ഇറ്റലിയിലെ മിലാനില്‍ ഒട്ടോവിയോ ക്വത്രോച്ചിയുടെ മരണം ഇന്ത്യയില്‍ പ്രധാനവാര്‍ത്തയാകുന്നു. ക്വത്രോച്ചി ഒരു രാജ്യത്തിന്റെയും നേതാവായിരുന്നില്ല. ഏതെങ്കിലും സാംസ്കാരിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആളായിരുന്നില്ല. ഇന്ത്യയുമായുള്ള ക്വത്രോച്ചിയുടെ ബന്ധം ഒരു അഴിമതിക്കേസിലൂടെയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ അഴിമതിയുടെ ചൂണ്ടുപലകയായി മാറിയ ബോഫോഴ്സ് കേസിലൂടെ. പിന്നീട് ഇവിടെ നടന്ന അഴിമതിക്കേസുകളത്രയും, ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാകുന്ന സോളാര്‍ തട്ടിപ്പടക്കം, ബോഫോഴ്സ് കേസിന്റെ വഴിയിലൂടെയാണ് മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ അഴിമതിക്കേസുകളില്‍ അഴിഞ്ഞുവീഴുന്ന ഓരോ മുഖംമൂടിക്ക് പിന്നിലും കാണുക ക്വത്രോച്ചിയുടെ പ്രതിബിംബങ്ങളായിരിക്കും.
ബോഫോഴ്സ് കേസിന്റെ പരിണാമമെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ഓരോ അഴിമതിക്കേസിന്റെയും കാര്യത്തില്‍ സാമാന്യേന ശരിയാകുന്നു. ആ ഉത്തരം കേസില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ്. കോടതികളില്‍ നീളുന്ന വിചാരണക്കിടയില്‍ പ്രതികള്‍ മരിക്കുകയോ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്യുകയായിരുന്നു. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ലഭ്യമാക്കിയിട്ടും 1993-ല്‍ ഇന്ത്യ വിട്ട ക്വത്രോച്ചിയെ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. 64 കോടി രൂപ കമ്മീഷന്‍ വാങ്ങി എന്ന ആരോപണം തെളിയിക്കാന്‍ 2005 വരെ അന്വേഷണ ഏജന്‍സി ചെലവിട്ടത് ഏകദേശം 250 കോടി രൂപയാണ്. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തായി കരുതപ്പെടുന്ന ക്വത്രോച്ചിക്കെതിരെ 21 വര്‍ഷത്തെ അന്വേഷണത്തിന് ശേഷവും നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കാന് സി.ബി.ഐക്ക് കഴിഞ്ഞതുമില്ല. ഈ പശ്ചാത്തലത്തില്‍ ക്വത്രോച്ചിയെ കോടതി കേസില്‍ നിന്ന്‍ ഒഴിവാക്കുകയായിരുന്നു.
എന്നാല്‍, ബോഫോഴ്സ് കേസിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വലുതായിരുന്നു. രാജീവ് ഗാന്ധിയുടെ ‘മിസ്റ്റര്‍ ക്ലീന്‍’ പ്രതിച്ഛായക്ക് കാര്യമായ പരിക്കേല്‍പ്പിച്ച കേസ് 1989-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് മുഖ്യകാരണമായി. തുടര്‍ന്ന്‍ അധികാരത്തില്‍ വന്ന വി.പി സിങ്ങ് സര്‍ക്കാര്‍ കൊണ്ടുവന്ന മണ്ഡല്‍ കമ്മിറ്റി പരിഷ്കാരങ്ങള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റി. സാമൂഹ്യമായ ഉണര്‍വ് രാഷ്ട്രീയ ശക്തിയാക്കി മാറ്റിയ ദളിത്-പിന്നോക്ക സമുദായങ്ങളെ ആശ്രയിക്കുന്ന പാര്‍ട്ടികളാണ് ഇന്നത്തെ സഖ്യകക്ഷി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ഘടകം. ചുരുക്കത്തില്‍, ഇന്ന്‍ വര്‍ത്തമാനകാല ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ രണ്ട് സവിശേഷതകളുടെ തുടക്കം, പ്രത്യക്ഷമായി അഴിമതിയുടേയും പരോക്ഷമായി ജാതിരാഷ്ട്രീയത്തിന്റേയും, ബോഫോഴ്സ് കേസില്‍ കണ്ടെടുക്കാം.
കെ. കരുണാകരന്റെ മരണത്തില്‍ കേരളത്തില്‍ പാമോലിന്‍ അഴിമതി കേസ് സമാനമായ വൃത്തം നേരത്തെ പൂര്‍ത്തിയാക്കി. ഈ കേസ്, പക്ഷെ. ഇനിയും അവസാനിച്ചിട്ടില്ല. ഇന്ന്‍ സോളാര്‍ തട്ടിപ്പുകേസില്‍ എല്ലാവരുടെയും ആകാംക്ഷ കോണ്‍ഗ്രസിനകത്തെ അധികാര വടംവലികളിലാണ്. ഈ കേസ് എന്ന് എങ്ങനെ അവസാനിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണെങ്കിലും സൂചനകളില്‍ തെളിയുന്നത് ബോഫോഴ്സ് കേസിന്റെ ശൈലി തന്നെയാണ്. അഴിമതിക്കേസുകള്‍ അതിന്റെ യുക്തിപരമായ പര്യവസാനത്തില്‍ എത്തുന്നത് അപൂര്‍വ്വമാകുന്നത് നിയമവ്യവസ്ഥയുടെ മാത്രം പ്രശ്നമല്ല. രാഷ്ട്രീയവ്യവസ്ഥയുടെ ഭാഗമായി അഴിമതി മാറുകയും അതേസമയം നിയമസംവിധാനത്തില്‍ അത് കുറ്റകരമായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക പരിണതിയാണത്. ഇങ്ങനെ കേസുകള്‍ തെളിയിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുമ്പോഴാണ് ഇവയോരോന്നും കണ്ണി ചേര്‍ക്കപ്പെട്ട് അഴിമതിയെന്ന ചങ്ങലയായി മാറുന്നത്. ഇന്ന്‍ നമ്മുടെ സമൂഹത്തെ ആവരണം ചെയ്തിരിക്കുന്ന ആ ചങ്ങലയിലെ ആദ്യകണ്ണിയാണ് ക്വത്രോച്ചി.