മഴവെള്ളം ഒഴുകി കടലില്‍ തന്നെ പോകട്ടെ!

Wed, 19-06-2013 07:15:00 PM ;

കാലവര്‍ഷം കേരളത്തില്‍ സജീവമാണ്. മഴവെള്ള സംഭരണമാണ് ഈ കാലയളവിലെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തനം. കഴിഞ്ഞ വേനലില്‍ കേരളം അനുഭവിച്ച വരള്‍ച്ചയുടേയും താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭ ജലനിരപ്പിന്റേയും പശ്ചാത്തലത്തില്‍ മഴവെള്ളം പരമാവധി മണ്ണിലേക്ക് ഇറക്കുക എന്നത് തീര്‍ത്തും ആവശ്യവുമാണ്. ഈ സംഭരണ പ്രവര്‍ത്തനങ്ങളുടെ നിരയിലേക്ക് സര്‍ക്കാര്‍ ഒരു പുതിയ കണ്ണി കൂടി ചേര്‍ക്കുകയാണ്. മഴവെള്ളം തടഞ്ഞു നിര്‍ത്താന്‍ ഓരോ ജില്ലയിലും ഒന്നുവീതമെങ്കിലും ചിറ കെട്ടുമെന്നാണ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം.

 

ചികിത്സാരംഗം പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് മാറിയ ഈ കാലത്ത് അസുഖം മാറ്റിത്തരുക എന്നാല്‍, ഒരു അസുഖം മാറ്റി മറ്റൊന്ന് തരിക എന്ന തമാശയായും പിന്നീട് ഒരു ദുരന്തയാഥാര്‍ത്ഥ്യമായും മാറിയത് നമ്മള്‍ കണ്ടതാണ്. പരിസ്ഥിതിയിലും നമ്മുടെ പ്രശ്നങ്ങള്‍ സമാന സ്വഭാവത്തില്‍ ഉള്ളതാണ്. ഇത്രയധികം മഴ ലഭിച്ചിട്ടും നദികളും തോടുകളും ഉണ്ടായിട്ടും കേരളത്തില്‍ വരള്‍ച്ച ഉണ്ടായി എന്ന്‍ വിരോധാഭാസ അലങ്കാരത്തിന് ഉദാഹരണം പോലെ പറയുകയല്ലാതെ കാര്യത്തേയും കാരണത്തേയും ബന്ധിപ്പിച്ചുള്ള പരിഹാരത്തിന് നാം മുതിരുന്നില്ല. മാത്രവുമല്ല, ‘അർണ്ണവം തന്നിലല്ലോ നിമ്നഗ ചേർന്നു ഞായം, അന്യഥാ വരുത്തുവാൻ കുന്നു മുതിർന്നീടുമോ?’  എന്നെഴുതിയ ഉണ്ണായി വാര്യര്‍ കേട്ടാല്‍ ചിരിക്കുന്ന വാദം കൂടിയാണിത്. ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതും വരള്‍ച്ച ഉണ്ടാവുന്നതും ജലം മണ്ണിലേക്ക് ഇറങ്ങുന്നതിനുള്ള നൈസര്‍ഗ്ഗിക മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായത് കൊണ്ടാണ്. കുന്നുകളും താഴ്വരകളും ഇടകലര്‍ന്ന ഭൂപ്രകൃതി തന്നെ ഇതിന് ധാരാളമായിരുന്നു.

 

ഈ വശം സൌകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ടാണ് മഴവെള്ള സംഭരണികളുണ്ടാക്കാന് നമ്മള്‍ തയ്യാറെടുക്കുന്നത്. ഇവക്ക് സാധൂകരണമായി ഉയര്‍ത്തുന്ന വാദം, പെയ്യുന്ന മഴ മുഴുവന്‍ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്നതുതന്നെ ഒരു പടിഞ്ഞാറന്‍ വികസന ആശയം മണക്കുന്നതുമാണ്. കാട് വെറുതെ കിടക്കുന്നു എന്നുപറഞ്ഞ് വിഭവങ്ങളെ പ്രയോജനപ്പെടുത്താന്‍ തടി മുഴുവന്‍ വെട്ടി കാട് വെളുപ്പിച്ചെടുത്ത കൊളോണിയല്‍ ചിന്തയുടേയും പ്രവൃത്തിയുടേയും മറ്റൊരു പതിപ്പ്. ഈ നാടിനാവശ്യമായ ജലം സംഭരിച്ചുനിര്‍ത്തിയിരുന്ന പാടങ്ങളടക്കമുള്ള സ്വാഭാവിക സംഭരണികള്‍ നശി(പ്പി)ച്ചു കഴിഞ്ഞപ്പോഴാണ് മഴവെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്ന നമുക്ക് തോന്നാന്‍ തുടങ്ങിയത്.

