Skip to main content

ടീം സോളാർ തട്ടിപ്പുകേസ്സിന്റെ ഇതുവരെ വെളിച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില അടിസ്ഥാന ചോദ്യങ്ങൾ ഉയരുന്നു. ചോദ്യങ്ങൾ ഇവയാണ്.

  1. മുഖ്യമന്ത്രി തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ തിരെഞ്ഞെടുത്തലിലെ മാനദണ്ഡങ്ങൾ എന്താണ്? അവരെക്കുറിച്ചുള്ള മുന്നറിവ് ഉണ്ടായിരുന്നില്ലേ?
  2. മുന്നറിവ് ഉണ്ടായിരുന്നെങ്കില്‍ അതെന്തായിരുന്നു?
  3. മുഖ്യമന്ത്രിയോടൊപ്പം ഊണിലും ഉറക്കത്തിലും അടുത്തുണ്ടായിരുന്നവരെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാൻ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെങ്ങനെ?
  4. എന്തുകൊണ്ട് മുഖ്യമന്ത്രിയോടൊപ്പമുള്ളവർ ഇത്തരത്തില്‍ പെരുമാറാൻ പ്രേരിതരായി? അത്തരത്തില്‍ പെരുമാറുന്നതിന് അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാകും? അവർക്ക് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ധാരണ എന്താവും? അതിന്നാധാരമായ ഘടകങ്ങൾ എന്താവും?
  5. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനവും പോലീസ് സംവിധാനവും എന്തുകൊണ്ട് മുഖ്യമന്ത്രിയെ ഈ വിവരങ്ങൾ യഥാസമയം ബോധ്യപ്പെടുത്തിയില്ല? അതോ ഈ സംവിധാനങ്ങൾ ഈ അവസ്ഥ അറിഞ്ഞില്ലേ?
  6. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വഴിവിട്ട ഇടപാടുകൾ അറിയിക്കാതിരുന്നതിനേക്കാൾ കുറ്റകരവും സംസ്ഥാനത്തെ സംബന്ധിച്ച് അപകടകരവുമല്ലേ ഇന്റലിജന്‍സ്-പോലീസ് സംവിധാനങ്ങൾ ഇവയൊന്നും അിറഞ്ഞില്ലെന്ന്‍ വരുന്നത്?
  7. വളരെക്കാലമായി അടുത്തറിയാവുന്നവരെ അറിയാൻ കഴിയുന്നില്ലെങ്കില്‍ ജനസമ്പർക്കപരിപാടികളിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നതെങ്ങനെ?
  8. ചീഫ് വിപ്പ് പി.സി ജോർജ് അറിയുന്ന കാര്യങ്ങൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്കോ ഇന്റലിജന്‍സ്-പോലീസ് സംവിധാനങ്ങൾക്ക് അറിയാൻ കഴിയുന്നില്ല?
  9. ടീം സോളാർ തട്ടിപ്പുകേസ്സിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ, ഈ കേസ്സുകൾക്ക് പുറമേ ഒട്ടനവധി തട്ടിപ്പുകേസ്സുകളിലും ആദ്യഭാര്യ കൊലചെയ്യപ്പെട്ട കേസ്സിലും പ്രതിയാണ്. അത്തരമൊരു വ്യക്തിയുമായി മുഖ്യമന്ത്രി നടത്തിയ സംഭാഷണത്തിന്റെ വിശദവിവരങ്ങൾ സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം കണക്കിലെടുക്കുമ്പോൾ കുടുംബകാര്യമാണ് എന്നു പറഞ്ഞ് വിശദാംശങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് ഉചിതവും വഹിക്കുന്ന സ്ഥാനത്തിനും ചേർന്നതാണോ?
  10. ബിജു രാധാകൃഷ്ണന്റെ കുടുംബ-വൈയക്തികവശങ്ങൾ സംബന്ധിച്ച് സമൂഹത്തില്‍ അറിയാവുന്നതിന്റെ പരമാവധി അിറഞ്ഞുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്താണ് മറച്ചുവയ്ക്കാനുള്ളത്?
Tags