Skip to main content

തലശ്ശേരിക്കടുത്ത് പിണറായിയില്‍ ബുധനാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച ഇവിടെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലാണ് രണ്ട് കൊലപാതകവും. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

 

ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന് (29) നേരയാണ് ബുധനാഴ്ച രാവിലെ പിണറായിയില്‍ ഒരു പെട്രോള്‍ പമ്പിനു സമീപം വെച്ച് ആക്രമണമുണ്ടായത്. കഴുത്തില്‍ വെട്ടേറ്റ രമിത് തലശ്ശേരിയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകരാണ് സംഭവത്തിന്‌ പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. രമിത്തിന്റെ അച്ഛന്‍ ഉത്തമനും 2002-ല്‍ കൊല ചെയ്യപ്പെട്ടതാണ്.

 

തിങ്കളാഴ്ച സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ. മോഹനന്‍ (40) വെട്ടേറ്റ് മരിച്ചിരുന്നു. ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ വെച്ചാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്.  ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് കൃത്യം ചെയ്തതെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍, പോലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.