 

ഇന്നത്തെ സാഹചര്യത്തില്‍ മഴവെള്ള സംഭരണികളും ചിറ കെട്ടുന്നതുമെല്ലാം നല്ലതുതന്നെ. എന്നാല്‍, നാം നേരിടുന്ന ജലപ്രശ്നത്തിന് പ്രകൃതിയോടിണങ്ങുന്ന ദീര്‍ഘകാല പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെപ്പോലെ പരസ്പര ബന്ധിതവും പരസ്പര ആശ്രിതവുമായ മറ്റൊരു വ്യവസ്ഥയില്ല എന്ന വസ്തുതയും പരിഹാരങ്ങള്‍ തേടുമ്പോള്‍ ഓര്‍ക്കേണ്ടതാണ്. കാടില്ലാതാകുമ്പോള്‍ മണ്ണില്ലാതാകുമെന്നും മണ്ണില്ലാതായാല്‍ വെള്ളമില്ലാതാകുമെന്നുമുള്ള അറിവുകള്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങേണ്ടവയല്ല. നമ്മുടെ നയതീരുമാനങ്ങളുടെ അടിത്തറ കൂടിയാവേണ്ടവയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ അതിര്‍ത്തികള്‍ ബാധകമല്ല. പ്രശ്നങ്ങളെ ഒറ്റതിരിഞ്ഞു കാണുന്നതിന് പകരം കേരളത്തിന്റെ പരിസ്ഥിതി ദുര്‍ബ്ബലമാകുന്നതിന്റെ വിവിധ പാര്‍ശ്വഫലങ്ങള്‍ ആയി ഓരോ മേഖലയേയും കാണേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ, സമഗ്രമായ പരിഹാരങ്ങള്‍ ആവിഷ്കരിച്ച് ഏകോപനത്തോടെ നടപ്പാക്കാന്‍ കഴിയൂ. ഇത് ഇവിടെ ഇന്നൊരു അനിവാര്യത കൂടിയാണ്.

 

എന്നാല്‍, ഇത്തരം പരിഹാരങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ കേവലം പദ്ധതികളും നിയമനിര്‍മ്മാണങ്ങളും മാത്രം പോര. അല്‍പ്പം ആത്മാര്‍ത്ഥത കൂടി വേണം. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഒരുദാഹരണമാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയേയും വരള്‍ച്ചാ പ്രശ്നത്തേയും ഒരുപോലെ അഭിസംഭോധന ചെയ്യുന്ന ഒരു നടപടിയാണിത്. അതിലും പ്രധാനമായി, മനുഷ്യനെയും അവന്റെ താല്‍പ്പര്യങ്ങളേയും അല്ലാതെ, നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും ആവാസവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് കാണുന്ന ഒരു വീക്ഷണം അതിന് പുറകിലുണ്ടായിരുന്നു. എന്നാല്‍, 2008-ല്‍ പാസ്സാക്കിയ ഈ നിയമം വേണ്ടവിധം നടപ്പിലാക്കാനോ നിയമം അനുസരിച്ച് തയ്യാറാക്കിയ ഡാറ്റ ബാങ്കിലെ പഴുതുകള്‍ അടക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സര്‍ക്കാറിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ഥത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിത്. തൊലിപ്പുറമേയുള്ള ലേപനങ്ങള്‍ ഇനി മതിയാകില്ല എന്ന തിരിച്ചറിവിലേക്ക് സമൂഹവും സര്‍ക്കാറും ഉണരേണ്ട സമയം വൈകിയിരിക്കുന്നു.

Tags: