മദ്യം: കേരളസർക്കാർ ആർക്കുവേണ്ടി വാദിക്കുന്നു?

Thu, 05-09-2013 02:30:00 PM ;

queue before beverages outlet

ബഹളത്തിനിടയിൽ ശ്രദ്ധിക്കേണ്ടത് ശ്രദ്ധയിൽ പെടാതെ പോവുക സ്വാഭാവികം. അത്തരത്തിലൊന്നാണ് ബുധനാഴ്ച കേരളസർക്കാരിനെതിരെയുണ്ടായ സുപ്രീംകോടതി പരാമർശം. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മുഖ്യ സാമൂഹ്യപ്രശ്‌നമായ മദ്യ ഉപഭോഗം സംബന്ധിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അസത്യമാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ യാഥാർഥ്യത്തെ മറച്ച് മദ്യത്തിന്റെ ഉപഭോഗവ്യാപനത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. വീണ്ടും തെളിച്ചുപറയുകയാണെങ്കിൽ മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സത്യവാങ്മൂലം.

 

മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ അന്തിമവാദം പൂർത്തിയാക്കിയ വേളയിലാണ് സുപ്രീംകോടതി  പരാമർശം നടത്തിയത്. കേരളത്തിലെ ഉയർന്ന മദ്യ ഉപഭോഗം മാധ്യമങ്ങൾ സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തയാണെന്നാണ് സംസ്ഥാനസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ഈ അഭിപ്രായമാണ് സുപ്രീംകോടതി സ്വീകരിക്കാതെ തള്ളിയത്. തുകയുടെ അടിസ്ഥാനത്തിലല്ല മദ്യ ഉപഭോഗത്തിന്റെ തോത് കാണിക്കേണ്ടതെന്നും അളവിലാണ് രേഖപ്പെടുത്തേണ്ടതെന്നും കോടതി സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തെ ഇഞ്ചിഞ്ചായി മുക്കിക്കൊന്നുകൊണ്ടിരിക്കുന്ന വിപത്തിന്റെ നേർക്കാണ് സംസ്ഥാനസർക്കാർ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.

 

state affidavit in the interest of abkarisസോളാറും സരിതയും പിന്നെ പി.സി. ജോർജ്ജും എല്ലാം ചേര്‍ന്ന് ദിനംപ്രതി സൃഷ്ടിക്കുന്ന (മദ്യാസക്തിക്കു സമാനമായ) വാർത്താസക്തിയിൽ സുപ്രധാന വിഷയങ്ങൾ അവഗണിക്കപ്പെടുന്നു. ഈ വിഷയങ്ങൾ കത്തിനിൽക്കുന്നത് സർക്കാരിന്  ഒട്ടേറെ ഗുണം ചെയ്യുന്നുണ്ട്. കാരണം പാളിച്ചകൾ മറയ്ക്കാതെ തന്നെ മറയുന്നു. അതോടൊപ്പം  ഭരണത്തിന്റെ മുഖ്യധാര വിസ്മൃതിയിൽ ആകുന്നു. ഈ സാഹചര്യങ്ങൾ തുറന്നിടുന്ന വാതിലുകൾ വളരെ വലുതാണ്.

 

കേരളത്തിലെ മദ്യാസക്തിയും മദ്യ ഉപഭോഗവും വളരെ കൂടുതലാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമില്ല. നമ്മുടെ പ്രധാനപ്പെട്ട നിരത്തുകളിലൂടെ ഒന്നു യാത്രചെയ്താൽ മതി. പണ്ടുകാലത്ത് റേഷൻകടകളുടേയും മാവേലിസ്റ്റോറുകളുടേയും മുന്നിൽ കണ്ടിരുന്ന നിരകളേക്കാൾ പലമടങ്ങ് വലുതാണ് മദ്യത്തിനുവേണ്ടിയുള്ള അച്ചടക്കമുള്ള നീണ്ട നിരകൾ. കഴിഞ്ഞവർഷം നിരനീണ്ടതു നിമിത്തം ആലപ്പുഴ നഗരത്തിൽ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുകയുണ്ടായി. അതുപോലെ പാമ്പാടിയിൽ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലറ്റിനുവേണ്ടി മദ്യപാനികൾ ഹർത്താൽ നടത്തിയത് കേരളചരിത്രത്തിന്റെ ഭാഗംമാണ്. അമിത മദ്യപാനം മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യവിപത്തുകൾ എണ്ണിപ്പറയാൻ പ്രയാസവും. ജസ്റ്റിസ്മാരായ എച്ച്.എൽ. ഗോഖലെ, ജെ. ചെലമേശ്വർ എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് സത്യവാങ്മൂലം തള്ളിയത്. ജസ്റ്റിസ് ചെലമേശ്വർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നതിനാൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള അറിവിലും കേരളത്തിലെ മദ്യത്തിനുവേണ്ടിയുള്ള നീണ്ട നിരകൾ ഉണ്ടാകാനിടയുണ്ട്.

 

k babuകേരളത്തിലെ എല്ലാ മന്ത്രിമാരും വിശേഷിച്ചും എക്‌സൈസ് മന്ത്രി കെ.ബാബുവുമൊക്കെ സെക്രട്ടറിയറ്റിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുറത്തു ചെലവഴിക്കുന്നവരാണ്. ഇതിനുപുറമേ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളത്തിന്റെ പ്രഥമസ്ഥാനം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന ബാറുകൾക്കും ബാറുടമകൾക്കും പ്രയോജനപ്രദമാകും വിധം സംസ്ഥാനസർക്കാർ ബോധപൂർവ്വം രാജ്യത്തെ പരമോന്നത കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറായി എന്നറിയുന്നത് അങ്ങേയറ്റം ഗൗരവമേറിയതാണ്.

 

മദ്യവിൽപ്പനയിനത്തിലുള്ള നികുതിവരുമാനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ ധനകാര്യമന്ത്രി കെ.എം.മാണി പറയുകയുണ്ടായി. അതിനർഥം കേരളത്തിലെ മദ്യ ഉപഭോഗം കുറയുന്നു എന്നല്ല. സർക്കാർ സംവിധാനം ജാഗരൂകമായിരിക്കുമ്പോഴും കേരളത്തിലേക്ക് ഒഴുകുന്ന വ്യജമദ്യം ഔദ്യോഗികമായി വിറ്റഴിക്കുന്നതിന്റെ മൂന്നിരട്ടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. സെക്കൻഡ്‌സുകൾ എന്നാണ് അവ അറിയപ്പെടുന്നത്. ബാറുകളിൽ മദ്യപിക്കാനെത്തുന്നവർക്ക് രണ്ടാം തവണ മുതൽ കൊടുക്കുന്നത് നിറം കലർത്തിയ വ്യാജമദ്യമായതിനാലാണ് സെക്കൻഡ്‌സുകൾ എന്നറിയപ്പെടുന്നത്. ഇവിടുത്തെ രാഷ്ട്രീയവും മദ്യമേഖലയിൽ പെട്ടവരും തമ്മിലുള്ള ബാന്ധവം രഹസ്യവുമല്ല. ഏതാനും മാസം മുൻപ് ഒരാളുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ലോറി വ്യാജമദ്യം കയറ്റിവന്ന ലോറിയായിരുന്നു. പക്ഷേ അതു വെറുമൊരു അപകടമായി രേഖപ്പെടുത്തി കേസ്സ് അവസാനിപ്പിച്ചു. ലോറിയിൽ കൊണ്ടുവന്ന മദ്യം എവിടേക്കാണ് പോയത്, ആരാണ് കൊണ്ടുവന്നത്, ലോറി ഡ്രൈവർ ആരാണ് എന്നിവയൊക്കെ അന്വേഷിച്ചാൽ അവ ചെന്നെത്തുന്നിടം ഭദ്രമല്ലാത്തതിനാലാവും പിന്നീട് അതു സംബന്ധിച്ച അമ്പേഷണ നടപടികളൊന്നും കാണുകയുണ്ടായില്ല.

 

കേരളത്തിൽ ഉൽപ്പാദിക്കപ്പെടുന്ന കള്ളും, കള്ളുഷാപ്പുകളിൽ കള്ളെന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന കള്ളും തമ്മിലുള്ള അന്തരം പരസ്യമാണ്. സര്‍ക്കാറും മന്ത്രിയുമൊക്കെ അതു സമ്മതിക്കുകയും ചെയ്യുന്നു. ഒരു ലിറ്റർ കള്ള് ഉൽപ്പാദിക്കപ്പെടുന്നിടത്ത് മൂന്നു ലിറ്റർ കള്ളുവിൽപ്പനയുടെ നികുതി ഖജനാവിലെത്തുന്ന മാന്ത്രികവിദ്യയെക്കുറിച്ചും സർക്കാറിനറിയാം. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് മദ്യ ഉപഭോഗം മാധ്യമങ്ങൾ സൃഷ്ടിച്ച സാങ്കൽപ്പിക കഥയാണെന്ന സത്യവാങ്മൂലം നൽകപ്പെട്ടത്.

 

ഏതാനും മാസം മുൻപ് ഒരാളുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ലോറി വ്യാജമദ്യം കയറ്റിവന്ന ലോറിയായിരുന്നു. പക്ഷേ അതു വെറുമൊരു അപകടമായി രേഖപ്പെടുത്തി കേസ്സ് അവസാനിപ്പിച്ചു.

 

കേരളത്തിൽ ശുദ്ധമായ പാല് പോലും നൽകപ്പെടുന്നില്ല. അടുത്തിടെ മിൽമ പാലിന്റെ കവറിന്റെ പുറത്തുള്ള അവകാശവാദം സംബന്ധിച്ചുള്ള കേരളാ ഹൈക്കോടതി പരാമർശം ഓർക്കാവുന്നതാണ്. പാൽപ്പൊടി കലക്കിനിറച്ചിട്ട് എങ്ങനെ ശുദ്ധമെന്ന് അവകാശപ്പെടാൻ കഴിയുമെന്നാണ് കോടതി ചോദിച്ചത്. പാല് പോലും മായമില്ലാതെ കൊടുക്കാൻ കഴിയാത്ത ഈ സംസ്ഥാനത്താണ് കേരള അബ്കാരിനിയമം ഭേദഗതി ചെയ്ത് നീര ഉൽപ്പാദനത്തിനും വിപണനത്തിനും സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഇപ്പോൾ നാമമാത്രമായെങ്കിലും കള്ളിനോടും ലഹരിപദാർഥങ്ങളോടും അടുത്തിട്ടില്ലാത്ത സാധാരണ ജനങ്ങളും  പ്രത്യേകിച്ച് സ്ത്രീകളും മദ്യാസക്തിയിലേക്കും മദ്യ ഉപഭോഗത്തിലേക്കും വഴുതിവീഴുന്ന ചിത്രം താമസിയാതെ കാണാൻ കഴിയും. നാളികേര വികസന ബോര്‍ഡിന്റെ സമ്മർദ്ദത്തിന്റെ പേരിലാണ് ഇപ്പോൾ നാളികേര കർഷകരുടെ രക്ഷയ്‌ക്കെന്നു പറഞ്ഞുകൊണ്ട് സർക്കാർ ആ തീരുമാനമെടുത്തിട്ടുള്ളത്. സോളാർ-സരിതാ ചൂടിൽ അതൊരു ചെറിയ വാർത്തയായി അവശേഷിച്ചു. തൽപ്പരകക്ഷികൾക്ക് ഇതിൽ കൂടുതൽ ശീതളിമ  എങ്ങിനെ കിട്ടാൻ. സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ വെളിച്ചത്തിൽ കേരകർഷകരുടേയോ കേരളജനതയുടേയോ താൽപ്പര്യം മുൻനിർത്തിയാണോ അതോ മറ്റ് താൽപ്പര്യത്തിന്റെ പേരിലാണോ അബ്കാരി നയത്തിൽ ഭേദഗതി വരുത്തി നീര ഉൽപ്പാദനത്തിനും വിപണനത്തിനും അനുമതി കൊടുത്തതെന്ന് ആലോചിച്ചാൽ മനസ്സിലാകാൻ കഷ്ടിച്ച് സാമാന്യബുദ്ധിയുടെ ആവശ്യമേ ഉള്ളു.

Tags: