ഐ.ജി.വിജയന് കേരളാപോലിസിൽ തുടരാൻ 'യോഗ്യത' യില്ല

Glint staff
Fri, 19-05-2023 02:45:46 PM ;

ഐ.ജി.വിജയനും, അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ സസ്പെൻഷനും മലയാളിയെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, അത് പഠന വിഷയമാക്കേണ്ടതാണ്. പ്രതികൂല സാഹചര്യങ്ങളെ ക്രിയാത്മകമായി നേരിട്ട് വിജയൻ സ്വപ്രയത്നത്താൽസിവിൽ സർവീസിൽ പ്രവേശിച്ചത് സി.ബി.എസ്.സി വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൻ്റെ ഭാഗമായിരുന്നു. കുറ്റവാസനയുള്ളവരും അതിലേർപ്പെടുന്നവരും യഥേഷ്ടമുള്ള, രാഷ്ട്രീയ നേത്രത്വത്തിൻ്റെ താളത്തിനൊത്തു തുള്ളുന്ന  സേനയ്ക്കുള്ളിൽ നിന്നു കൊണ്ടും   അതിനെ പഴിക്കാതെ,  ക്രിയാത്മകതയുടെ സാധ്യതകളിലൂടെ വിജയൻ ആവിഷ്കരിച്ച് നടപ്പാക്കിയ പലതും രാജ്യത്തിന് മാതൃകയായി .സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സംവിധാനം പല സംസ്ഥാനങ്ങളും പ്രാവർത്തികമാക്കി.  വിദ്യാത്ഥികളുടെ സ്വഭാവ രൂപീകരണ വേളയിൽ അച്ചടക്കവും ഉത്തരവാദിത്വവും സാമൂഹ്യബോധവുമുള്ള പൗരസമൂഹത്തെ വാർത്തെടുക്കാൻ ശേഷിയുള്ള ഒരു സാമൂഹ്യ ഭൗത്യം സ്വതന്ത്ര ഇന്ത്യയിൽ ഇതുപോലൊന്ന് ആദ്യത്തേത് . അതുപോലെ ശബരിമല മാലിന്യ നിർമ്മാർജ്ജനത്തിനാ വിഷ്കരിച്ച പദ്ധതി പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി. ഇതുവരെ അഴിമതികളിലോ അധികാര ദുർവിനിയോഗത്തിലോ  പെട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥൻ. സാധാരണക്കാർക്ക് പ്രാപ്യ നായ പോലീസുദ്യോഗസ്ഥൻ .ഇങ്ങനെയൊക്കെയുള്ള ഗുണങ്ങൾ ഉള്ള വ്യക്തി കേരളാ പോലീസ് സേനയിൽ തുടരാൻ അയോഗ്യനായതുകൊണ്ടാകാം വിജയൻ സസ്പെൻഷനിലായത്. അതാകട്ടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്ന് .സമീപകാലത്ത് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട കേസ്സിൽ തെളിവുകളുടെ പിൻബലത്തോടെ ആരോപണം നേരിട്ട പോലീസുദ്യോഗസ്ഥൻ .അതിനെത്തുടർന്ന്  ഇൻറലിജൻ്റ് സിൻ്റെ ചുമതലയിൽ നിന്നു അദ്ദേഹത്തെ മാറ്റി കൂടുതൽ ഉത്തരവാദിത്തമുള്ള തസ്തികയിലേക്കു മാറ്റുകയാണുണ്ടായത്. എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുണ്ടായെന്ന റിപ്പാർട്ട് ചോർന്നതിൻ്റെ പേരിലാണ് വിജയന് സസ്പെൻഷൻ. ആ സംഭവം മൊത്തത്തിൽ സുരക്ഷാ വീഴ്ചയാണെന്നിരിക്കെ എന്താണ് ചോരാനെന്നള്ളത്. കേരളാ പോലീസ് മലയാളിയെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ശരിയാണ് ഐ.ജി.വിജയന് കേരളാ പോലീസിൽ തുടരാനുള്ള 'യോഗ്യത 'യില്ല.

Tags: