്സിനെ പ്രതിഫലിപ്പിക്കുന്നത് ഖേദകരമാണ്.

Tags: