ഗോപി കോട്ടമുറിയ്ക്കലിനെയും എം.ആര്‍ മുരളിയേയും സി.പി.ഐ.എമ്മില്‍ തിരിച്ചെടുത്തു

Mon, 09-06-2014 02:47:00 PM ;
ന്യൂഡല്‍ഹി

സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിയ്ക്കലിനേയും എം.ആര്‍ മുരളിയെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇവരെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. സമീപകാലത്ത് നമോവിചാര്‍ മഞ്ചില്‍ നിന്നും രാജിവച്ച് സി.പി.ഐ.എമ്മില്‍ എത്തിയവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി അനുമതി നല്‍കി.

 

സ്വഭാവദൂഷ്യം ആരോപിച്ചാണ് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ഗോപി കോട്ടമുറിയ്ക്കലിനെ പുറത്താക്കിയത്. ഒളിക്യാമറ വിവാദത്തിൽപ്പെട്ട ഗോപി കോട്ടമുറിക്കലിനെ ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തുകയായിരുന്നു. തുടർന്ന് പാർട്ടി നേതൃത്വത്തിലെ ചിലർക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഒരു സ്വകാര്യചാനലിന് അഭിമുഖം നൽകിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാല്‍ കഴിഞ്ഞ കുറേനാളായി ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 

പാർട്ടി അച്ചടക്കം ലംഘിക്കുകയും പരസ്യപ്രസ്താവനയിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന മുരളിയെ 2008 ജൂൺ 20-നാണ് സി.പി.എം ജില്ലാ നേതൃത്വം പുറത്താക്കിയത്. ജനകീയ വികസന സമിതി എന്ന സംഘടന രൂപീകരിച്ച് മുരളി ഷൊർണൂരിൽ സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. മുരളിയടക്കം പാര്‍ട്ടിവിട്ട 60 പേര്‍ക്ക് അംഗത്വം തിരിച്ചുനല്‍കാനുള്ള ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.

Tags: