പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് ജൂണ്‍ നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കുള്ള പരിസ്ഥിതി അനുമതിക്ക് കാലതാമസമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. ഊര്‍ജ, കല്‍ക്കരി മന്ത്രിമാരുമായി ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്‌തു. പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കു പോലും പരിസ്ഥിതി അനുമതി നിഷേധിക്കപ്പെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുകള്‍ വന്നപ്പോള്‍ വിഷയം പഠിക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗാഡ്ഗില്‍ കമ്മിറ്റി 2011 ഓഗസ്റ്റ് 31-നാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.