മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേര്‍ക്കും മൂന്ന്‍ എം.എല്‍.എമാര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ പദവികളില്‍ ബന്ധുക്കളെ നിയമച്ചതായുള്ള ആരോപണത്തില്‍ ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം. ഇതിന് പുറമെ എം.എല്‍.എമാരായ എം.പി വിന്‍സെന്റ, ആര്‍.സെല്‍വരാജ് എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം.
കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) നേതാവായ എ.എച്ച് ഹഫീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. എല്‍.ഡിഎഫ് മന്ത്രിസഭാംഗമായിരുന്ന ഇ.പി ജയരാജനെതിരെ ബന്ധുനിയമനമാരോപിച്ച് പരാതി ഉയർന്ന സമയത്താണ് യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് പരാതിയുമായി ഹഫീസ് വിജിലൻസ് ഡയറക്ടറെയും തുടർന്ന് കോടതിയെയും സമീപിച്ചത്.
അതേസമയം, സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ മുന്‍പാകെ ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച ഹാജരായി. കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാൻ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25-ന് ഉമ്മൻചാണ്ടിയില്‍ നിന്ന്‍ തിരുവനന്തപുരത്ത് എത്തി കമീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു.