Skip to main content
തിരുവനന്തപുരം

 

ശശി തരൂര്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതിനെ വിമര്‍ശിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ അടക്കമുള്ളവരാണ് തരൂരിന്റെ ട്വിറ്റര്‍ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. എന്നാല്‍, കോണ്‍ഗ്രസുകാരനെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും വിദൂരമായിപ്പോലും ഹിന്ദുത്വ അജണ്ടയെ പിന്തുണച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു.

 

കോണ്‍ഗ്രസ് ആണ് തരൂരിനെ എം.പി ആക്കിയതെന്ന് മറക്കരുതെന്നും പാര്‍ട്ടി നിലപാടിനെതിരെ സംസാരിക്കുന്നതില്‍ നിന്ന്‍ തരൂര്‍ വിട്ട് നില്‍ക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ കോഴിക്കോട് പറഞ്ഞു. മോദി പ്രശംസ തുടര്‍ന്നാല്‍ തരൂരിനെതിരെ അച്ചടക്ക നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയും സുധീരന്‍ നല്‍കി. കെ.പി.സി.സി ഉപാദ്ധ്യക്ഷന്‍ എം.എം ഹസനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം. ലിജുവും തരൂരിനെ പരസ്യമായി വിമര്‍ശിച്ചു.  

 

ഗാന്ധിജയന്തി ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ ഭാരതം പരിപാടിയ്ക്ക് പിന്തുണ നല്‍കാന്‍ പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ തരൂര്‍ അടക്കം ഒന്‍പത് പേരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു ബഹുമാനമായി കാണുന്നുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതാണ് ഇപ്പോഴുള്ള വിമര്‍ശനത്തിനു പിന്നില്‍.

 

നേരത്തേയും മോദിയോടുള്ള തരൂരിന്റെ നിലപാട് വിവാദം സൃഷ്ടിച്ചിരുന്നു. മോദി അധികാരമേറ്റതിന് പിന്നാലെ ഒരു വിദേശ പ്രസിദ്ധീകരണത്തില്‍ തരൂര്‍ എഴുതിയ ലേഖനത്തിലെ അഭിനന്ദനപരമായ പരാമര്‍ശങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച കേരള സര്‍ക്കാറിന്റെ പുതിയ മദ്യനയത്തെ വിമര്‍ശിച്ചും ഈയിടെ തരൂര്‍ ലേഖനം എഴുതിയിരുന്നു.

 

എന്നാല്‍, കഴിഞ്ഞ 30 വര്‍ഷമായുള്ള തന്റെ എഴുത്തും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഇന്ത്യയുടെ ബഹുസ്വരതയിലുള്ള തന്റെ വിശ്വാസത്തിന്റെ തെളിവാണെന്ന് തരൂര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിനതീതമായാണ് പ്രധാനമന്ത്രി പിന്തുണ തേടിയതെന്നും ആ അര്‍ത്ഥത്തിലായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന്റെ പ്രത്യേക പ്രസ്താവനയോ നടപടിയോ പിന്തുണക്കുന്നതിന് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട സ്വീകരിക്കുന്നു എന്നര്‍ത്ഥമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ഇത് ആദ്യമായല്ല തരൂരിന്റെ മോദി പ്രശംസയെന്ന്‍ നേരത്തെ എം.എം ഹസന്‍ വിമര്‍ശനത്തിന് ആധാരമായി ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ രാഷ്ട്രീയ ഗിമ്മിക്കുകളുടെ പിന്നിലെ യഥാര്‍ത്ഥ അജണ്ട തിരിച്ചറിയാന്‍ തരൂരിന് കഴിയില്ലെന്ന് കരുതാന്‍ ആകില്ലെന്നായിരുന്നു ലിജുവിന്റെ പരാമര്‍ശം.