ടി.പി. ശ്രീനിവാസനോട് ഒരു മാപ്പ് പറഞ്ഞിട്ട് പോരെ സ്വകാര്യ നിക്ഷേപം?

എസ്. ഡി. വേണുകുമാർ
Thu, 03-03-2022 10:13:24 PM ;
 
 
 
 
. ആറു വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 2016 ജനുവരി 29 ന് കോവളത്ത് ഒരു ആഗോള വിദ്യാഭ്യാസ സംഗമം നടന്നത് ആര് മറന്നാലും എസ്.എഫ്.ഐ.ക്കാരും നമ്മുടെ മുൻ അംബാസഡർ ടി.പി. ശ്രീനിവാസനും മറക്കുകയില്ല. ഉന്നത വിദ്യാഭ്യാസക്കമ്മീഷൻ അധ്യക്ഷനായി യോഗം സംഘടിപ്പിച്ചതിന്റെ പേരിൽ അന്ന് കരണത്തേറ്റ അടിയുടെ പാട് ശ്രീനിവാസന്റെ മുഖത്തു നിന്ന് മാഞ്ഞു കാണില്ല. സ്വകാര്യ-വിദേശ കുത്തകകൾക്കെതിരെ പതഞ്ഞുപൊന്തിയ രോഷവുമായെത്തി യോഗം കലക്കിയ അന്നത്തെ എസ്.എഫ്.ഐ.ക്കാരുടെ വീര്യം 
ചോരാനും സമയമായിട്ടില്ല. സംഭവം നടന്നിട്ട് ആറു വർഷമല്ലേ ആയിട്ടുള്ളു !
 
പറഞ്ഞു വന്നത് മറ്റൊന്നുമല്ല. അന്ന് കോവളത്ത് സമരവീര്യവുമായെത്തിയ എസ്.എഫ്.ഐ.ക്കാരും . ശ്രീനിവാസനെ തല്ലിത്താഴെയിട്ടതിന് പോലീസ് പിടിയിലായ അവരുടെ ന്നേതാവ് ജെ.എസ്. ശരത്തും സ്ഥലത്തുണ്ടെങ്കിൽ, സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം വരെ ഒന്നു പോകണം. സംസ്ഥാന സെക്രട്ടറി കോടിയേരിയെ ഒന്നു കാണണം. സഖാവേ ഞങ്ങളെക്കൊണ്ട് കോവളത്ത് ഈ അളിഞ്ഞ പണി ചെയ്യിച്ചതെന്തിനായിരുന്നുവെന്ന് ഒന്നു ചോദിക്കണം. അത്രയും മതി. പിന്നെ നിങ്ങൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ ടി.പി. ശ്രീനിവാസനെ കണ്ട് 'മാപ്പ് ' എന്നൊന്നു പറഞ്ഞാൽ .... 
 
അല്ല, വേണ്ട. പ്രയാസമാണെങ്കിൽ വേണ്ട.
 
കാര്യം മനസ്സിലായില്ലേ ? വിദ്യാഭ്യാസത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് പാർട്ടി നയങ്ങൾക്കെതിരല്ലെന്ന് ഇന്നലെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. വ്യവസായ മേഖലയിലും സ്വീകരിക്കും. എല്ലാം വികസനത്തിന്. വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനും പോകുന്നു !!
 
ഇതേപ്പറ്റി ആലോചിക്കാൻ മാത്രമായി ആറു കൊല്ലം മുമ്പ് നടത്തിയ സംഗമം അടിച്ചു കലക്കിയത് പിന്നെ എന്തിനായിരുന്നു സഖാവേ? ഓ... അന്ന് ഭരണം ഉമ്മൻ ചാണ്ടിയായിരുന്നുവല്ലോ. അടിയെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞപ്പോൾ നേരെ പോയി ക്വട്ടേഷൻ പണി ചെയ്ത എസ്. എഫ്.ഐ.ക്കാരോടാണ് സഹതാപം. ആഗോള വിദ്യാഭ്യാസ സംഗമം വിദ്യാഭ്യാസക്കച്ചവടത്തിനാണെന്ന് പറഞ്ഞ എസ്.എഫ്.ഐ.ക്കാർ ഇപ്പോൾ എന്തു പറയുന്നു? വിദ്യാഭ്യാസത്തിലെ സ്വകാര്യ നിക്ഷേപത്തിൽ കച്ചവടമില്ലേ?
അതിന് ഇടത് ബുദ്ധിജീവി കുഞ്ഞാമന്റെ വിശദീകരണം വന്നിട്ടുണ്ട്. സ്വകാര്യ നിക്ഷേപമല്ല, സ്വകാര്യ മുതൽ മുടക്കാണത്രേ ! ഭയങ്കരം തന്നെ ഈ കണ്ടെത്തൽ!
 
