ഗൂഡല്ലൂരില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ വെട്ടേറ്റ് മരിച്ചു

ഗൂഡല്ലൂര്‍
Sun, 22-06-2014 04:04:00 PM ;

 

ഗൂഡല്ലൂരിന് സമീപം ഒബേലിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെട്ടേറ്റ് മരിച്ചു. കര്‍ഷകനായ ജോയി (58), ഭാര്യ ഗിരിജ, ജോയിയുടെ അമ്മ അന്നമ്മ എന്നിവരാണ് മരിച്ചത്. ജോയിയുടെ മകള്‍ ജോയിഷ (22) യെ ഗുരുതരമായ പരിക്കോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോയിഷയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കുടുംബത്തെ സമീപിച്ച വയനാട് സ്വദേശി ലെനിനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ജോയിഷയുടെ വിവാഹാലോചന നടക്കുന്നതിനാല്‍ യുവാവിന്റെ ആവശ്യം കുടുംബം നിരസിച്ചിരുന്നു.
 

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഗൂഡല്ലൂരിലെ ഫാംഹൗസില്‍ കുടുംബത്തിനുനേരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെയാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്.  ജോയിയുടെ ഭാര്യയും അമ്മയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് ജോയി മരിച്ചത്. മീനങ്ങാടി സ്വദേശിയായ ലെനിനെ ഞായറാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ലെനിന്റെ കൂട്ടുകാരായ മൂന്നുപേര്‍ക്കായി പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

Tags: