Skip to main content

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നവര്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും സമരം തീരുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുകാണുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ന്യായമുള്ളതുമാണ്. റാങ്ക് ലിസ്റ്റില്‍ നിന്ന് യോഗ്യരായവര്‍ക്ക് ജോലി കിട്ടാത്തതിലുള്ള അമര്‍ഷവും വിഷമവും മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ക്ക് സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനുമൊക്കെയുള്ള അവകാശവുമുണ്ട്. എന്നാല്‍ ഏറ്റവും വിചിത്രമായ ഒരു നടപടി കണ്ടത് തിങ്കളാഴ്ച സമരപന്തലില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലുകള്‍ പിടിച്ചുകൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതാണ്. 

ഇത് യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായ കാഴ്ചയായിരുന്നു. കാരണം പ്രായത്തിനോട് പോലും യുവാക്കള്‍ കാണിച്ച അനീതിയാണ് അത്. ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ച യുവാക്കള്‍ എല്ലാം അവരുടെ യൗവനത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്നവരാണ്. ഒരു ഉദ്യോഗത്തിന് വേണ്ടി അവര്‍ കാല് പിടിക്കാന്‍ തയ്യാറാവുന്നത് അവരുടെ ആത്മബലമില്ലായാമയാണ് കാണിക്കുന്നത്. യൗവ്വനത്തില്‍ പോലും ഒരു ജോലിക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ തയ്യാറാവുന്നത് നിസ്സഹായത അനുഭവപ്പെടുന്നവരും സ്വന്തം കാര്യത്തില്‍ തല്‍പ്പരരായവരുമാണ്. 

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എന്തിനെയും നേരിടാനുള്ള ശക്തി പ്രകടമാക്കേണ്ട പ്രായത്തിലുള്ള യുവാക്കളാണ് ഇത്തരത്തില്‍ കാല് പിടിച്ചുകൊണ്ട് കേണപേക്ഷിക്കുന്നത്. ഇത് വളരെ ദയനീയമായ കാഴ്ച തന്നെയാണ്. അവരെ കാല് പിടിക്കാന്‍ തയ്യാറക്കിയതിന്റെ പിന്നിലുള്ള മനഃശാസ്ത്രം ജോലിക്ക് വേണ്ടി അഭിമാനം അടിയറവ് വെക്കുന്നതാണ്. ഈ പ്രായത്തില്‍ അഭിമാനം അടിയറവ് വെക്കുന്ന വ്യക്തികള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാലും സ്വന്തം നേട്ടത്തിന് വേണ്ടി ഏത് പ്രവര്‍ത്തിയും ചെയ്യാന്‍ മടി കാണിക്കില്ല എന്നത് നിസ്സംശയം പറയാന്‍ കഴിയും. അഭിമാനമില്ലായ്മയാണ് ഒരു മറയും കൂടാതെ ഉദ്യോഗസ്ഥരെ കൈക്കൂലിക്കാരാക്കുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം. സംസ്ഥാന സര്‍ക്കാരില്‍ നടമാടുന്ന അഴിമതിയുടെ പ്രധാന കാരണം തന്നെ ഇത്തരത്തില്‍ സ്വയം ബഹുമാനമില്ലായ്മയാണ്.

Tags