ഇതിലൊക്കെ എന്താണിത്ര അതിശയിക്കാൻ എന്ന് കാര്യവിവരമുള്ളവർക്കറിയാം. അതാണല്ലോ അനുഭവം.
 
കമ്പ്യൂട്ടറിനെതിരെ ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയുമെല്ലാം തെരുവിലാക്കി മുദ്രാവാക്യം വിളിപ്പിച്ച് കൊടുത്തവരുടെ കക്ഷത്തിൽ ഇപ്പോൾ വിദേശ ലാപ് ടോപ്പുകളാണ്. പണ്ട് പറഞ്ഞത് വിഴുങ്ങാൻ എത്ര സമയമെടുത്തു. ആകെ കൂടി ഉണ്ടായ നേട്ടം സൈബർ രംഗത്ത് കേരളത്തെ പിന്നിലാക്കാനായി.
 
ട്രാക്ടർ വന്നപ്പോൾ കൃഷിയിടങ്ങളിൽ യന്ത്രവത്ക്കരണത്തിന്നെതിരെയായിരുന്നു സമരം. ട്രാക്ടർ ഇറക്കാൻ സമ്മതിച്ചപ്പോൾ കൊയ്ത്ത് മെതി യന്ത്രത്തിനെതിരെയായി. ഒടുവിൽ അതിനും അനുമതി വന്നപ്പോഴേക്കും കർഷകരിൽ നല്ലപങ്കും  കൃഷി ഉപേക്ഷിച്ചു തരിശിട്ടു. ഇപ്പോൾ തരിശ് കൃഷി ചെയ്യിക്കാൻ കർഷകർക്ക് പിന്നാലെയാണ് !
യന്ത്രങ്ങൾ പണി ചെയ്താൽ പണി നോക്കി നിൽക്കുന്നവർക്ക്  കൂലി എന്നത് കേരളത്തിന്റെ മാത്രം തൊഴിൽ സമ്പ്രദായമായിരുന്നുവല്ലോ. ഇതിന്റെയും ക്രെഡിറ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനക്കു മാത്രം അവകാശപ്പെട്ടതാണ് താനും. ഇപ്പോൾ അത് നിർത്തിക്കോളാൻ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി. ഇതൊക്കെ തെറ്റാണെന്ന് മുമ്പ് പറഞ്ഞവരെ തെറിയഭിഷേകം നടത്തിയവരുടെ ന്യായീകരണം എന്താണാവോ?
 
സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെയുമുണ്ടായല്ലോ സമരക്കൂത്ത്. എന്നിട്ടോ? അതും നമ്മൾ തന്നെ അങ്ങ് നടപ്പാക്കി?
 
ഇനി ന്യായീകരണ തൊഴിലാളികളുടെ രംഗപ്രവേശത്തിന് നമ്പർ വൺ കേരളം ചെവിയോർക്കുകയാണ്. യുക്രെെയിനിൽ യുദ്ധമായത് കൊണ്ട് രക്ഷപ്പെട്ടത് ഒരു കണക്കിന് സി.പി.എം. ആണ്. അല്ലെങ്കിൽ ഈ മലക്കംമറിച്ചിലുകൾക്ക് ന്യായം നിരത്താൻ ചാനൽ ചർച്ചകളിൽ പാർട്ടി വക്താക്കൾ കഷ്ടപ്പെട്ടേനെ.
 
 
 
 
 
 
 
ReplyForward
 
 
 
 

Tags: