ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറും പിന്നീട് അദ്ദേഹം നല്കിയ വിശദീകരണവും ഈ വിഷയത്തില്‍ അദ്ദേഹത്തിനുള്ള ഉറച്ച നിലപാട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വകുപ്പ് സെക്രട്ടറിയോടോ മന്ത്രിയോടോ കൂടിയാലോചിക്കാതെ സര്‍ക്കുലര്‍ ഇറക്കിയ നടപടി ശരിയായില്ല എന്ന് അഭിപ്രായപ്പെട്ടു. സര്‍ക്കുലറും വിശദീകരണവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭാസ വകുപ്പ് സെക്രട്ടറി കെ. ഇളങ്കോവനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കുലര്‍ തങ്ങളുടെ അധികാരത്തിലുള്ള കൈകടത്തല്‍ ആണെന്ന മാനേജ്മെന്റുകളുടെ, ഇവരില്‍ കത്തോലിക്കാ മെത്രാന് സമിതിയും നായര്‍ സര്‍വീസ് സൊസൈറ്റിയും ഉള്‍പ്പെടും, പരാതിയാണ് സര്‍ക്കാറിനെ സര്‍ക്കുലര്‍ സംബന്ധിച്ച വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നത്.
ഹയര്‍ സെക്കണ്ടറി അധ്യാപക നിയമനത്തില്‍ വ്യാപകമായ കോഴയാണ് കേശവേന്ദ്ര കുമാറിനെ ഇത്തരമൊരു സര്‍ക്കുലറിലേക്ക് നയിച്ചതെന്ന് വ്യക്തം. നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങളും കോടതിവിധികളും മുന്‍ സര്‍ക്കുലറും ക്രോഡീകരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് കുമാര്‍ വിശദീകരിക്കുന്നു. എന്നിരുന്നാലും, സര്‍ക്കുലറിലെ നിബന്ധനകള്‍ കേരള രാഷ്ട്രീയത്തില്‍ അതീവ ശക്തമായ സമ്മര്‍ദ്ദ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മാനേജ്മെന്റുകളെ അല്‍പ്പമെങ്കിലും വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പൊതുവേ, ഏതു നിബന്ധനകളും തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കുന്ന മാനേജ്മെന്റുകളുടെ നടപടികള്‍ തിരിച്ചറിഞ്ഞ് കൃത്യമായ എട്ടോളം നിബന്ധനകള്‍ സര്‍ക്കുലര്‍ മുന്നോട്ടുവെക്കുന്നു എന്നതുതന്നെയാണ് കാരണം. ഒരാള്‍ മാത്രം പങ്കെടുക്കുന്ന അഭിമുഖ പ്രഹസനങ്ങള്‍ തടയുകയും മൂല്യനിര്‍ണ്ണയത്തിനു കോടതിവിധിയുടെ പിന്‍ബലമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലൂടെയും നിയമനം കൂടുതല്‍ സുതാര്യമാക്കാനും ചട്ടലംഘനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതകള്‍ തുറന്നിടുകയായിരുന്നു ഈ സര്‍ക്കുലറിലൂടെ കേശവേന്ദ്ര കുമാര്‍ ചെയ്തത്. ഒപ്പം, പ്രതിബദ്ധത മാത്രം ഉണ്ടെങ്കില്‍ അഴിമതിപ്പൂച്ചക്ക് മണി കെട്ടാന്‍ ഉദ്യോഗസ്ഥ സംവിധാനത്തിന് സാധിക്കും എന്നുകൂടി അദ്ദേഹം തെളിയിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാത്തത് കുമാറിന്റെ വീഴ്ചയായി മന്ത്രി പറയുന്നുവെങ്കിലും ഡയറക്ടര്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സര്‍ക്കുലര്‍. അധ്യാപക നിയമനങ്ങളില്‍ സുതാര്യത വേണമെന്നും സര്‍ക്കാര്‍ അഴിമതിക്ക് എതിരാണെന്നും ആവര്‍ത്തിക്കുന്ന മന്ത്രി താനുമായി കൂടിയാലോചന നടത്തിയിരുന്നുവെങ്കില്‍ ഈ സര്‍ക്കുലര്‍ അംഗീകരിക്കുമായിരുന്നോ എന്നുകൂടി വ്യക്തമാക്കണം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തേടുന്നത് സര്‍ക്കുലറിനെ ഇല്ലായ്മ ചെയ്യാനും മാനേജ്മെന്റിനെ പ്രീണിപ്പിക്കാനുമാണെങ്കില് അത് നേരെ പറയാന്‍ മന്ത്രി മടിക്കേണ്ടതില്ല. കാരണം, തങ്ങള്‍ക്കാവശ്യമുള്ള റിപ്പോര്‍ട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നേടിയെടുത്ത് തങ്ങളുടെ കൈ ശുദ്ധമെന്ന് സ്വയം വിശ്വസിക്കുന്ന ഈ പ്രവണത കേരളം ഇതിനകം ധാരാളം കണ്ടിട്ടുണ്ട്.
മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ മുതല്‍ വിദ്യാഭാസ രംഗത്തെ അഴിമതി കേരളം ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍, അധ്യാപക നിയമനത്തിലേയും വിദ്യാര്‍ഥി പ്രവേശനത്തിലേയും തലവരിപ്പണം എന്ന കൈക്കൂലി ഇവിടെ നിര്‍ബാധം തുടരുകയും ചെയ്യുന്നു. വിദൂര വിദ്യാഭാസത്തിലൂടെ പഠിക്കുകയും റെയില്‍വേ ടിക്കറ്റ് കൌണ്ടറില്‍ ക്ലര്‍ക്കായി ജോലി ചെയ്ത് ഐ.എ.എസ് യോഗ്യത നേടുകയും ചെയ്ത കേശവേന്ദ്ര കുമാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ആവശ്യകത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് യോഗ്യതയുള്ളവരും അതില്‍തന്നെ പാവപ്പെട്ടവരും അധ്യാപകരായി വരണമെന്ന് അദ്ദേഹം കരുതുന്നത്. എന്നാല്‍, കേരള നവോഥാനത്തിന്റെ പതാകാവാഹകരായ മത-സാമുദായിക സംഘടനകള്‍ ലാഭകേന്ദ്രിതമായ കച്ചവടമായി വിദ്യാഭ്യാസത്തെ മാറ്റിയ വിരോധാഭാസത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുകയെങ്കിലും വേണം.