കെ.പി.സി.സി അധ്യക്ഷ സ്ഥാനമൊഴിയുന്നതായി വി.എം സുധീരന്‍

Fri, 10-03-2017 07:15:21 PM ;

കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന്‍ രാജിവെക്കുന്നതായി വി.എം സുധീരന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ തീരുമാനം അറിയിച്ചത്. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ഇന്ന്‍ തന്നെ അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഈയിടെ കോഴിക്കോട് ഒരു പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെ വീണ 69-കാരനായ സുധീരനോട്‌ വിശ്രമം എടുക്കാന്‍ വൈദ്യനിര്‍ദ്ദേശമുണ്ട്. എന്നാല്‍, ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍ ഇത് മാത്രമാണോ എന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയുണ്ട്.

 

തീരുമാനം വേദനാജനകമായിരുന്നെന്ന് വിശേഷിപ്പിച്ച സുധീരന്‍ പാര്‍ട്ടിയുടെ വിശാല താല്‍പ്പര്യങ്ങള്‍ മനസ്സില്‍ വെച്ചാണ്‌ ഇതെടുത്തതെന്ന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ‘ജനവിരുദ്ധ’ നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടിയ്ക്ക് നവജീവന്‍ നല്‍കുവാനും കഴിവിന്റെ പരമാവധി ശ്രമിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2014 ഫെബ്രുവരിയിലാണ് സുധീരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത്.    

Tags: