മൂന്ന്‍ വര്‍ഷങ്ങളിലായി 20 ചലച്ചിത്രങ്ങളാണ് മലയാള സിനിമയില്‍ മഞ്ജു വാര്യരുടെ ഫിലിമോഗ്രഫി. എന്നാല്‍, മലയാള ചലച്ചിത്രത്തിലെ നായികയെ പുനര്‍നിര്‍വചിച്ചവരുടെ ഇടയില്‍ സ്ഥാനം നേടിക്കൊണ്ടാണ് മഞ്ജു സിനിമ വിട്ടത്. വാര്‍പ്പുമാതൃകയിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് മഞ്ജു അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും. എന്നാല്‍, നായകന്റെ ഉപഗ്രഹം എന്ന നിലയില്‍ നിന്ന്‍ അവക്ക് വ്യക്തിത്വം നല്‍കാന്‍ മഞ്ജുവിലെ കലാകാരിക്ക് കഴിഞ്ഞതോടെ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ മഞ്ജുവിന് വേണ്ടി എഴുതപ്പെടുകയായിരുന്നു. ഇന്ന്‍ അഭിനയ രംഗത്തേക്ക് മടങ്ങിവരുമ്പോള്‍ മഞ്ജുവിന്റെ മുന്നിലുള്ള ദൗത്യം, താന്‍ നിര്‍ത്തിയിടത്ത് നിന്ന് തുടര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട് വ്യത്യസ്തമായൊരു പാത തുറക്കുക എന്നതാണ്.
മഞ്ജു മാറിനിന്ന ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയില്‍ മലയാള സിനിമയില്‍ രണ്ട് ധാരകളാണ് രൂപപ്പെട്ടത്. ഒന്ന്‍, മമ്മൂട്ടി. മോഹന്‍ലാല്‍ എന്നിവരുടെ സൂപ്പര്‍താര സ്ഥാനം വ്യവസ്ഥാപിതമായി. അതിമാനുഷ കഥാപാത്രങ്ങളും അവയുടെ ചുവടുപിടിച്ചുണ്ടായ ഫാന്‍സ് അസോസിയേഷനുകളും ചേരുന്ന ഈ വ്യവസ്ഥ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുപോലും ഇവരെ സംരക്ഷിക്കുന്നു. മറ്റൊന്ന്, മലയാള സിനിമയുടെ കേന്ദ്രങ്ങളില്‍ ഒന്നായുള്ള ദിലീപിന്റെ വളര്‍ച്ചയാണ്. സാമാന്യ നിയമങ്ങള്‍ കൊണ്ട് ഇത് വിശദീകരിക്കുക ബുദ്ധിമുട്ടാണ്. മീശമാധവനില്‍ നിന്ന് മായാമോഹിനിയിലേക്ക് എത്തുമ്പോള്‍ വര്‍ഷം ചെല്ലുന്തോറും നിലവാരം കുറയുന്ന ഒരേ ജനുസ്സിലുള്ള ചിത്രങ്ങള്‍ വാണിജ്യ വിജയങ്ങളായി മാറ്റുകയാണ് ദിലീപ്. മഞ്ജു തിരിച്ചുവരുന്ന സമയം ഒരു പുതിയ ഭാവുകത്വം മലയാള സിനിമയില്‍ രൂപപ്പെടുന്ന അവസരം കൂടിയാണ്. ന്യൂജനറേഷന്‍ എന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഇതിനകം മറ്റൊരു ധാരയായി മാറിയിട്ടുണ്ട്.
ഈ ധാരകളോട് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയും എന്നതാണ് മഞ്ജുവിനുള്ള ഒരു നേട്ടം. കാരണം, തൊണ്ണൂറുകളുടെ അവസാനം സൂപ്പര്‍ താരങ്ങള്‍ക്ക് സമാന്തരമായി മലയാള സിനിമയില്‍ തന്റേതായ ഒരു ധ്രുവം രൂപപ്പെടുത്തിയ മഞ്ജു തിരിച്ചുവരുമ്പോള്‍ ആ ധ്രുവം പുനരുജ്ജീവിക്കുകയാണ്. മഞ്ജുവിന്റെ ചലച്ചിത്രങ്ങളിലൂടെ ഈ ധ്രുവം ശക്തമാകുകയാണെങ്കില്‍ മലയാള സിനിമയില്‍ അത് വേറൊരു ധാരയായി മാറും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മഞ്ജുവിന്റെ മടങ്ങിവരവിലുള്ള ചെറുതല്ലാത്ത അസാധാരണത്വവും സാധ്യതയും ഇതുതന്നെയാണ്. ഇത് ചെറിയൊരു വെല്ലുവിളി അല്ല. മഞ്ജു ഒറ്റക്ക് ഏറ്റെടുക്കേണ്ടതുമല്ല. എന്നാല്‍, മലയാള സിനിമയില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത സാധ്യതയാണിത്. വിവാഹശേഷം നടിമാര്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത് ഇവിടെ പുതുമയല്ല. എന്നാല്‍, മഞ്ജുവിനെപ്പോലെ ശക്തമായ സാന്നിധ്യം അറിയിച്ച നടിമാരുടെ, ഷീല മുതല്‍ ഉര്‍വശി വരെ, തിരിച്ചുവരവ് പോലും ഇവിടെ പ്രതീക്ഷകള്‍ ജനിപ്പിച്ചിട്ടില്ല. ചലച്ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും മലയാള സിനിമയുടെ കേന്ദ്രങ്ങളിലൊന്നാകാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, മഞ്ജു തിരിച്ചുവരുന്നത് സിനിമയുടെ ‘നായക’ സ്ഥാനത്തേക്കാണ്.
മഞ്ജുവിന്റെ തിരിച്ചുവരവിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം വര്‍ത്തമാനകാല സമൂഹ്യപരിസരമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീപദവി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ ഇരയുടേയും പങ്കാളിയുടേയും വേഷങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നു. താന്‍ നേരിട്ട അക്രമത്തെ അതേ രീതിയില്‍ നേരിട്ട ഒരു നായികാ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. അത്തരം ചിന്താഗതി സമൂഹത്തില്‍ വ്യാപകമാണെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല എന്നത് വേറെ കാര്യം. പ്രശ്നം വഷളാക്കിയേക്കാം എന്ന സാധ്യതയുമുണ്ട്. എന്നാല്‍, ബഹുജന മാധ്യമം എന്ന നിലയില്‍ സിനിമയുടെ സ്വാധീന ശക്തി ഈ കഥാപാത്രത്തെ ചുറ്റിയുയര്‍ന്ന ചര്‍ച്ച വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷെ, കണ്ണെഴുതി പൊട്ടും തൊട്ടില്‍ സമാനമായൊരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിച്ചപ്പോള്‍ ഉയരാതിരുന്ന ചര്‍ച്ച ഇപ്പോള്‍ ഉണ്ടായത് മാറിയ കാലത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനമാണ്. ഈ പശ്ചാത്തലത്തില്‍ മഞ്ജുവിന്റെ കഥാപാത്രങ്ങള്‍ സമൂഹത്തില്‍ ഉളവാക്കുന്ന സ്വാധീനം കുറച്ചുകൂടി ശക്തമായിരിക്കും. നമ്മുടെ തിരക്കഥയെഴുത്തുകാരും സംവിധായകരുമാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെങ്കിലും.