Skip to main content

നാലായിരം കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെ കോടതി വിധി. ബെംഗളൂരു വ്യവസായി എം.കെ. കുരുവിളയില്‍ നിന്ന് 1,00,35,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍. ചെന്നകേശവയുടെ വിധി. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

 

എതിർ കക്ഷികളായ ആറു പേരും ചേർന്ന് 1.60 കോടി രൂപയും (1,60,85,700) കേസ് പരിഗണിച്ച കാലം മുതലുള്ള 12% പലിശയും കോടതിച്ചെലവും ആറു മാസത്തിനകം മടക്കി നൽകണമെന്നാണ് വിധി. ലഭിക്കാത്ത പക്ഷം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി പരാതിക്കാരന് മുന്നോട്ടുപോകാം. കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ ആദ്യവിധിയാണ് ബെംഗളൂരു കോടതിയുടേത്.

 

കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൽറ്റൻസിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. സ്കോസ മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിൽജിത് എന്നിവരും രണ്ട് സ്ഥാപനങ്ങളുമാണ് മറ്റ് എതിർ കക്ഷികൾ. ഇവർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഏകപക്ഷീയമായി (എക്സ്പാർട്ടി) വിധിയാകുകയായിരുന്നു

 

സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി, കാക്കനാട് പടമുകൾ ഹെവൻലി പ്ലാസയിൽ പ്രവർത്തിക്കുന്ന സ്കോസയുടെ ഡയറക്ടറെന്നു പരിചയപ്പെടുത്തി ബിനു നായർ 2011ൽ തന്നെ സമീപിച്ചതായി എം.കെ.കുരുവിള, സോളർ അഴിമതി കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുൻപാകെ 2015 ജൂലൈയിൽ മൊഴി നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കാൻ ആകെത്തുകയുടെ നാലിലൊന്നായ 1000 കോടി രൂപ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടെന്നായിരുന്നു കുരുവിളയുടെ ആരോപണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ലഭ്യമാക്കുന്നതിനും വിദേശ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുമായാണ് തുക ആവശ്യപ്പെട്ടത്. ഇതിനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി. 2011 ജൂലൈ രണ്ടിന് ഡൽഹി കേരളാ ഹൗസിൽ ഉമ്മൻ ചാണ്ടിയെ ആൻഡ്രൂസ് പരിചയപ്പെടുത്തിയതായും കുരുവിള ആരോപിച്ചിരുന്നു. ബിനു നായർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്നു പരിചയപ്പെടുത്തിയ ആൻഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ദിൽജിത്തും ചേർന്നാണ് സ്കോസയുടെ പേരിലുള്ള പല ചെക്കുകളിലായി 2012 മാർച്ചിൽ പണം കൈപ്പറ്റിയതെന്നും പരാതിയിൽ പറയുന്നു.

 

2015 ഫെബ്രുവരി രണ്ടിന് വക്കീൽ നോട്ടിസ് അയച്ചെങ്കിലും ഉമ്മൻ ചാണ്ടി ഒഴികെ മറ്റാരും കൈപ്പറ്റിയില്ല. സമൻസ് പത്രപരസ്യമായി നൽകിയതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ മാത്രമാണ് കോടതിയിൽ ഹാജരായത്. എന്നാൽ തടസ്സവാദം എഴുതി സമർപ്പിക്കാൻ തയാറായില്ലെന്നും അതിനാലാണ് ഏകപക്ഷീയമായി വിധിക്കുന്നതെന്നും വിധിന്യായത്തിൽ പറയുന്നു.

Tags