എന്തിനും മുതിരുന്ന മലയാളികള്‍; 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് 26 കാരനായ ഭര്‍ത്താവ് കൊന്നു

Glint Desk
Sat, 26-12-2020 02:58:09 PM ;

കേരളത്തില്‍ കുറ്റവാസന അതിഗുരുതരാവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുറമെ ഉറ്റവരെ തന്നെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലാണ് മലയാളികളില്‍ പലരും. അതും അതിക്രൂരമായിട്ടാണ് അടുപ്പാക്കാരെ വകവരുത്തുന്നത്. സ്വന്തം ഭാര്യയെ പല ശ്രമത്തിലൂടെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്നതുവരെ നാം കണ്ടു. ദാ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത കാരക്കോണം ത്രേസ്യാപുരത്ത് മരിച്ച 51-കാരിയുടെ മരണം കൊലപാതകമാണ് എന്നാണ്. 

മരിച്ച ശാഖയും ഭര്‍ത്താവ് അരുണും(26) തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് വെളിപ്പെടുത്തല്‍. ശാഖയെ നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്സായ രേഷ്മ പറഞ്ഞു. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. വിവാഹ ഫോട്ടോ പുറത്തായതിനെ തുടര്‍ന്ന് ശാഖയുമായി അരുണ്‍ വഴക്കിട്ടിരുന്നു. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും രേഷ്മ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്സാണ് രേഷ്മ. 

ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതായും സമീപവാസികള്‍ പറഞ്ഞു. മൂക്ക് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ശാഖയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പഞ്ചായത്ത് അംഗമായ വിജി പറഞ്ഞു. 

 

Tags: