Skip to main content

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. ഞായറാഴ്ച പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം കെ. എം മാണി തുടര്‍ന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും മാണി പറഞ്ഞു.

 

കൊടുത്ത സ്നേഹവും വിശ്വാസവും യു.ഡി.എഫില്‍ നിന്ന്‍ തിരിച്ചുകിട്ടിയില്ലെന്നും ഒപ്പം നിന്നവര്‍ ചതിക്കുകയാണെന്ന് കണ്ടപ്പോഴാണ് മുന്നണി വിട്ടതെന്നും മാണി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയതയേയും അക്രമരാഷ്ട്രീയത്തെയും എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ മാണി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എടുത്തുപറഞ്ഞു.

 

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാണി രാജിവെച്ചപ്പോള്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്നാണ് പ്രതിച്ഛായ ആരോപിക്കുന്നത്. മാണിയ്ക്കൊപ്പം രാജി വെക്കരുതെന്ന്‍ ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ഒരു മന്ത്രി പാര്‍ട്ടി പ്രവര്‍ത്തക സമിതി ചെയര്‍മാനായ പി.ജെ ജോസഫിനെ സമീപിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പിളര്‍പ്പ് ഇതിന്റെ തുടര്‍ച്ചയാണെന്നും പത്രം ആരോപിക്കുന്നു.    

 

നേരത്തെ, ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌  ചെന്നിത്തല മാണിയ്ക്കെതിരെ പ്രവര്‍ത്തിച്ചതായി പ്രതിച്ഛായ ആരോപണമുന്നയിച്ചിരുന്നു.

Tags