നിയമത്തിന്റെ വഴിയും തിരുവഞ്ചൂരും

Tue, 02-07-2013 07:45:00 PM ;

നിയമം നിയമത്തിന്റെ വഴിക്കെന്ന്‍ കേരളത്തില്‍ അടുത്ത കാലത്ത് കൂടുതല്‍ കേൾക്കുന്നത് രണ്ടുപേരില്‍ നിന്നാണ്. മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനില്‍ നിന്നും. ഇതില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പറച്ചില്‍ കേട്ടാല്‍ അദ്ദേഹം പറയുന്നത് പൂർണമായും ശരിയാണെന്ന്‍ തോന്നുകയുള്ളു. അതുകൊണ്ടുതന്നെ അന്വഷണം ഏതായാലും ക്രമത്തിന് നടന്നുകൊള്ളുമെന്ന്‍ ജനം വിശ്വസിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായാണ് വസ്തുതകളെന്ന്‍ രമേശ്  ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച കോലാഹലവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. എല്ലാ ആശയക്കുഴപ്പങ്ങളും മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരുന്നത്. അതിന് തൊട്ടുപിന്നാലെയാണ് സരിതാ എസ്. നായരുടെ അറസ്റ്റുണ്ടായതും  സോളാർതട്ടിപ്പ് കേസ് പുറത്തുവന്നതും.

 

സംസ്ഥാനപോലീസ് നേരിടുന്ന വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവർ ഉൾപ്പെട്ട അഴിമതിക്കേസ്സ് അന്വഷിക്കുക എന്നത്. ഇവിടെയാണ് അമ്പേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ സത്യസന്ധതയെ ഉയർത്തിക്കാട്ടിക്കൊണ്ട് തിരുവഞ്ചൂര്‍ അമ്പേഷണത്തിന്റെ വിശ്വാസ്യതയെ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ സ്വരവും ഭാവവും എല്ലാം വിശ്വാസ്യത ജനിപ്പിക്കുന്നതായിരുന്നു. ജൂലൈ ഒന്നിന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി തനിക്ക് ശാലു മേനോനെ പരിചയമില്ലെന്ന്. ചങ്ങനാശ്ശേരിയില്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തുമടങ്ങുമ്പോൾ ഇടവഴിയില്‍ ചിലർ കൈകാണിച്ചു. അവരുടെ അഭ്യർഥന പ്രകാരം രണ്ടു മിനിറ്റ് അവിടെ നിന്ന്‍ തൊഴുതിട്ട് മടങ്ങിയെന്ന്‍. തന്റെ പഴയ സുഹൃത്ത് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ചെറുമകളാണ് ശാലു മേനോനെന്ന്‍ പിന്നീടറിയുകയും ചെയ്തുവെന്ന്‍. അല്ലാതെ ഒരു ബന്ധവും ശാലു മേനോനുമായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ശാലു മേനോനെ എന്തുകൊണ്ട് അറസ്സ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരെയുള്ള ലൈംഗിക അപവാദക്കേസ്സ് സംബന്ധിച്ചായിരുന്നു. മുഖ്യമന്ത്രി ഐക്യരാഷ്ട്രസഭാ പുരസ്‌കാരം വാങ്ങാൻ വിദേശത്തുപോയ സമയത്താണ് അദ്ദേഹത്തിന്റെ മുൻ പി.എ ടെന്നി ജോപ്പൻ അറസ്സ് ചെയ്യപ്പെട്ടത്. അറസ്സ് വിവരം ആഭ്യന്തരമന്ത്രിയായ താൻ പോലുമറിഞ്ഞില്ലെന്നാണ് അദ്ദഹം പറഞ്ഞത്. താൻ അറിയാത്ത സ്ഥിതിക്ക് എങ്ങിനെ മുഖ്യമന്ത്രി അറിയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മറുചോദ്യം. രാഷ്ട്രീയമായി ഇത്രയധികം പ്രാധാന്യമുള്ള കേസ്സില്‍ മുഖ്യമന്ത്രിയുടെ മുൻ പി.എ അറസ്സ് ചെയ്യപ്പെടുന്ന കാര്യം അറിഞ്ഞത് അറസ്സിന് ശേഷമാണെന്ന്‍ പറഞ്ഞത് ആഭ്യന്തരമന്ത്രിക്ക് യോജിച്ചതല്ല.

 

പിറ്റേദിവസം ശാലു മേനോന്റെ അമ്മ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തുന്നു, ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചിട്ട് വന്നതാണെന്നും അദ്ദേഹം അവരുടെ ബന്ധുവാണെന്നും. മാത്രമല്ല, സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായരുമായി ആഭ്യന്തരമന്ത്രി സംസാരിച്ചതിന്റെ തെളിവുകളും പുറത്തുവരികയും ചെയ്യുന്നു. മന്ത്രി പറയുന്നത്, തന്നേക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ്. നിയമം നിയമത്തിന്റെ വഴിക്കെന്ന്‍. അതിന്റെ സാധ്യത ചിന്തനീയം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന നിലയ്ക്കാണ് സോളാർ തട്ടിപ്പ് കേസ്സിന്റെ ഗതി നീങ്ങുന്നത്. അത് ഇടയ്ക്ക് വച്ച് ഊർജ്ജം നഷ്ടപ്പെട്ട് കെട്ടുപോകാനാണ് സാധ്യത.

 

ഇവിടെ മുഖ്യവിഷയം സോളാർ തട്ടിപ്പ് കേസ്സ് വേണ്ടവിധം അന്വേഷിക്കപ്പെടുകയോ അല്ലാതാവുകയോ ചെയ്‌തോട്ടെ. ഭരണയന്ത്രം എങ്ങിനെ വേണമെങ്കിലും ആയിക്കൊള്ളട്ടെ. പക്ഷേ, തല നരച്ചവരും മുതിർന്നവരും ജാള്യതയില്ലാതെ കളവു പറയുന്നത് കുട്ടികൾ കാണുന്നു. ഇത് കുട്ടികളിലുണ്ടാക്കുന്ന സ്വഭാവരാസപരിണാമങ്ങളുടെ തലങ്ങൾ അതിവിപുലമാണ്. സോളാർ തട്ടിപ്പ് ഉണ്ടാക്കിയേക്കാമായിരുന്ന വിപത്തിനേക്കാൾ ആപത്ക്കരമാണത്.

Tags: