നിലവാരമില്ലാത്ത ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. ബാറുകള്‍ അടഞ്ഞു കിടക്കുന്നത് സമൂഹത്തിന് ഗുണകരമായെന്നും ഏപ്രില്‍ ഒന്നിനുശേഷം കുറ്റകൃത്യങ്ങളില്‍ വന്‍ കുറവുണ്ടായെന്നും സുധീരന്‍ പറഞ്ഞു. നിലവാരമില്ലാത്ത 418 ബാറുകൾ അടച്ചിട്ട ശേഷമുള്ള മാറ്റം ഉൾക്കൊള്ളാൻ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മദ്യ ഉപഭോഗം കുറയ്ക്കണമെന്നാണ് കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും നയം. മദ്യത്തിന്റെ ലഭ്യത എത്രമാത്രം കുറച്ചു കൊണ്ടുവരാന്‍ കഴിയുമോ ആ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ബാറുകൾ അടഞ്ഞു കിടന്ന കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറഞ്ഞു. മദ്യപിച്ച് വഴിയിൽ കിടക്കുന്നവരുടെയും എണ്ണം കുറഞ്ഞു. ബാറുകൾ അടഞ്ഞു കിടന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഈ ഒന്നര മാസം കൊണ്ട് മനസ്സിലായി. ഇത് കേരളത്തിന് ഗുണമാണ് ഉണ്ടാക്കിയത്. ഈ അനുഭവം കൂടി കണക്കിലെടുത്ത് വേണം ബാർ ലൈസൻസ് വിഷയം ചർച്ച ചെയ്യേണ്ടതെന്നും സുധീരൻ പറഞ്ഞു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുധീരന്റെ സമീപനം പ്രായോഗികമല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.