കുട്ടികള്‍ എന്തു പഠിക്കണം?

Sun, 25-08-2013 05:30:00 PM ;

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം വീണ്ടും തർക്കവിഷയമാകുന്നു. സാമൂഹ്യജ്ഞാന നിർമിതി  വേണോ  അതോ ജ്ഞാനനിർമിതി മതിയോ. ഇതാണ് തർക്കവിഷയം. തർക്കം ഇടതുപക്ഷവും ഭരണപക്ഷവും തമ്മില്‍. ഇടതുപക്ഷം പറയുന്നു, വേണ്ടത് സാമൂഹ്യജ്ഞാന നിർമിതിയാണെന്ന്‍. ഭരണപക്ഷം ജ്ഞാനനിർമ്മിതി വേണമെന്നും. ദേശീയ പാഠ്യപദ്ധതിയുട ചുവട് പിടിച്ച് സംസ്ഥാനങ്ങൾക്ക് പാഠ്യപദ്ധതിയില്‍ പരിഷ്‌കാരം വരുത്താമെന്നാണ് നിലവിലുള്ള നിർദ്ദേശം. ദേശീയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത് ജ്ഞാനനിർമിതിക്ക് പ്രാധാന്യം നല്‍കിയാണ്. ഈ തർക്കവിഷയസംബന്ധമായ വാർത്തയ്‌ക്കൊപ്പമാണ് മറ്റൊരു വാർത്തയും വന്നിട്ടുള്ളത്. അതായത് ഉന്നതവിദ്യാഭ്യാസം വൻകിട മേഖലയ്ക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അത് പ്രയോഗത്തില്‍ വരുത്തുന്നതിനും പദ്ധതികൾ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

 

ഇന്ത്യയിലെ വിദ്യാഭ്യാസമേഖല  കൂടുതല്‍ സങ്കീർണ്ണമാകാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ വളരെ വ്യക്തം. ജ്ഞാനനിർമിതിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ദേശീയ സ്‌കൂൾ പാഠ്യപദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളതെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്താൻ പോകുന്ന മാറ്റത്തില്‍ അതിന്റെ കടകവിരുദ്ധമായ കാഴ്ചപ്പാടാണ് നിഴലിക്കുന്നത്. യു.എസ്, ബ്രിട്ടൻ  എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസമാതൃകയുടെ ചുവടുപിടിച്ചാണ് അവ നടപ്പാക്കാൻ പോകുന്നത്. ഇൻഫോസിസ് ചെയർമാൻ എൻ.ആർ നാരായണ മൂർത്തി അധ്യക്ഷനായ സമിതി കഴിഞ്ഞവർഷം നല്‍കിയ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഈ വൻ അഴിച്ചുപണി നടത്താൻ പോകുന്നത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ദേശീയ തലത്തില്‍ സ്‌കൂൾവിദ്യാഭ്യാസത്തെ ജ്ഞാനനിർമിതി ബന്ധിതമാക്കുകയും ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമൂഹ്യനിർമ്മിതി ബന്ധിതമാക്കിയും. കാരണം നിർമ്മാണവും തൊഴിലും തൊഴില്‍ ശാലയുമെല്ലാം സമൂഹനിർവചനത്തിന്റെ കേന്ദ്രഘടകങ്ങൾ തന്നെ. ഈ പശ്ചാത്തലത്തില്‍ ഇതേ കാഴ്ചപ്പാടിലുള്ള സാമൂഹ്യനിർമ്മിതിജ്ഞാനമാണ് സ്‌കൂൾതലത്തില്‍ വേണ്ടതെന്നാണ് കേരളത്തില്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

 

