കെ.സുധാകരന്‍ അമരത്തേക്കെത്തുമ്പോള്‍

Glint Desk
Wed, 20-01-2021 02:53:45 PM ;

ഏറെ നാളായി കെ.സുധാകരന്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം. മറ്റ് നേതാക്കള്‍ പലരും പാര്‍ലമെന്ററി മോഹത്താല്‍ പരക്കംപായുമ്പോഴും കെ.സുധാകരന് പാര്‍ട്ടി നേതൃപദവിയോടായിരുന്നു താല്‍പര്യം. അത് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മനസ്സില്ലാമനസ്സോടെയാണ് സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചത്. പാര്‍ട്ടി അധ്യക്ഷ പദവി ലഭിച്ചാല്‍ എം.പി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് വരെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ കെ. സുധാകരനെ തേടി കെ.പി.സി.സി അധ്യക്ഷപദം എത്തുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

നിലവിലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്‍കാന്‍ ആലോചന നടക്കുന്നത്. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതാണ് വിവരം. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി. അധ്യക്ഷപദം പാര്‍ട്ടി ഏല്‍പിച്ചാല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

 

Tags: