ആരാധനാലയങ്ങളിലെ ആയുധ പരിശീലനം നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമ നിർമാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മംഗലാപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിൽ നിയമപരമായി എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിക്ക് തിരിച്ചടിക്കുകയും കൊലയ്ക്ക് തിരിച്ച് കൊല്ലുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. കേരളത്തിൽ ഒരു കൊലപാതകവും സംഭവിക്കാൻ പാടില്ലെന്നും കൊലപാതകത്തിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ അവരുടെ പ്രവർത്തകരെ തടയുകയും ബോധവൽക്കരണം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപ്രക്രിയ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്ത്രീസുരക്ഷയെ കുറിച്ച് ചോദ്യത്തോര വേള റദ്ദ് ചെയ്ത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും പ്രതിപക്ഷം ആരോപിച്ചു.