ജ്ഞാനം എന്നാല്‍ അറിവ്. അതിന്റെ വെളിച്ചത്തിലാണ് മനുഷ്യസമുദായത്തിന്റെ ആരംഭം മുതല്‍ ഈ വരികൾ വായിക്കുന്ന സമയം വരെ മനുഷ്യൻ ജീവിച്ചതും, അതില്‍ നിന്ന്‍ പഠിച്ചതും പഠിച്ചുകൊണ്ട് ജീവിക്കുന്നതുമെല്ലാം. ആ പ്രക്രിയ തുടരും. മനുഷ്യൻ നിലനില്‍ക്കുന്നിടത്തോളം കാലം. അതിന് മാറ്റമില്ല. അത് മാറ്റമില്ലാത്തത് അഥവാ സ്ഥിതി. മാറ്റം ഗതി. അതുകൊണ്ടാണ് നാമെപ്പോഴും അവസ്ഥകളെ ദ്യോതിപ്പിക്കാൻ സ്ഥിതിഗതി എന്നുപയോഗിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സ്ഥിതിഗതിയാണ് ഇവിടുത്തെ വിഷയം. അറിവിന്റെ പശ്ചാത്തലത്തില്‍ സംവാദങ്ങൾ ക്രിയാത്മകമാകും. അതിന്റെ അഭാവത്തില്‍ തർക്കമാണ് ഉണ്ടാകുക. വിദ്യാഭ്യാസം ഏതു ഘട്ടത്തിലാണെങ്കിലും എവിടെയാണെങ്കിലും എന്നാണെങ്കിലും ജ്ഞാനനിഷ്ഠമായിരിക്കണം. ജ്ഞാനത്തിന്റെ പശ്ചാത്തലത്തില്‍ മാറിക്കൊണ്ടിരിക്കുന്നതാണ് സമൂഹം. ഇതുതന്നെയാണ് സമൂഹനിർമ്മിതിയും. അല്ലാതെ വരുമ്പോഴാണ് സാമൂഹിക അപഭ്രംശങ്ങൾ ഉണ്ടാകുന്നത്. സംഗീതമറിയാത്തവരും ഗംഭീര പാട്ടുകാരാകും. അവർ പാടുന്നത് കേട്ടാല്‍ ചിലപ്പോൾ ഹൃദ്യവുമായിരിക്കും. ശ്രുതിചേർച്ചയുണ്ടായില്ലെങ്കിലും. ഒരുപക്ഷേ ശ്രുതിയെപ്പറ്റി അറിയണമെന്നു പോലുമില്ല. അതുകൊണ്ട് അവരുടേതാകണം സംഗീതത്തിന്റെ മാനദണ്ഡമെന്ന്‍ വാശിപിടിച്ചാല്‍ എങ്ങിനെയിരിക്കുമെന്ന്‍ ആലോചിക്കാവുന്നതാണ്. ശ്രുതിയെപ്പറ്റി കേട്ടിട്ടില്ലാത്ത രണ്ടുകൂട്ടർ ഒന്നിച്ച് സംഗീതം സൃഷ്ടിക്കാൻ തുനിഞ്ഞാല്‍ ഉണ്ടാവുന്ന അവസ്ഥയും ചിന്തിച്ചാല്‍ കാണാൻ കഴിയും. മെക്കാനിക്കല്‍ എഞ്ചിനീയറെ  ആവശ്യമില്ല, മെക്കാനിക്കുകളും മെക്കാനിസവും മതി എന്നുപറയുന്ന പോലെയാണ് സാമൂഹ്യജ്ഞാനനിർമ്മിതി കേന്ദ്രീകൃതമായ വിദ്യാഭ്യാസം. ഇന്ന്‍ ഇന്ത്യയും കേരളവും നേരിടുന്ന മുഖ്യമായ സാമൂഹ്യപ്രശ്‌നമെന്ന്‍ പറയുന്നതുപോലും മെക്കാനിക്കിന്റെ കാഴ്ചപ്പാടിലുള്ള വിദേശവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അന്ധവും വികലവുമായ അനുകരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. വിശേഷിച്ചും വ്യക്തിതലത്തില്‍. ഇന്ന്‍ ഉണ്ടാവുന്ന വൻ കുറ്റകൃത്യങ്ങളിലേക്കും അഴിമതി ആരോപണങ്ങളിലേക്കും  നോക്കിയാല്‍ കാണുന്ന ഒന്നുണ്ട്. അതിലുൾപ്പെട്ടവരെല്ലാം ഉന്നതവിദ്യാഭ്യാസം നേടിയവരും അതിന്റെ പേരില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുമാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തീരുമാനങ്ങളും നടത്തിപ്പുമാണ് വെറും അരനൂറ്റാണ്ടുകൊണ്ട് മനുഷ്യനും മറ്റ് ജീവജീലങ്ങൾക്കും ജീവിക്കാൻ പറ്റാത്തവണ്ണം ഭൂമിയെ വിഷലിപ്തമാക്കിയതും പൊള്ളിച്ചുകൊണ്ടിരിക്കുന്നതും. ആ വിദ്യാഭാസത്തിന്റെ പരാജയം കൂടിയാണ് യു.എസ്സും ബ്രിട്ടനുമൊക്കെ ഇന്നും കരകയറാൻ കഴിയാതെ ഉഴലുന്ന സാമ്പത്തികമാന്ദ്യമെന്ന്‍ അവർ വിളിക്കുന്ന എന്നാല്‍ യഥാർഥത്തില്‍ അവർ സാംസ്‌കാരികമായി നേരിടുന്ന പ്രതിസന്ധി. അവരുടെ വിദ്യാഭ്യസ മാതൃക  മാതൃകാപരമോ വിജയമോ ആയിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി അവർ നേരിടേണ്ടി വരില്ലായിരുന്നു. ആ പരാജയപ്പെട്ട മാതൃകയാണ് എൻ.ആർ നാരായണ മൂർത്തി മാതൃകയായി കാണുന്നതും ഇന്ത്യയില്‍ നടപ്പാക്കാൻ അദ്ദേഹത്തിന്റെ സമിതി നല്‍കിയ ശുപാർശയുടെ അടിസ്ഥാനവും.

 

nr narayana murthyനാരായണ മൂർത്തി  സംരംഭകൻ എന്ന നിലയില്‍ വിജയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ വിജയത്തിന്റെ ആധാരം വിദേശ ഐടി ജോലികൾ ഏറ്റെടുത്ത് നടത്തിയതിലൂടെയുണ്ടായ വളർച്ചയാണ്. എന്നാല്‍ അടിസ്ഥാന ഐടി മേഖലയുടെ വികാസത്തിന് ഇൻഫോസിസ് വഹിച്ച പങ്ക്  അത്ര ഗണ്യമല്ലെന്ന് പറയേണ്ടി വരും. അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണനുമല്ല. അദ്ദേഹത്തിന്റെ നേതൃത്വപാടവം പോലും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. കാരണം അദ്ദേഹത്തിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ കാർമികത്വത്തില്‍ പടുത്തുയർത്തിയ സ്ഥാപനം പ്രതിസന്ധി നേരിട്ടു. അദ്ദേഹത്തിനെ തിരിച്ചുവിളിക്കേണ്ട സാഹചര്യം വന്നു. അത് ഇൻഫോസിസിന്റെയും നാരായണ മൂർത്തിയുടേയും പരാജയമാണ്. ഒരു നേതാവിന്റെ ജ്ഞാനവും മികവും അറിയുന്നത് അദ്ദേഹത്തിന്റെ അഭാവത്തില്‍ എത്ര കാര്യക്ഷമതയോടെ അദ്ദേഹം നേതൃത്വം നല്‍കിയ സ്ഥാപനം പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത്രയും പറയുന്നത് നാരായണ മൂർത്തിയെ ഇകഴ്ത്താനല്ല. ഇന്ത്യയുടെ ഉന്നതവിദ്യഭ്യാസ രംഗത്തെ സമൂലം മാറ്റിമറിക്കുന്ന പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ അദ്ദേഹത്തെ ഏല്‍പ്പിച്ചതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിക്കാനാണ്. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ ജ്ഞാനനിർമ്മിതിക്ക് പ്രാമുഖ്യം നല്‍കണമെന്ന്‍ ഭരണപക്ഷം വാശിപിടിക്കുന്നത് ജ്ഞാനത്തിന്റെ പ്രസക്തിയെ മനസ്സിലാക്കിയിട്ടാണോ അതോ കേന്ദ്രനിർദേശത്തെ പിൻതുടർന്നു കൊണ്ടുമാത്രമാണോ എന്നും അറിയേണ്ടിയിരിക്കുന്നു. എന്തായാലും ഒന്ന്‍ വ്യക്തം. നാരായണ മൂർത്തിയെ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണസമിതിയുടെ അദ്ധ്യക്ഷനായി നിയമിക്കുകയും അദ്ദേഹം നല്‍കിയ റിപ്പോർട്ട് നടപ്പാക്കാൻ തുടങ്ങുകയും ചെയ്യുന്ന കേന്ദ്രസർക്കാരും സാമൂഹ്യനിർമ്മിതിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണം വേണമെന്ന്‍ പറയുന്ന ഇടതുപക്ഷവും ഒരേ പക്ഷത്തു തന്നെയാണ്.

 

താഴേത്തട്ടു തുടങ്ങി ഉന്നതവിദ്യാഭ്യാസം വരെയുള്ള തലങ്ങളില്‍  പാഠ്യപദ്ധതി പരിഷ്‌ക്കരണം വേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മഹാത്മാഗാന്ധി മുന്നോട്ടുവച്ച ഒരു വിദ്യാഭ്യാസ പദ്ധതിയുണ്ട്. ഒരു ഗ്രാത്തിലെ കാര്യമെടുക്കുകയാണെങ്കില്‍ ആ ഗ്രാമത്തില്‍ നിലവിലുള്ള തൊഴിലുമായി  താല്‍പ്പര്യമുള്ളവർ കൗതുകപൂർവ്വം ഇടപഴകി ചിലപ്പോൾ അതില്‍ പ്രാവീണ്യം പോലും നേടിയതിനു ശേഷം  ആ തൊഴിലിന്റെ സങ്കീർണ്ണതലങ്ങളേക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. ഭാഷ നന്നായി സംസാരിക്കുന്ന കുട്ടിയെ എഴുത്തും വ്യാകരണവും പഠിപ്പിക്കുന്നതുപോലെ. ഇതൊരു കാഴ്ച്ചപ്പാടാണ്. ഈ കാഴ്ച്ചപ്പാടിന്റെ പൊരുൾ മനസ്സിലാക്കുകയാണെങ്കില്‍ പ്രൈമറിതലമായിക്കൊള്ളട്ടെ, ഉന്നതവിദ്യാഭ്യാസമായിക്കൊള്ളട്ടെ എങ്ങിനെ പരിഷ്‌കരിക്കാൻ കഴിയുമെന്നുള്ളതില്‍ ഒരു നിമിഷം പോലും ശങ്കയുണ്ടാവില്ല. ആ കാഴ്ച്ചപ്പാട് സ്ഥിതിയും കാലാനുസൃതമായ മാറ്റം ഗതിയും. എന്തായാലും ഏതുവിധമായ മാറ്റം വേണമെങ്കിലും ജ്ഞാനത്തിന് തന്നെയാണ് പ്രഥമഗണനീയത വേണ്ടത്. അതില്‍ എതിരഭിപ്രായം ഉണ്ടാകുന്നത് അത്തരത്തില്‍ വാദിക്കുന്നവർക്കുൾപ്പടെയുള്ള സർവ്വനാശത്തിനേ ഉതകൂ. കാലങ്ങൾക്കുശേഷം തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞിട്ട് തെറ്റ് സമ്മതിക്കലാണ് തങ്ങളുടെ മികവ് എന്നു പറയുന്നതില്‍ യുക്തിയില്ല.

Tags: